തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ കാലത്ത് ഡിജിപിയെയും വെല്ലുന്ന സൂപ്പർ ഡിജിപിയായി വിലസി.. നേതാക്കൾ പറയും പോലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ മുൻകൈയെടുത്തു.. ഒടുവിൽ സർക്കാർ മാറിയപ്പോൾ ട്രാഫിക്കിലേക്ക് മാറ്റി പണി കൊടുത്തു. പറഞ്ഞു വരുന്നത് കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് മുടുചൂടാ മന്നനായി വിലസിയ പൊലീസ് അസോസിയേഷൻ നേതാവിനാണ് ഭരണം മാറിയപ്പോൾ പണി കിട്ടിയത്.

സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ അഞ്ചുകൊല്ലം കാക്കിയണിയാതെ തോളിൽ ബാഗും തൂക്കി കറങ്ങി നടന്ന പൊലീസ് അസോസിയേഷൻ നേതാവിനെ കൊണ്ടാണ് പുതിയ സർക്കാർജോലി എടുപ്പിക്കുമെന്ന തീരുമാനം കൈക്കൊണ്ടത്. ട്രാഫിക് പൊലീസിൽ സിവിൽ പൊലീസ് ഓഫീസറും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ ജി.ആർ. അജിത്തിനെ ഇടതു സർക്കാർ വന്നയുടൻ തന്നെ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. അജിത് കുമാറിനെ എംജി റോഡിൽ ഗതാഗത നിന്ത്രണത്തിനായി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ നേരിട്ട് നിയമിക്കുകയായിരുന്നു.

സഹപ്രവർത്തകരിൽ ചിലർ ഫോട്ടോ എടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ട് നേതാവിന്റെ പണിയെടുക്കൽ ആഘോഷിക്കുകയും ചെയ്തു. ഒരു കാലത്ത് ഡിജിപിയെയും വെല്ലുന്നു വിധത്തിൽ അധികാര കേന്ദ്രമായി പ്രവർത്തിച്ച നേതാവിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് സോഷ്യൽ മീഡിയയിലൂടെ ആഘോഷിക്കുന്നവരും നിരവധിയാണ്. നേതാക്കന്മാരുടെ മൂടുതാങ്ങികളായി നടന്നാൽ ഇങ്ങനെ തന്നെ സംഭവിക്കുമെന്ന് പറഞ്ഞാണ് ഫേസ്‌ബുക്കിൽ കമന്റുകളും പെരുകുന്നത്.

യുഡിഎഫ് ഭരണകാലത്ത് സേനയിലെ സൂപ്പർ പൊലീസായാണ് അജിത്ത് അറിയപ്പെട്ടിരുന്നത്. വെള്ളിയാഴ്ച പരേഡിൽ പങ്കെടുക്കാത്ത ഇയാളെ ആബ്സെന്റ് എഴുതിയതിന്റെ പേരിൽ തിരുവനന്തപുരം ഡിസിപി ആയിരുന്ന അജിതാ ബീഗത്തെ സ്ഥലം മാറ്റാൻ ഇയാൾ മുൻകൈ എടുത്തെന്ന ആരോപണവും ഉണ്ടായിരുന്നു. എസ് പി റാങ്കിലുള്ള പൊലീസുകാരെ കൈയേറ്റം ചെയ്യാൻ വരെ അജിത്കുമാർ മുതിർന്നിരുന്നു. അജിതിന്റെ നിയമനം ഒരു തുടക്കം മാത്രമാണെന്നാണ് ഇതുപക്ഷ അനുകൂല പൊലീസുകാർ പറയുന്നത്.

സോളാർ കേസിൽ തന്നിൽ നിന്നും അജിത് കുമാർ പണം വാങ്ങിയിരുന്നെന്നും സരിതാ നായർ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് സോളാർ കമ്മീഷൻ അജിത് കുമാറിൽ നിന്നും സോളാർ കമ്മീഷൻ മൊഴിയെടുത്തിരുന്നു. സരിതയിൽ നിന്നും 20 ലക്ഷൂ രൂപയാണ് ജ്ി ആർ അജിത്കുമാർ വാങ്ങിയതെന്നാണ് ആരോപണം.

2013 മാർച്ചിലാണ് അസോസിയേഷൻ ഭാരവാഹിയായ ജി.ആർ. അജിത്തിന് സെക്രട്ടേറിയേറ്റ് പരിസരത്ത് വച്ച് 20 ലക്ഷം രൂപ കൈമാറിയതായാണ് ഇന്നലെ സോളാർ കമ്മിഷനിൽ മൊഴി നൽകിയത്. കൂടാതെ എല്ലാ സ്റ്റേഷനുകളിലും സോളാർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മേളനത്തിൽ പ്രമേയം പാസാക്കാമെന്ന് പറഞ്ഞിരുന്നതായും സ്മരണികയിൽ പരസ്യം നൽകുമെന്ന് പറഞ്ഞതായും മൊഴിയിൽ പറയുന്നു. ഇതുപ്രകാരം പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് തെളിവുകൾ വ്യക്തമാക്കുന്നു.സമ്മേളനത്തിൽ അവതരിപ്പിച്ച 90 പ്രമേയങ്ങളിൽ 39-ാമത്തെ പ്രമേയമായാണ് സോളാർ സ്ഥാപിക്കണമെന്ന പ്രമേയം പാസാക്കിയത്.