തിരുവനന്തപുരം: അറുപത്തിനാലാമത് ആൾ ഇന്ത്യ പൊലീസ് അത്‌ലറ്റിക് മീറ്റ് സെപ്റ്റംബർ ഏഴ് മുതൽ തിരുവനന്തപുരത്ത് നടക്കും. ഇത് നാലാം തവണയാണ് ആൾ ഇന്ത്യ പൊലീസ് മീറ്റിന് കേരള പൊലീസ് ആതിഥ്യം വഹിക്കുന്നത്. സെപ്റ്റംബർ ഏഴ്മുതൽ പതിനൊന്ന് വരെ തീയതികളിൽ നടക്കുന്ന മീറ്റിന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയമാണ് വേദി.

ഇപ്പോൾ കേരള പൊലീസ് പുതിയ കായികതാരങ്ങളെ റിക്രൂട്ട് ചെയ്തതിനുശേഷമുള്ള ആദ്യത്തെ ആൾ ഇന്ത്യ പൊലീസ് അത്‌ലറ്റിക് മീറ്റെന്ന സവിശേഷതയുണ്ടെന്ന് ഡി.ജി.പി ടി.പി.സെൻകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അരുണാചൽപ്രദേശ്, സിക്കിം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളും ആസാം റൈഫിൾസും ഒഴികെ ഇന്ത്യയിലുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് ടീമുകളും ബി.എസ്.എഫ്, സിആർപിഎഫ്, സിഐഎസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി തുടങ്ങിയ കേന്ദ്ര റിസർവ് സേനകളും ഇതിൽ പങ്കെടുക്കും.

പഞ്ചാബ്, ഹരിയാന, കേരള പൊലീസ് തുടങ്ങിയ ശക്തമായ സ്റ്റേറ്റ് ടീമുകളും ടീം ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏകദേശം ആയിരത്തി മൂന്നൂറ് കായികതാരങ്ങൾ പങ്കെടുക്കും. ഈ മത്സരങ്ങളിൽ നിന്നാണ് അഖിലേന്ത്യാ ഓപ്പൺ അത്‌ലറ്റിക് മീറ്റിലേക്കുള്ള ഇന്ത്യൻ പൊലീസ് ടീമിനെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വർഷം സിആർപിഎഫ് ആയിരുന്നു പുരുഷവനിതാ ചാമ്പ്യന്മാർ. സെപ്റ്റംബർ ഏഴിന് വൈകിട്ട് അഞ്ചിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തുടർന്ന് എൽ.എൻ.സി.പി.ഇലെ കായികതാരങ്ങളുടെ എയ്‌റോബിക് ഡിസ്‌പ്ലെ, സിആർപിഎഫ് അവതരിപ്പിക്കുന്ന കലാസാംസ്‌കാരികകായിക പ്രദർശനങ്ങൾ, വർണാഭമായ മാർച്ച് പാസ്റ്റ്, ബാന്റ് മേളം കൂടാതെ കരിമരുന്നു പ്രയോഗവും ഉണ്ടാകും. തുടർന്നുള്ള നാലു ദിവസങ്ങളിലായി വിവിധ കായിക മത്സരങ്ങളിൽ സ്ത്രീപുരുഷ വിഭാഗങ്ങളിലായി കായികതാരങ്ങൾ മാറ്റുരയ്ക്കും. സെപ്റ്റംബർ 11നാണ് സമാപന സമ്മേളനം.