- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടികിട്ടാപുള്ളി ബാറിൽ ഉണ്ടെന്ന് അറിഞ്ഞെത്തിയത് ഷാഡോ പൊലീസ്; അക്രമാസക്തനായ ഗുണ്ട കത്തി വീശിയത് ടൗണിലെ പിടികൂടൽ ശ്രമത്തിനിടെ; പിടിക്കാനെത്തിയ അഞ്ചു പൊലീസുകാരെ കുത്തിയിട്ടും രക്ഷപ്പെട്ടില്ല; പാരിപ്പള്ളി അനസ് അറസ്റ്റിൽ; നാലു പൊലീസുകാർ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കല്ലമ്പലത്ത് അഞ്ച് പൊലീസുകാർക്ക് കുത്തേറ്റു. കഞ്ചാവ് കേസ് പ്രതി അനസിനെ പിടികൂടുന്നതിനിടെയാണ് പൊലീസുകാർക്ക് കുത്തേറ്റത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെയാണ് അനസ് കുത്തിയത്. പൊലീസുകാരെ അക്രമിച്ച മുഹമ്മദ് അനസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചന്തു, ജയൻ, ശ്രീജിത്ത്, വിമോദ്, വിജിത് എന്നീ പൊലീസുകാർക്കാണ് പരിക്കേറ്റത്. നാല് പൊലീസുകാരുടെ നില ഗുരുതരമാണ്. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമവിവരം അറിഞ്ഞ് കൂടുതൽ പൊലീസുകാർ എത്തി അനസിനെ കീഴ് പ്പെടുത്തി അറസ്റ്റ് ചെയ്തു. ഇരുപതോളം കേസുകളിൽ പ്രതിയാണ് അനസെന്നും ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക സ്‌ക്വാഡിൽ ഉൾപ്പെട്ട പൊലീസുകാർക്കാണ് കുത്തേറ്റത്.
പാരിപ്പള്ളിയിൽവച്ചായിരുന്നു ആക്രമണം. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കല്ലമ്പലത്തെ ഒരു ബാറിൽ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസുകാർ ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്. പൊലീസെത്തിയതോടെ അക്രമാസക്തനായ പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു.
ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. രണ്ട് പേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ ശ്രീജിത്തിന്റെയും വിനോദിന്റെയും പരിക്കുകൾ അതീവ ഗുരുതരമാണ്. ശ്രീജിത്തിന്റെ നട്ടെലിനാണ് കുത്തേറ്റിട്ടുള്ളത്. ഇവരെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്രമം നടത്തിയ പ്രതി മുഹമ്മദ് അനസ് ജാനിനെ പൊലീസ് കീഴ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇത്തരം കുറ്റവാളികളെ പിടികൂടുന്നതിന് വേണ്ടി ഓരോ പൊലീസ് സ്റ്റേഷനിലും സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിൽ കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്ന സ്‌ക്വാഡിലെ അംഗങ്ങളായിരുന്നു കുത്തേറ്റ പൊലീസ് ഉദ്യോഗസ്ഥർ. ഇവർക്ക് കുത്തേറ്റ ശേഷം സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസുകാർ എത്തിയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ