- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുഖ്യമന്ത്രി ചങ്ങലയിൽ നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്ന' പരാമർശം; ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കേസ്; പാലാരിവട്ടം പൊലീസ് കേസെടുത്തത് ഐപിസി 153 വകുപ്പ് പ്രകാരം; മുഖ്യമന്ത്രിയുടെ നിർദേശത്താലാണ് കേസെന്ന് കോൺഗ്രസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ വിനു വിൻസന്റിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു വ്യക്തിയെ നായയോട് ഉപമിക്കുന്നത് അധിക്ഷേപമാണ്, അതുകൊണ്ട് കേസെടുക്കണം എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്.
തൃക്കാക്കര മണ്ഡലത്തിൽ മുഖ്യമന്ത്രി ചങ്ങലയിൽനിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമർശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം. പരാമർശം വിവാദമായതോടെ താൻ മലബാറിലെ നാട്ടുഭാഷയിലാണ് സംസാരിച്ചതെന്നും ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ പിൻവലിക്കുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു. സർക്കാർ സംവിധാനങ്ങൾ തെരഞ്ഞെടുപ്പിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് താൻ പ്രതികരിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
അതിനിടെ സുധാകരന്റെ വാദങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് രംഗത്തെത്തി. അങ്ങനെയൊരു നാട്ടുഭാഷ സുധാകരന്റെ നാട്ടിലില്ലെന്ന് സ്വരാജ് പറഞ്ഞു. കെ സുധാകരന്റെ നാട്ടിലെ ഭാഷ ഇങ്ങനെയാണെന്ന് തോന്നുന്നില്ല. അതേത് നാടാണ്? ഇനി ഇങ്ങനെയാണ് ഭാഷയെങ്കിൽ സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഈ ഭാഷയിലാണോ വിശേഷിപ്പിക്കുക എന്നും അദ്ദേഹം ചോദിച്ചു.
സുധാകരന്റെ പ്രസ്താവനക്കെതിരെ സിപിഎം നേതൃത്വം യാതൊരു നടപടിക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വികസനം മുന്നിൽവച്ചാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നത്. അതിനിടെ ഇത്തരം സംസ്‌കാരശൂന്യമായ പ്രസ്താവനകൾക്ക് യാതൊരു വിലയും കൽപിക്കുന്നില്ല. സുധാകരന്റെ ജൽപനങ്ങളും ആക്രോശങ്ങളും തൃക്കാക്കരയിലെ ജനങ്ങൾക്ക് മുന്നിൽവെക്കുകയാണ്. അവർ അതിന് മറുപടി നൽകുമെന്നും സ്വരാജ് പറഞ്ഞു.
അതേസമയം സുധാകരനെതിരെ കേസെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദീഖ് ആരോപിച്ചു. കേസ് ജനങ്ങൾ വിലയിരുത്തും. എൽഡിഎഫ് സ്ഥാനാർത്ഥിയെക്കുറിച്ച് ഇടതുപക്ഷ അണികൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അത് മറികടക്കാനാണ് മുഖ്യമന്ത്രി നേരിട്ട് ബൂത്ത് തലത്തിൽ ഇടപെട്ടത്. എന്നിട്ടും പ്രശ്നങ്ങൾ തീരാത്തതിനാലാണ് ശ്രദ്ധതിരിക്കാൻ സിപിഎം ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും സിദ്ദീഖ് പറഞ്ഞു.
ജിഗ്‌നേശ് മേവാനിക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താൻ ശ്രമിക്കുന്ന മോദി സർക്കാറിന്റെ അതേ നിലപാട് തന്നെയാണ് പിണറായിയും സ്വീകരിക്കുന്നത്. കണ്ണൂരിൽനിന്ന് പാർട്ടി ഗുണ്ടകളെ ഇറക്കി യുഡിഎഫ് പ്രവർത്തകരെ ഭയപ്പെടുത്താനാണ് സിപിഎം ശ്രമം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരനാറി, നികൃഷ്ടജീവി, കുലംകുത്തി പരാമർശങ്ങൾ നടത്തിയത് പിണറായി വിജയനാണ്. അതിനെതിരെയൊന്നും കേസെടുത്തിട്ടില്ല. അന്നൊന്നും ഉണ്ടാകാത്തത് ഇന്ന് സംഭവിച്ചിരിക്കുന്നു. കേസെടുത്ത് ഭയപ്പെടുത്താമെന്നാണ് സിപിഎം വിചാരിക്കുന്നത്. ഇതിന് തൃക്കാക്കരയിലെ ജനങ്ങൾ മറുപടി നൽകുമെന്നും സിദ്ദീഖ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ