- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു തടിച്ചുകൂടി; കെ സുധാകരന്റെ സ്ഥാനാരോഹണചടങ്ങിന് എത്തിയവർക്കെതിരെ പൊലീസ് കേസ്; കേസെടുത്തത് കണ്ടാലറിയാവുന്ന നുറോളം പേർക്കെതിരെ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ സ്ഥാനമേറ്റെടുത്ത ചടങ്ങിനെത്തിയ കണ്ടാലറിയുന്ന നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തടിച്ചു കൂടിയതിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് എടുത്തത്.
കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ, വർക്കിങ് പ്രസിഡന്റുമാരായി ടി.സിദ്ധീഖ്, കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവരാണ് ഇന്ന് കെപിസിസി ഓഫീസായ ഇന്ദിരാഭവനിലെത്തി ചുമതലയേറ്റത്. ചടങ്ങിന് സാക്ഷ്യം വഹിക്കാനായി പ്രവർത്തകരും നേതാക്കളും ഉൾപ്പടെ വൻജനാവലിയാണ് ഇന്ദിരാഭവനിലെത്തിയത്. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ മുരളീധരൻ, കെ ബാബു, എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ എന്നിവരും എത്തിയിരുന്നു.
തിരുവനന്തപുരത്ത് ഗാന്ധിപ്രതിമയിലും രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയ ശേഷമാണ് കെ സുധാകരൻ കെ പി സി സി ഓഫീസിലെത്തി അദ്ധ്യക്ഷപദം ഏറ്റെടുത്തത്. സേവാദൾ പ്രവർത്തകർ സുധാകരനെ ഗാർഡ് ഓഫ് ഹോണർ നൽകി സ്വീകരിച്ചു.കോവിഡ് മാനദണ്ഡ പ്രകാരമായിരുന്നു ചടങ്ങെങ്കിലും പ്രവർത്തകരുടെ ആവേശം അടക്കാൻ നേതാക്കൾ പാടുപെട്ടു.
പ്രവർത്തകരുടെ തിക്കുംതിരക്കും ഒഴിവാക്കാനായി ചടങ്ങിന്റെ തത്സമയ സംപ്രേഷണം കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകർക്കായി പ്രത്യേകം സ്‌ക്രീൻ അടക്കം ഒരുക്കിയിരുന്നു.എങ്ങിലും പ്രവർത്തകരുടെ ആവേശത്തിൽ നിയന്ത്രണങ്ങൾ പാളുകയായിരുന്നു.സുധാകരൻ കെപിസിസി അധ്യക്ഷനാവുന്നത് നേരിൽ കാണാൻ കണ്ണൂരിൽ നിന്നടക്കം ഇന്ന് പ്രവർത്തകർ എത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ