കോട്ടയം: പെട്രോൾ പമ്പുടമകളുടെ സമരത്തെ തുടർന്ന് തുറന്ന് പ്രവർത്തിച്ച മണിപ്പുഴ സപ്ലൈക്കോ പമ്പിൽ സംഘർഷം. മദ്യപിച്ചെത്തിയ പൊലീസുകാരനും സുഹൃത്തുക്കളുമാണ് സംഘർത്തിന് വഴിയൊരുക്കിയത്. ഇന്ധനം നിറയ്ക്കാൻ പമ്പിൽ വൻ ക്യൂവായിരുന്നു. ഈ സമയമാണ് പൊലീസുകാരനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനവും പമ്പിലെത്തിയത്.

ഇവരുടെ വാഹനം മുൻപിൽ പാർക്ക് ചെയ്ത മരിയാത്തുരുത്ത് സ്വദേശി ബിയോണിന്റെ വാഹനത്തിൽ തട്ടി. ഇത് കണ്ട് പുറത്തിറങ്ങിയ ബിയോൺ കാര്യം തിരക്കിയപ്പോൾ പൊലീസുകാരനും സുഹൃത്തുക്കളും ഇയാളെ ഉന്തിമാറ്റി. ബിയോണിനെ പിടിക്കാനായി പുറത്തിറങ്ങിയ ബിയോണിന്റെ സഹോദരിയെയും മദ്യപസംഘം തള്ളിയതിനെ തുടർന്ന് അവർ നിലത്തു വീണെന്ന് ദൃക്സാക്ഷികൾ പറയുന്നു.

തുടർന്ന് സ്ഥലത്ത് വാക്കേറ്റം ശക്തമായെങ്കിലും പൊലീസ് സ്ഥലത്തെത്താൻ മടിക്കുകയായിരുന്നെന്ന് നഗരസഭ കൗൺസിലർ ഷീജ അനിൽ പറഞ്ഞു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലിസുകാരനാണ് മദ്യപിച്ച് സ്ഥലത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് ഷീജ അനിൽ വ്യക്തമാക്കി.

നൂറോളം പേരെ സാക്ഷിയാക്കിയാണ് ഇത്തരത്തിൽ മദ്യപിച്ചെത്തിയ പൊലിസും സംഘവും സ്ഥലത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. സംഭവം അറിയിച്ചിട്ടും ചിങ്ങവനം പൊലിസ് സ്ഥലത്തെത്താൻ വൈകിയതും ആരോപണങ്ങൾക്ക് ഇടയാക്കി. ഇതിനിടെ പൊലീസ് കേസ് ഒതുക്കി തീർക്കാനുള്ള ശ്രമവും നടത്തി.

പൊലീസുകാരൻ ഉൾപ്പെട്ട കേസായതിനാൽ ഒത്തു തീർപ്പിനുള്ള ശ്രമങ്ങളായിരുന്നു ചിങ്ങവനം പൊലിസിന്റെ ഭാഗത്തു നിന്നുണ്ടായത്. വിവരം അറിയിച്ചിട്ടും പൊലീസ് എത്താത്തതിനെ തുടർന്ന് കോട്ടയം എസ്‌പിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

ഇതിന് ശേഷം സംഭവം ഒതുക്കാനുള്ള നീക്കങ്ങളായിരുന്നു അരങ്ങേറിയത്. ആദ്യം കേസ് ഒത്തു തീർപ്പാക്കി ഇരുകൂട്ടരെയും പറഞ്ഞയച്ചുവെന്ന് ചങ്ങവനം എസ്.ഐ പറഞ്ഞെങ്കിലും എതിർ കക്ഷികൾ ഇത് നിരസിച്ചു. ഒരു ഒത്തുതീർപ്പിനും ഞങ്ങൾ തയാറായിട്ടില്ലെന്ന് ബിയോൺ പറഞ്ഞു.