കൊച്ചി: പണി തന്നാൽ തിരിച്ചും തരും. അടിമപ്പണിയെടുപ്പിച്ച് പിന്നെ ഉല്ലസിച്ചോ എന്ന് പറഞ്ഞാൽ പോയി പണി നോക്ക് എന്നാണല്ലോ. കൊച്ചി സിറ്റിയിൽ നിയമപാലനത്തിനായി ''നെട്ടോട്ട''മോടുന്ന പാവം പൊലീസുകാരാണ് രഹസ്യമായി അമർഷം കടിച്ചമർത്തി ഇത് പറയുന്നത്.

പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തുടങ്ങിയ 'ഉൾപ്പാർട്ടി' പോര് ജില്ലയിലെ പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ തുടരുകയാണ്. വിജയിച്ചെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഭൂരിപക്ഷം നന്നേ കുറഞ്ഞ ഭരണാനുകൂല വിഭാഗം ജില്ലയിലെ പൊലീസുകാർക്ക് പണി കൊടുക്കാൻ തുടങ്ങിയതായാണ് റിപ്പോർട്ട്.

നിലവിലെ അസോസിയേഷൻ ഭാരവാഹി സ്ഥാനങ്ങളിലെക്കൊക്കെ വൻഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ സംസ്ഥാനത്തുടനീളം കോൺഗ്രസ്സ്-യുഡിഎഫ് അനുകൂലികൾ വിജയിച്ചത്. ഭരണത്തിന്റെ ആനുകൂല്യവും സൗകര്യങ്ങളും ഉപയോഗിച്ച് കഴിഞ്ഞ തവണ നേടിയ മിന്നുന്ന വിജയം പക്ഷേ ഇത്തവണ ജില്ലയിലോ സംസ്ഥാനത്തോ നിലനിർത്താൻ അവർക്ക് സാധിച്ചിട്ടില്ല.

ഭൂരിപക്ഷം ഇല്ലെങ്കിലും മിക്ക ജില്ലകളിലും മേൽക്കോയ്മ പക്ഷേ അവർക്ക് തന്നെയാണ്. ഈ ആനുകൂല്യം ഉപയോഗിച്ച് എതിർവിഭാഗത്തിനും തങ്ങൾക്ക് എതിരായി വോട്ട് ചെയതവർക്കും നല്ല പണി കൊടുക്കുകയാണ് യുഡിഎഫ് അനുകൂലികളെന്നാണ് ആക്ഷേപം. ഇതിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസിന് കീഴിലുള്ള എ ആർ ക്യാമ്പുകളിലെ പൊലീസുകാരാണ് ഇപ്പോൾ ഭരണക്കാരുടെ നോട്ടപ്പുള്ളികളായിരിക്കുന്നത്. ഇവരുടെ ജോലി ഭാരം അധികമാക്കിയും വിശ്രമ സമയം കുറച്ചുമാണ് ഇപ്പോൾ പ്രതികാര നടപടിയെന്നാണ് ആരോപണം.

ക്യാമ്പുകളിൽ നിന്ന് ജില്ലയിലെ സ്റ്റേഷനുകളിലേക്കും സിറ്റി കൺട്രോളിലേക്കും ഉൾപ്പെടെ തുടങ്ങിയ സുപ്രധാനമായ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത് ഇവരാണെന്നിരിക്കെയാണ് സേനാംഗങ്ങളുടെ ജോലി ഭാരം കൂട്ടി ഈ പൊലീസുകാരെ ബുദ്ധിമുട്ടിക്കുന്നത്. നിലവിൽ എട്ട് മണിക്കൂർ ജോലി എന്നത് മിക്കവാറും 12ഉം 13ഉം മണിക്കൂറുകളായാണ് കൂട്ടിയിരിക്കുന്നത്.

ഒരു ഉത്തരവിന്റേയും അടിസ്ഥാനത്തിലല്ല മറിച്ച്ജില്ലയിലെ ഒരു ഡിവൈഎസ്‌പിയുടേയും ഒരു സിഐയുടേയും നേതൃത്വത്തിൽ നടക്കുന്ന 'പണിതരൽ 'എന്ന് പൊലീസുകാർ പറയുന്നു. ഒരു ദിവസം ജോലി ചെയ്താൽ മിക്കവാറും ആറ് മണിക്കൂറെങ്കിലും ചുരുങ്ങിയത് വിശ്രമം ലഭിച്ചിരുന്നു എങ്കിൽ ഇപ്പോഴത് പേരിന് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. സമീപ ജില്ലകളിൽ നിന്ന് വന്ന് എറണാകുളത്ത് ജോലി നോക്കുന്ന പൊലീസുകാർ പലരും വീട്ടിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണെന്നും പറയപ്പെടുന്നു.

എന്തായാലും ഒരു പണി ഇങ്ങോട്ട് തന്നെങ്കിൽ മറ്റൊന്ന് തിരിച്ച് കൊടുക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം. ഇത്തവണ എ ആർ ക്യാമ്പിൽ സേനാംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ഓണാഘോഷം ബഹിഷ്‌കരിക്കാൻ ഇരകളായ പൊലീസുകാർ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ വർഷങ്ങളായി പൊലീസിൽ നടക്കുന്ന ഓണാഘോഷം ഇത്തവണ എ ആർ ക്യാമ്പിൽ ഉണ്ടാകില്ലെന്ന് ഉറപ്പായി.

അതേസമയം ജോലി ഭാരം കൂട്ടിയതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നാണ് കോൺഗ്രസ്സ് അനുകൂല ഭാരവാഹികളുടെ നിലപാട്. ഭരണത്തിന്റെ അവസാന കാലത്ത് പൊലീസിനെ സർക്കാരിനെതിരാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് അവരുടെ ആക്ഷേപം. എന്തായാലും അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികളെ വിവരം ധരിപ്പിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കുന്നത് വരെ അസോസിയേഷൻ പരിപാടികളിൽ പങ്കെടുക്കേണ്ടെന്നാണ് പ്രബല വിഭാഗത്തിന്റെ തീരുമാനം.