പത്തനംതിട്ട: മുണ്ടക്കയത്തുനിന്ന് അടൂരിനു പോയ കെ.എ.പി മൂന്നാം ബറ്റാലിയനിലെ അസി. കമാൻഡന്റിന് കള്ളുമൂത്തപ്പോൾ വഴി തെറ്റി. പത്തനംതിട്ട നഗരത്തിലേക്ക് വന്ന വഴിയേ ഒന്നു കറങ്ങി ബൂമറാങ് പോലെ വീണ്ടും മുണ്ടക്കയത്തിനു വിട്ട ഏമാൻ മദ്യലഹരിയിൽ ഒന്നു മയങ്ങി. വഴിയോരത്തു നിന്ന വയോധികന്റെ മുതുകത്ത് ജീപ്പ് കയറ്റി. എന്നിട്ടും അരിശം തീരാഞ്ഞ് തൊട്ടടുത്തു നിന്ന മതിലും ഇടിച്ചു തകർത്തു. 

വിവരം അറിഞ്ഞെത്തിയ പൊലീസ് പരുക്കേറ്റ വയോധികനെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം അസി. കമാൻഡന്റിനെ സംഭവസ്ഥലത്തുനിന്നു മാറ്റാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് അപകടത്തിൽപ്പെട്ട വാഹനത്തിന്റെ താക്കോൽ നാട്ടുകാർ ഊരിമാറ്റി.

അടൂർ കെ.എ.പി മൂന്നുബറ്റാലിയൻ അസി. കമാൻഡന്റ് മുരളീധരനാണ് ഔദ്യോഗികവാഹനമായ ടാറ്റാ സുമോയുമായി അമിതവേഗതയിലെത്തി അപകടമുണ്ടാക്കിയത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ മേലേവെട്ടിപ്രം ജംഗ്ഷനു സമീപമായിരുന്നു സംഭവം. തൊട്ടടുത്തു തന്നെ മുറുക്കാൻ കട നടത്തുന്ന വല്യമഠത്തിൽ രാഘവനെ(65) സെന്റ് പീറ്റേഴ്‌സ് ഭാഗത്തുനിന്ന് അമിതവേഗതയിൽ വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉച്ചയൂണു കഴിഞ്ഞ ശേഷം വിശ്രമിക്കുന്നതിനായി റോഡിന് മറുവശത്തെ മരത്തണലിലേക്ക് നീങ്ങി നിൽക്കുകയായിരുന്നു രാഘവൻ. അമിതവേഗതയിൽ ജീപ്പ് വരുന്നതു കണ്ട് ഓടി മാറാൻ ശ്രമിച്ചെങ്കിലും അതിനു മുൻപ് വാഹനം ഇദ്ദേഹത്തെ ഇടിച്ചു വീഴ്‌ത്തിയിരുന്നു.

തുടർന്ന് തൊട്ടടുത്തുള്ള മതിലും കമ്പിവേലിയും ഇടിച്ചു തകർത്താണ് ജീപ്പ് നിന്നത്. അപകടത്തിന്റെ ആഘാതത്തിൽ ജീപ്പിൽ നിന്നിറങ്ങാൻ അസി. കമാൻഡന്റ് ബുദ്ധിമുട്ടി. സമീപത്ത് മീൻ പിടിച്ചു കൊണ്ടു നിൽക്കുകയായിരുന്ന നാട്ടുകാർ ഓടിക്കൂടി ഇദ്ദേഹത്തെ തടഞ്ഞുവച്ചു. പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസാകട്ടെ അസി. കമാൻഡന്റിനെ ജീപ്പിൽനിന്നു മാറ്റാനാണ് ശ്രമിച്ചത്. ഇതിൽ പ്രകോപിതരായ നാട്ടുകാർ അപകടത്തിൽപ്പെട്ട ജീപ്പിന്റെ താക്കോൽ ഊരി എടുത്തു.

എസ്.ഐ മനോജ്കുമാർ നാട്ടുകാരോട് ജീപ്പിന്റെ താക്കോൽ തിരികെ നൽകാൻ അഭ്യർത്ഥിച്ചെങ്കിലും ലഭിച്ചില്ല. ജീപ്പിടിച്ച് പരുക്കേറ്റ രാഘവനെ ആശുപത്രിയിൽ കൊണ്ടുപോകാതെ നിന്ന പൊലീസുകാരോട് നാട്ടുകാർ തട്ടിക്കയറി. തുടർന്ന് മനസില്ലാ മനസോടെയാണ് രാഘവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് തയാറായത്.

മുണ്ടക്കയത്ത് ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു അസി. കമാൻഡന്റ് എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഡിവൈ.എസ്‌പി എ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ അസി. കമാൻഡന്റിനെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി.