കൊച്ചി: സിറ്റി പൊലീസ് കമ്മീഷണർ എം പി ദിനേശിനെതിരെ പൊലീസിനുള്ളിൽ പടയൊരുക്കം ശക്തമാകുന്നു. പൊലീസ് അസോസിയേഷനും ഓഫീസർ റാങ്കിലുള്ള പൊലീസുകാരുടെ സംഘടനയായ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനുമാണ് കോട്ടയത്ത് നിന്ന് പുതുതായി കൊച്ചിയിലെത്തിയ കമ്മീഷണർക്കെതിരായി രംഗത്തെത്തിയിരിക്കുന്നത്.

അംഗബലം താരതമ്യേന കുറഞ്ഞ കൊച്ചി സിറ്റി പൊലീസിൽ വലിയ പരിഷ്‌കാരങ്ങൾ കൊണ്ട് വരാൻ ദിനേശ് ശ്രമിച്ചിരുന്നു. ഇതിനെതിരായാണ് നീക്കമെന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ ദിവസം നഗരത്തിൽ നടന്ന ഒരു പൊതു പരിപാടിയിൽ പൊലീസിലെ അസംതൃപ്തി നിഴലിച്ച് നിന്നു. വിരമിക്കുന്ന പൊലീസുകാർക്ക് പൊലീസ് അസോസിയേഷൻ ഏർപ്പെടുത്തിയ യാത്രയയപ്പ് സമ്മേളത്തിൽ വച്ച് സിറ്റി പൊലീസ് കമ്മീഷണറുടെ പേര് പറയാതെ തന്നെ വിമർശനമുയർന്നു. അസിസ്റ്ററ്റ് കമ്മീഷണർ തന്നെയാണ് അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനെതിരായി രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചത്.

സർവ്വീസിസിൽ നിന്ന് പിരിയും മുൻപ് ഹാർട്ട് അറ്റാക്ക് വാങ്ങി തന്ന് പണി തരുമെന്നായിരുന്നു ട്രാഫിക്കിന്റെ ചുമതയുള്ള എസിയുടെ വാക്കുകൾ. കീഴുദ്യോഗസ്സ്ഥൻ മരിക്കണമെന്ന് ആഗ്രഹിക്കുന്ന മേലുദ്യോഗസ്ഥൻ എവിടെ എങ്കിലും ഉണ്ടാകുമോ എന്ന് അസിസ്റ്റന്റ് കമ്മീഷണർ ചോദിച്ചു. മുപ്പത് വർഷക്കാലത്തെ സർവ്വീസിനിടയിൽ ഇത്ര നീചന്മാരായ ഉദ്യോഗസ്ഥർക്ക് കീഴിൽ താൻ ജോലി ചെയ്തിട്ടില്ല. ഇനിയുള്ള സർവ്വീസിനിടയിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ആരായിരിക്കുമെന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പൊതുവേദിയിൽ വച്ച് വെളിപ്പെടുത്തി.

കീഴുദ്യോഗസ്ഥൻ തെറ്റ് ചെയ്താൽ അച്ചടക്ക നടപടി എടുക്കുകയല്ലേ വേണ്ടത്. അയാൾ മരിച്ച് പോകണമെന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥനെ തന്റെ പൊലീസ് ജീവിതത്തിൽ കണ്ടിട്ടില്ലെന്നും എസി പറഞ്ഞു. ഇത് കേട്ട് നിൽക്കുന്ന സ്‌പെഷ്യൽ ബ്രാഞ്ചുകാർ ആരെങ്കിലും ഉണ്ടെങ്കിൽ ധൈര്യമായി മുകളിലേക്ക് റിപ്പോർട്ട് ചെയ്യാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിസിഡിഎ ചെയർമാൻ എൻ വേണുഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു പൊലീസുകാരുടെ വിഴുപ്പലക്കൽ.

സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റെടുത്ത ശേഷം കൊച്ചിയിലെ പൊലീസുകാരുമായി ശീത സമരത്തിലാണ്. അദ്ദേഹം പുതുതായി നടപ്പാക്കിയ പരിഷ്‌കാരങ്ങൾ ആണ് പൊലീസുകാരെ ചൊടിപ്പിക്കുന്നത്. ജോലി ഭാരം കൊണ്ട് പല പൊലീസുകാരും ഇപ്പോൾ വീട്ടിൽ പോലും പോകാറില്ലെന്നാണ് പറയപ്പെടുന്നത്. എണ്ണം കുറവായ ട്രാഫിക്കിലും മറ്റും പൊലീസുകാർ നട്ടം തിരിയുകയാണ്. ഗതികെട്ട പൊലീസുകാർ ഒളിഞ്ഞും തെളിഞ്ഞും ദിനേശിനെതിരെ നടത്തുന്ന ശീതസമരമാണ് എസിയുടെ വാക്കുകളിലൂടെ പുറത്ത് വന്നതെന്നാണ് പറയപ്പെടുന്നത്.

ഇതിന്ദിവസങ്ങൾക്ക് മുൻപ് ആലുവയിൽ ഡെപ്യുട്ടി കമ്മീഷണർ ഹരിശങ്കർ ഐപിഎസിനെതിരെ പൊലീസുകാർ ഊമക്കത്തയച്ചിരുന്നു. ഒരു റിട്ട. പൊലീസുകാരൻ എന്ന പേരിൽ എഴുതിയ തുറന്ന കത്തിലും സമാനമായ വിമർശനം തന്നെയാണുണ്ടായിരുന്നത്. ഇതിനെല്ലാം പിന്നിൽ പൊലീസിലെ തന്നെ ഒരു വിഭാഗമാണെന്ന വിലയിരുത്തലിലാണ് സിറ്റിയിലെ കമ്മീഷണർ അനുകൂലികൾ. ആലുവയിൽ ചേർന്ന പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലും സിറ്റി പൊലീസ് കമ്മീഷണർക്കും ആഭ്യന്തര വകുപ്പിനുമെതിരായി രൂക്ഷ വിമർശനമാണുയർന്നത്.

നിരവധി പരാതികൾ കൊടുത്തിട്ടും ആഭ്യന്തര മന്ത്രി യാതൊരു നടപടിയും ഇത് വരെ എടുക്കാൻ തയ്യാറായില്ലെന്നായിരുന്നു വിമറശനം.വരുന്ന പഞ്ചായത്ത് - നഗരസഭാ തിരഞ്ഞെടുപ്പുകളിൽ പൊലീസുകാരും അവരുടെ കുടുംബാംഗങ്ങളും ഇതിന് മറുപടി നൽകണമെന്ന ആവശ്യമാണ് സമ്മേളനത്തിൽ പ്രധാനമായും ഉയർന്ന് വന്നത്.ജില്ലയിലെ ഭൂരിഭാഗം പൊലീസുകാരും ദിനേശിനെ എതിർക്കുന്നവരുടെ പക്ഷത്താണെന്നാണ് രസകരമായ വസ്തുത. എന്തായാലും പ്രശ്‌നം പരസ്യമായ വിഴുപ്പലക്കലിൽ വരെ എത്തിയതോടെ ആഭ്യന്തരമന്ത്രി പ്രശ്‌നപരിഹാരത്തിനായി ഇടപെടുമെന്ന പ്രതീക്ഷയിലാണ് പൊലീസുകാർ.