സഹകരിച്ചാൽ മാർക്ക് കൂട്ടിയിടാമെന്നു പറഞ്ഞു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച മെഡിക്കൽ കോളജ് അദ്ധ്യാപകൻ അറസ്റ്റിൽ: ഡോ. ഹബീബ് മുഹമ്മദിനെതിരേ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ്

വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

തൃശ്ശൂർ: മെഡിക്കൽ കോളജിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അസിസ്റ്റന്റ് പ്രൊഫസർ ഹബീബ് മുഹമ്മദിനെ പൊലീസ് അറസ്റ്റു ചെയ്തു. അദ്ധ്യാപകനെ കോളജിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഒളിവിലായിരുന്ന അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഓപ്പറേഷൻ തിയറ്ററിനുള്ളിൽ വച്ചാണ് ഹബീബ് മുഹമ്മദ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. 354, 354 എ വകുപ്പുകൾ പ്രകാരമാണ് കേസ്.

അതേസമയം അന്വേഷണം പൂർത്തിയായി തീരുമാനം അറിയുന്നത് വരെ അദ്ധ്യാപകനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധം പ്രകടനം നടത്തിയിരുന്നു. ഹബീബ് മുഹമ്മദിന്റെ കോലവും വിദ്യാർത്ഥികൾ കത്തിച്ചു. കോളജിൽ വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലും ഇയാൾക്കെതിരെ വകുപ്പുതല നടപടി വേണമെന്ന ആവശ്യമുയർന്നു.

ചൊവ്വാഴ്ച ശസ്ത്രക്രിയാ തിയേറ്ററിനുള്ളിൽവച്ച് ഡോക്ടർ വിദ്യാർത്ഥിനിയെ അപമാനിച്ചുവെന്നാണ് പരാതി. ഡോക്ടർ ഒളിവിലാണ്. സ്വഭാവദൂഷ്യത്തിന്റെ പേരിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് ശിക്ഷാനടപടിയുടെ ഭാഗമായി ഒരുവർഷം മുൻപാണ് ഡോക്ടർ തൃശ്ശൂരിലെത്തിയത്. കോഴിക്കോട്ടുവച്ച് സസ്‌പെൻഷനും നേരിട്ടിട്ടുണ്ട്. അപമാനിക്കപ്പെട്ട വിദ്യാർത്ഥിനിയെ ഡോക്ടർ ദിവസങ്ങളായി ശല്യംചെയ്തിരുന്നതായി മറ്റു വിദ്യാർത്ഥികൾ പറഞ്ഞു.

മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ സീനിയർ ഡോക്ടർ പി.ജി. വിദ്യാർത്ഥിനിയായ ജൂനിയർ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചതു സംഘർഷത്തിനിടയാക്കിയിരുന്നു. സഹകരിച്ചാൽ പരീക്ഷയിൽ മാർക്ക് കൂട്ടിയിടാമെന്നു പ്രലോഭിപ്പിച്ച് വിദ്യാർത്ഥിനിയുടെ ശരീരഭാഗങ്ങളിൽ തൊട്ടുരുമ്മിയതോടെ പെൺകുട്ടി ബഹളം കൂട്ടി. ഇതിനൊപ്പം മറ്റു വിദ്യാർത്ഥികളെ വിളിച്ചുവരുത്തിയതോടെ രക്ഷപ്പെടാൻ ശ്രമിച്ച സീനിയർ ഡോക്ടറെ ജൂനിയർ ഡോക്ടർമാർ തടഞ്ഞു. അദ്ധ്യാപകൻ കൂടിയായ സീനിയർ ഡോക്ടറെ വിദ്യാർത്ഥികൾ കൈകാര്യം ചെയ്യാനൊരുങ്ങിയെങ്കിലും മറ്റുള്ളവർ ഇടപെട്ടു രക്ഷിക്കുകയായിരുന്നു.