തിരുവനന്തപുരം: ഐപിഎസുകാർക്കിടയിലെ കുടിപ്പക മൂക്കുമ്പോഴായിരുന്നു പലപ്പോഴും പല വാർത്തകളും പുറംലോകം അറിയുന്നത്. ബാർകോഴ കേസിൽ സംസ്ഥാന സർക്കാറിനെ വെള്ളം കുടിപ്പിച്ച ഉദ്യോഗസ്ഥനും ഇപ്പോൾ പൊലീസ് കൺസ്ട്രക്ഷൻ എംഡിയായ ഡിജിപി ജേക്കബ് തോമസ് ഐപിഎസ് ആണ് ഇപ്പോൾ ഐപിസ് ഉദ്യോഗസ്ഥരുടെയും കണ്ണിൽ കരടായിരിക്കുന്നത്. വാർത്താ മാദ്ധ്യമങ്ങളിലൂടെ തന്റെ നിലപാടു കൊണ്ട് നിറഞ്ഞു നിന്ന ജേക്കബ് തോമസിനെ താറടിക്കാൻ വേണ്ടി ഇപ്പോൾ ഒട്ടേറെ കഥകളാണ് സജീവം.

വിദേശത്തേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയുടെ ബിനാമി എന്ന തുടങ്ങി എൻഡോസൾഫാൻ ദുരന്തം ഉണ്ടാക്കി ക്രൂരൻ എന്ന പോലും പറഞ്ഞാണ് അദ്ദേഹത്തെ അവഹേളിക്കാൻ ഐപിഎസുകാർ തന്നെ രംഗത്തെത്തിയത്. ജേക്കബ് തോമസിനെ ഒതുക്കാൻ വേണ്ടി തന്നെയാണ് നീക്കങ്ങൾ സജീവമായിരിക്കുന്നത്. സർക്കാറിനെ അനുകൂലിക്കുന്ന ഉദ്യോഗസ്ഥ വിഭാഗം തന്നെയാണ് ജേക്കബ് തോമസിന് വേണ്ടി സജീവമായി രംഗത്തെത്തിയിരിക്കുന്നത്.

അഖിലേന്ത്യാ സർവീസ് പെരുമാറ്റച്ചട്ടമുപയോഗിച്ച് ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്യാൻ പൊതുഭരണവകുപ്പ് നടപടി തുടങ്ങിയതിനു പിന്നാലെയാണ് ഗുരുതരമായ ആരോപണങ്ങൾ കെട്ടിച്ചമച്ച് ഉദ്യോഗസ്ഥർ രംഗത്തെത്തിയത്. ഐപിഎസ് അസോസിയേഷൻ യോഗത്തിലും അദ്ദേഹത്തിനെതിരെ ആരോപണ ശരങ്ങളുണ്ടായി. കാസർകോട് ജില്ലയിൽ തലമുറകൾ നീണ്ട എൻഡോസൾഫാൻ ദുരന്തമുണ്ടാക്കിയതിന് പ്രധാന കാരണക്കാരൻ ജേക്കബ് തോമസാണെന്നാണ് ഒരു ആരോപണം. കാസർകോട് മലയോരത്തെ കശുമാവ് തോട്ടങ്ങൾക്കു മേൽ ഹെലികോപ്ടർ വഴി ഏറ്റവുമധികം എൻഡോസൾഫാൻ തളിച്ചത് ജേക്കബ്‌തോമസ് പ്ലാന്റേഷൻ കോർപറേഷൻ എം.ഡിയായിരുന്ന 1991-92 കാലത്താണത്രേ.

വിദേശ രാജ്യങ്ങളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട്‌ചെയ്യുന്ന വൻ ഏജൻസിയുടെ ആളാണ് ജേക്കബ് തോമസെന്നാണ് മറ്റൊരു ആരോപണം. ബിനാമികളെ ഉപയോഗിച്ച് ജേക്കബ്‌തോമസ് റിക്രൂട്ട്‌മെന്റ് ഏജൻസി തന്നെ നടത്തുന്നുവെന്നാണ് മറ്റൊരു ആരോപണം. എല്ലാമാസവും 15ദിവസം അവധിയെടുത്ത് കുടകിലെ 250ഏക്കർ തോട്ടത്തിലേക്ക് ഭാര്യയുമൊത്ത് ജേക്കബ് തോമസ് പോകുന്നത് എന്തിനാണെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി ഉന്നത പൊലീസുദ്യോഗസ്ഥർ രംഗത്തെത്തി.

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ സേനയുടെ അന്തസു കളയുന്ന നിലയിൽ പോരടിക്കരുതെന്ന് ഐ.പി.എസ്. അസോസിയേഷൻ യോഗത്തിൽ അഭിപ്രായപ്പെട്ടു. ബാർ കോഴക്കേസിലെ കോടതി വിധിയെത്തുടർന്നു സ്ഥാനമൊഴിഞ്ഞ വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോളിനു യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇന്നലെ പൊലീസ് ആസ്ഥാനത്തു ചേർന്ന യോഗത്തിൽ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ പങ്കെടുത്തില്ല. ഡിജിപി: ജേക്കബ് തോമസിനെതിരേ പരസ്യനിലപാടു സ്വീകരിച്ചില്ലെങ്കിലും സേനയെ ഒറ്റുന്ന നിലപാടാണു ജേക്കബ് തോമസിന്റേതെന്നു ചിലർ അഭിപ്രായപ്പെട്ടു.

ജേക്കബ് തോമസ് യൂദാസാണെന്ന് ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടെങ്കിലും യോഗത്തിന്റെ മിനിറ്റ്‌സിൽനിന്നതു നീക്കി. അച്ചടക്കമുള്ള സർവീസാണ് ഐ.പി.എസ് ഉദ്യോഗസ്ഥരുടേതെന്നും പെരുമാറ്റച്ചട്ടത്തിൽ നിഷ്‌കർഷിക്കുന്നതനുസരിച്ചുമാത്രമേ പെരുമാറാൻ പാടുള്ളൂവെന്നും ജേക്കബ് തോമസിനെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം അസോസിയേഷൻ പാസാക്കി.

സർക്കാറിന് അനഭിമതനായ ഉദ്യോഗസ്ഥനെതിരെ ആരോപണങ്ങളുടെ പുകമറ തീർത്ത് ഒതുക്കുക എന്ന തന്ത്രമാണ് ഐപിഎസ് ഉദ്യോഗസ്ഥർ പയറ്റുന്നത്. അസേമയം ചീഫ് സെക്രട്ടറി അയച്ച വിശദീകരണ നോട്ടീസ് കൈപ്പറ്റാതെ ഡി.ജി.പി. ജേക്കബ് തോമസ് പൊലീസിനെ വട്ടംകറക്കുന്നെന്നു സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ രഹസ്യ റിപ്പോർട്ടും നൽകിയെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഫ്ളാറ്റ് മാഫിയയുമായി രഹസ്യചർച്ച നടത്തിയയെന്ന ആരോപണത്തിലാണ് ചീഫ് സെക്രട്ടറി നോട്ടീസയച്ചത്. നോട്ടീസ് കൈമാറാൻ ഡി.ജി.പി: ടി.പി. സെൻകുമാറിനെ ചുമതലപ്പെടുത്തി. എന്നാൽ, പത്തുദിവസമായി ജേക്കബ് തോമസ് ഒളിച്ചുകളിക്കുകയാണെന്നും നോട്ടീസുമായെത്തിയ ഡ്യൂട്ടി ഓഫീസറെ വിരട്ടിയെന്നും സെൻകുമാർ ചീഫ് സെക്രട്ടറിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. ജേക്കബ് തോമസിനുള്ള കാരണം കാണിക്കൽ നോട്ടീസ് കഴിഞ്ഞ പത്തൊമ്പതിനാണു സെൻകുമാറിനു കൈമാറിയത്.

പൊലീസ് ആസ്ഥാനത്തെ ഡ്യൂട്ടി ഓഫീസർ കാരണംകാണിക്കൽ നോട്ടീസുമായി ജേക്കബ് തോമസിന്റെ ഓഫീസിൽ പലവട്ടമെത്തിയെങ്കിലും കൈപ്പറ്റിയില്ല. അച്ചടക്ക ലംഘനത്തിന്റെ എല്ലാ സീമകളും ജേക്കബ് തോമസ് ലംഘിച്ചു. പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സി.എം.ഡിയാണ് ജേക്കബ് തോമസ്. അദ്ദേഹത്തിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റെ കൈയിൽ നോട്ടീസ് ഏൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. സീനിയർ ഡി.ജി.പി. എന്ന നിലയിൽ തികഞ്ഞ കൃത്യവിലോപമാണു ജേക്കബ് തോമസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊലീസ് തലപ്പത്തെ ചേരിപ്പോരിന് ആക്കംകൂട്ടുന്നതാണു റിപ്പോർട്ട്.