കോതമംഗലം: കുട്ടമ്പുഴ സ്റ്റേഷൻ പരിധിയിയിൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു. പൊതു സ്ഥലത്ത് കൂട്ടം കൂടിനിന്ന് പുകവലിച്ചത് ചോദ്യം ചെയ്ത എഎസ്ഐയെ ഗുണ്ടകൾ അടിച്ചവശനാക്കി. കൂടെയുണ്ടായിരുന്ന പൊലീസുകാരനെയും വെറുതെ വിട്ടില്ല. തുടർന്ന് ഇരുവരും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കുട്ടമ്പുഴ കൂവപ്പാറ സ്വദേശികളായ ആറു പേരാണ് ഇവരെ മർദ്ദിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇവരുടെ പേരിൽ നിരവധി ക്രിമിനൽ കേസുകളുണ്ടെന്നു പൊലീസ് പറയുന്നു

ഒന്നും രണ്ടും പ്രതികളായ ബോണിയും നിഷാദും നിരവധി അടിപിടി കേസുകളിൽ പ്രതികളാണ്. നാലാം പ്രതി റജിക്ക് ആന വേട്ടയുൾപ്പടെ 20 ഓളം ഫോറസ്റ്റ് കേസുകളുമുണ്ട്. അഞ്ചാം പ്രതി അജിൽ വയനാട്ടിൽ നിന്നും കുഴൽപണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയാണ് ഇവരുടെ സുഹൃത്തുക്കളായ പ്രശാന്തും, ബേസിലുമാണ് മറ്റ് പ്രതികൾ. പ്രതികളെ പിടികൂടാനുള്ള ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും വനാതിർത്തി പങ്കിടുന്ന സ്റ്റേഷൻ പരിധിയിൽ നിന്നും ഇവരെ കണ്ടെത്തുക ശ്രമകരമായ ദൗത്യമാണെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ കുറേ നാളുകളായിട്ട് കോതമംഗലത്ത് ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ ഒരാഴ്ചയിൽതന്നെ നിരവധി അക്രമ സംഭവങ്ങളാണുണ്ടായത്. കുട്ടമ്പുഴ എഎസ്‌ഐയേയും പൊലീസുകാരനെയും ഇടിച്ച് നിലത്തിട്ടി ചവിട്ടികൂട്ടിയ അക്രമി സംഘം മൊബൈൽ ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മാമലക്കണ്ടത്ത് മാരകായുധങ്ങളുമായെത്തിയ ക്വട്ടേഷൻ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

കുട്ടമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ അക്രമികൾ അഴിഞ്ഞാടുന്നത് പൊലീസിന്റെ ദൗർബല്യം മുതലെടുത്താണെന്ന ആക്ഷേപവും വ്യാപകമാണ്. വാഹന സൗകര്യവും അംഗബലത്തിലുള്ള കുറവും പുറം ഡ്യൂട്ടിക്കായി പൊലീസ് പോകുന്നതുമെല്ലാം വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് ഗുണ്ടാസംഘങ്ങൾ 'പണി'ക്കിറങ്ങുതെന്നാണ് പുറത്തുള്ള അടക്കം പറച്ചിൽ. മേഖലയിലെ വഴികൾ ദുർഘടമായതും ഇവർക്ക് രക്ഷയാണ്.