തൊടുപുഴ: നടുറോഡിൽ യുവാവിനെ ഇടിച്ചുവീഴ്‌ത്തി ആശുപത്രിയിൽ എത്തിക്കാൻ പോലും നിൽക്കാതെ കടന്നുകളഞ്ഞ കാർ ഡ്രൈവറെ രക്ഷിക്കാൻ മഹസ്സറിൽ കൃത്രിമം കാട്ടി പൊലീസ്. റോഡിന്റെ ഇടതുവശത്തുകൂടെ വണ്ടിയോടിച്ചുപോയ യുവാവിനെ എതിരെ അമിതവേഗത്തിൽ വന്ന കാർ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. നാട്ടിലെതന്നെ വർക്ക് ഷോപ്പ് ഉടമയാണ് അപകടംവരുത്തിയ ശേഷം നിർത്താതെ കടന്നുകളഞ്ഞതെന്നും വ്യക്തമായി. എന്നാൽ ഈ വർക്ക് ഷോപ്പിലാണ് പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾ സർവീസ് ചെയ്യുന്നത് എന്നതിനാൽ പൊലീസ് വർക്ക് ഷോപ്പ് ഉടമയോട് സോഫ്റ്റ് കോർണർ കാണിക്കുന്നതായാണ് ആക്ഷേപം.

തൊടുപുഴ വണ്ണപ്പുറം മുള്ളൻകുത്തി പുളിക്കമാലിൽ വീട്ടിൽ അമൽ മാത്യു(24)വാണ് ദാരുണമായ അപകടത്തിന് ശേഷം അനങ്ങാൻപോലും ആകാതെ കിടപ്പിലായിട്ടും പൊലീസിന്റെ പീഡനംകൂടി നേരിടുന്നത്. ഇതോടെ സംഭവസ്ഥലത്തെക്കുറിച്ചുള്ള മഹസർ പരാമർശത്തിലെ ഗുരുതര പിഴവ് തനിക്ക് കിട്ടുമായിരുന്ന ആനുകൂല്യങ്ങൾ കൂടി നഷ്ടമാകാനും പ്രതി രക്ഷപ്പെടാനും കാരണമാകുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്. അപകടം വരുത്തിയ ശേഷം രക്ഷിക്കാൻപോലും മിനക്കെടാതെ സ്ഥലംവിട്ട ഡ്രൈവറെ രക്ഷിക്കാനാണ് പൊലീസിന്റെ ഒത്തുകളി.

കഴിഞ്ഞവർഷം ഡിസംബർ 27നാണ് അമൽമാത്യുവിനെ ശയ്യാവലംബിയാക്കിയ അപകടം ഉണ്ടാകുന്നത്. ഇതിന് ശേഷം മാസങ്ങളോളം ആശുപത്രിയിലായിരുന്നു അമൽ. ചലനശേഷി നഷ്ടപ്പെട്ട് വീട്ടിൽ കഴിയുകയാണ് ഈ യുവാവ് ഇ്‌പ്പോൾ. അഞ്ചുമീറ്റർ വീതിയുള്ള റോഡിൽവച്ചാണ് അപകടം ഉണ്ടായത്. ഇടതുവശത്തുകൂടി അരികിൽ നിന്ന് ഒരുമീറ്റർ മാത്രം ദൂരത്തിൽ പോയ അമലിനെ എതിരെ വന്ന കാർ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു.

എന്നാൽ മഹസ്സർ റിപ്പോർട്ടിൽ പൊലീസ് എഴുതി പിടിപ്പിച്ചിരിക്കുന്നത് അമൽ അരികിൽ നിന്ന് മൂന്നുമീറ്റർ മാറിയാണ് വണ്ടിയോടിച്ചത് എന്നാണ്. അതു പ്രകാരം എതിരെ വാഹനം വരേണ്ടവഴിയിൽ റോങ് സൈഡായി വണ്ടിയോടിച്ചു എന്ന നിലയിൽ കാര്യങ്ങളെത്തും. ഇതോടെ ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും യുവാവിന് കിട്ടില്ലെന്ന് മാത്രമല്ല, അപകടം വരുത്തിവച്ച് വാഹനം നിർത്താതെ പോയ കാർ ഡ്രൈവർ ചുളുവിൽ രക്ഷപ്പെടുകയും ചെയ്യും. ഇതിനുള്ള സാഹചര്യമൊരുക്കി തങ്ങളുടെ അടുപ്പക്കാരനായ വർക്ക്‌ഷോപ്പ് ഉടമയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് അമലും സുഹൃത്തുക്കളും പറയുന്നത്.

പൊലീസിന്റെ ഇത്തരം നീക്കത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെ അമലിന്റെ സുഹൃത്തുക്കൾ പൊലീസിന്റെ ഈയൊരു തട്ടിപ്പ് ചൂണ്ടിക്കാട്ടി ഫേസ്‌ബുക്ക് പോസ്റ്റും ഇട്ടു. എന്നാൽ ഇതിലും അമലിനെ കുറ്റപ്പെടുത്താനും ഭീഷണിപ്പെടുത്താനും പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. സുഹൃത്തുക്കൾ ഇത്തരമൊരു പോസ്റ്റ് ഇട്ടതിനാൽ തനിക്ക് ആനുകൂല്യം കിട്ടില്ലെന്നാണ് പൊലീസ് ഭീഷണി മുഴക്കിയിട്ടുള്ളത്. ഈ സംഭവങ്ങളെല്ലാം വിവരിച്ച് നീതി നിഷേധത്തിനെതിരെ യുവജന കമ്മീഷനിൽ പരാതി എത്തിച്ചെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല. ഇതോടെ വിഷയത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അമലും ബന്ധുക്കളും.

ഒരുമീറ്റർ മാത്രം ദൂരമേ അരികിൽ നിന്നും അപകടം നടന്ന ഭാഗത്തേയ്ക്കുള്ളു എന്ന് പൊലീസ് ആദ്യം തയ്യാറാക്കിയ ആദ്യ മഹസർ റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ട് തന്നെ ടൈപ്പ് ചെയ്താണ് കോടതിക്ക് കൈമാറിയതെന്നും ഇപ്പോൾ സംഭവിച്ചിട്ടുള്ളത് ക്ലറിക്കൽ മിസ്‌റ്റേക്ക് മാത്രമാണെന്നുമാണ് ഇപ്പോൾ സംഭവം വിവാദമായതോടെ പൊലീസിന്റെ വാദം. എന്നാൽ ഇത്തരത്തിൽ പൊലീസിന് പറ്റിയ പിഴവ് ഈ യുവാവിനെ പ്രതിയാക്കുന്ന തരത്തിലായി മാറുകയാണ്.

പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ബൈക്ക് റോംഗ്‌സൈഡ് കയറിയതായി വരുത്തി തീർത്ത് ഇൻഷ്വറൻസ് കമ്പനിക്ക് ആനുകൂല്യങ്ങൾ നൽകാതെ ഒഴിഞ്ഞുമാറാനാവുമെന്നും ഇത് തന്റെ ജീവിതത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് അമൽ വ്യക്തമാക്കുന്നത്. പിതാവ് നഷ്ടപ്പെട്ട അമൽ മാതാവിന്റെ വീട്ടുകാരുടെ കാരുണ്യത്തിലാണ് ഇപ്പോൾ കഴിയുന്നത്. ചികത്സയ്ക്കായി ഇതുവരെ വൻതുക ചെലവായി. ചലന ശേഷി തിരിച്ചുകിട്ടുമെന്ന കാര്യത്തിൽ ഡോക്ടർമാർ ഇനിയും ഉറപ്പ് നൽകിയിട്ടില്ല. ഇനിയും ഓപ്പറേഷനുകളും തുടർ ചികത്സയും നടത്തേണ്ടതുണ്ട്. ഇൻഷ്വറൻസ് തുക ഇക്കാര്യത്തിൽ സഹായകമാവുമെന്നായിരുന്നു വീട്ടുകാരുടെ പ്രതീക്ഷ. എന്നാൽ പൊലീസിന്റെ കള്ളക്കളിയോടെ ആ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ് അമലും കുടുംബവും.

സുഹൃത്തുക്കളുടെ പോസ്റ്റിനെ ചൊല്ലി ഭീഷണി

ഇതിനിടെ അപടത്തിന് കാരണക്കാരനായ കാർ ഡ്രൈവറെക്കുറിച്ച് സുഹൃത്തുക്കൾ സാമൂഹിക മാധ്യമങ്ങളിൽ ഇട്ട പോസ്റ്റിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥൻ തന്നേ ഭീഷിണിപ്പെടുത്തിയെന്നും അമൽ വ്യക്തമാക്കി. സുഹൃത്തുക്കളോട് പരാതിക്കാരനുമായി സെറ്റിലാവാൻ പറയണമെന്നും ഇല്ലങ്കിൽ തന്റെ ആനൂകൂല്യങ്ങൾ നഷ്ടമാവാനിടയുണ്ടെന്നും സൂചിപ്പിച്ചാണ് കാളിയാർ സ്റ്റേഷനിലെ പൊലീസുകാരൻ ഇന്നലെ തന്നെ വിളിച്ചതെന്നും ഇത് തന്നേ വല്ലാതെ അസ്വസ്ഥനാക്കുന്നതായും അമൽ പറയുന്നു.

ഫേസ് ബുക്കിൽ വന്ന അപകടത്തെക്കുറിച്ചുള്ള പോസ്റ്റിൽ ഒരുതരത്തിലും താൻ ഇടപെട്ടിട്ടില്ലന്നും ഈ സാഹചര്യത്തിൽ ഇക്കാര്യത്തിൽ കിടപ്പിലായ തന്നേ വിളിച്ച് പൊലീസുകാരൻ ഇങ്ങിനെ പ്രതികരിച്ചതിൽ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് ഉയർന്ന ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്നും അമൽ ആവശ്യപ്പെടുന്നു. അമിത വേഗതയിലെത്തിയ കാർ ഇടിച്ചാണ് അമൽ ഓടിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടതെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്ത് കാളിയാർ പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.

ഇതുപ്രകാരം തങ്ങൾ സമീപത്തെ സി സി ടിവി കാമറ പരിശോധിച്ച് കെ എൽ -17 -എഫ് -5533 ഇൻഡിക്ക കാർ കണ്ടെത്തിയെന്നും ഉടമയായ വണ്ണപ്പുറം ഇരപ്പുകുളം കാട്ടിൽ ജോബി മൈക്കിളിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പരിക്ക് പറ്റിയ ആളെ ആശുപത്രിയിലെത്തിച്ചില്ല എന്ന കുറ്റം കൂടി ചേർത്ത് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.

ജോബി വർഷോപ്പ് നടത്തുന്നുണ്ടെന്നും പൊലീസുകാരിൽ ഏറെപ്പേരുടെ വാഹനവും ഇവിടെയാണ് അറ്റകുറ്റപ്പണികൾക്കായി കയറ്റുന്നതെന്നും പരക്കെ പ്രചാരണമുണ്ട്. ഇതിനാൽ ഇയാളോട് മമത പുലർത്തുന്നവരിൽ പൊലീസുകാരിൽ ചിലർ കേസിൽ അമലിനെതിരെ ബോധപൂർവ്വം നീക്കങ്ങൾ നടത്തുന്നതായിട്ടാണ് ആരോപണമുയർന്നിട്ടുള്ളത്. ഇക്കാര്യത്തിൽ ഇനിയും പൊലീസിന്റെ ഭാഗത്തുനിന്നും അമലിനെതിരെ നീക്കമുണ്ടായാൽ തെളിവുകൾ നിരത്തി കോടതിയെ സമീപിക്കുന്നതിനാണ് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും തീരുമാനം.