വാടാനപ്പള്ളി: നടുവിൽക്കര ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നത് തടഞ്ഞ സ്ത്രീകളടക്കമുള്ള സമരക്കാർക്ക് കേരള പൊലീസിന്റെ ക്രൂര മർദനം. സമരക്കാരായ 38 പേരേ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരെ കൊണ്ടുപോയ പൊലീസ് വാഹനം തടഞ്ഞ സ്ത്രീകൾ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. സമരപ്പന്തൽ പൊലീസ് പൊളിച്ചുമാറ്റി. പന്തലിലെ കസേരകളും മൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു മണിക്കൂറോളം സ്ഥലത്തു സംഘർഷവസ്ഥ നിലനിന്നു. പൊലീസ് മർദനത്തിൽ നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്. അഞ്ച് സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി. അറക്കവീട്ടിൽ റിംഷിയ, കൊടുവത്ത് പറമ്പിൽ ബേബി, താഹിറ, ജാസ്മിൻ, സുബി നസീർ എന്നിവരെയാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നടുവിൽക്കരയിലെ ജവാൻ കോളനിക്കടുത്താണു സ്വകാര്യ മൊബൈൽ ടവർ നിർമ്മിക്കുന്നതിനായുള്ള ശ്രമങ്ങൾ നടക്കുന്നത്. ജനവാസ മേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരേ നാൽപത് ദിവസത്തോളമായി നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ച് സമരത്തിലാണ്. പൊലീസിന്റെ സഹായത്തോടെ ടവർ സ്ഥാപിക്കാനെത്തിയവരെ നാട്ടുകാർ തടഞ്ഞതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്. രാവിലെ 10.45 നാണു ടവർ നിർമ്മാണത്തിനായി കമ്പനിയധികൃതർ സ്ഥലത്തെത്തിയത്. വാടാനപ്പള്ളി എസ്‌ഐ. എം.കെ രമേഷിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സഹായതിനുണ്ടായിരുന്നതായി സമരക്കാർ പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ സമരക്കാരെ ബലം പ്രയോഗിച്ച് കൊണ്ടു പോകാൻ ശ്രമിച്ചതോടെ സംഘർഷമായി. ആദ്യം പുരുഷന്മാരെ വലിച്ച് പൊലീസ് വാനിൽ കയറ്റി. കുതറി മാറാൻ ശ്രമിച്ചവരെ വാഹനത്തിൽ കയറ്റി മർദിച്ചു. സമരക്കാരെ മുട്ടുകാൽ കൊണ്ടും കൈമുട്ടുകൊണ്ടും മർദിച്ചെന്ന് സമരസമിതി അംഗങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

പുരുഷന്മാരെ പൊലീസ് കൊണ്ടുപോകുന്നത് കൈക്കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകൾ തടഞ്ഞു. പൊലീസ് വാഹനത്തിനു മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. പൊലീസ് ഇവരെ മാറ്റാൻ ശ്രമിച്ചതോടെ സ്ത്രീകളായ സമരക്കാർ കൈവശം കുപ്പിയിൽ കരുതിയ മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. മൂന്നു വനിതാ പൊലീസുകാർ മാത്രമാണ് കൂട്ടത്തിൽ ഉണ്ടായിരുന്നതെന്ന് സമരക്കാർ പറയുന്നു. വാഹനത്തിനു മുന്നിൽചാടി സ്ത്രീകൾ പ്രതിഷേധിച്ചതോടെ വാഹനം പിന്നോട്ടെടുത്ത് പോകാൻ ശ്രമിച്ചു. പിന്നിൽനിന്നു വാഹനം തടയാൻ ശ്രമിച്ചപ്പോൾ പൊലീസ് വരിയായിനിന്ന് പ്രതിരോധിച്ചു. ജുബുമോൻ, വിദ്യാധരൻ, മദനൻ, ബിനോജ്, ഷൈജു എന്നിവർക്കു പൊലീസ് വാഹനത്തിനുള്ളിൽ ക്രൂരമർദനമേറ്റെന്നു സമരക്കാർ പറയുന്നു. ഇവരെ കൊണ്ടുപോയ ശേഷം എത്തിയ ജെ.സി.ബിക്കു മുന്നിലും സ്ത്രീകൾ പ്രതിഷേധിച്ചു. ഇവരെ ബലം പ്രയോഗിച്ച് മാറ്റാൻ മൂന്നു പൊലീസുകാർക്ക് കഴിഞ്ഞില്ല. കൈമുട്ടുകൊണ്ട് പുരുഷ പൊലീസ് നെഞ്ചിൽ ഇടിച്ചതായി പരുക്കേറ്റ റിൻഷിയ പറഞ്ഞു. ഉച്ചക്ക് പന്ത്രണ്ടോടെ കൂടുതൽ വനിതാ പൊലീസുകാരെത്തി പ്രതിഷേധക്കാരെ നീക്കി. 16 സ്ത്രീകൾ അടക്കം 38 പേരെയാണ് എസ്‌ഐ: എം.കെ.രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. സമരക്കാരെ മാറ്റിയ ശേഷം ടവറിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു.

പ്രകടനം നടത്തിയതിനും ടവർ നിർമ്മാണം തടസപ്പെടുത്തിയതിനും നൂറോളം പേർക്കെതിരേ കേസെടുത്തു. അറസ്റ്റ് ചെയ്തവരെ വൈകീട് നാല് മണിയൊടെ വിട്ടയച്ചു. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രവർത്തകരും നാട്ടുകാരും വാടാനപ്പള്ളിയിൽ പ്രകടനം നടത്തി. സമരക്കാർക്കെതിരായ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരമായിരുന്നു