കോട്ടയം: വിമുക്തഭടനും ഭാര്യയും താമസിക്കുന്ന കടുത്തുരുത്തിയിലെ വീട്ടിൽ കവർച്ച നടത്താൻ ശ്രമിച്ച മോഷ്ടാവിനെ കുരുക്കിയത് സ്റ്റേഷൻ പരിധി നോക്കാതെ എസ്‌ഐ നടത്തിയ സമയോചിതമായ ഇടപെടൽ. മുതിർന്ന ദമ്പതികൾ താമസിക്കുന്ന വീട്ടിൽ കവർച്ചയ്‌ക്കെത്തിയ ആളെ ഒന്നര കിലോമീറ്റർ പിന്നാലെ ഓടിയാണ് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ വി എം.ജയ്‌മോനും സംഘവും പിടികൂടിയത്.

വിമുക്തഭടനായ കീഴൂർ മേച്ചേരിൽ എം.എം. മാത്യുവിന്റെ (80) വീട്ടിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കീഴൂർ ചിറ്റേട്ട് പുത്തൻപുര ബോബിൻസ് ജോൺ (32) പിടിയിലായത്. വാതിൽ പൊളിക്കാനും പൂട്ടുതുറക്കാനും ഉപയോഗിക്കുന്ന സ്റ്റീൽ കൊണ്ടുള്ള ആയുധവും പൊലീസ് കണ്ടെടുത്തു.

വീട്ടിലെ മോഷണശ്രമം സി.സി.ടി.വി.യിലൂടെ പാലായിൽ താമസിക്കുന്ന മകൾ തന്റെ ഫോണിൽ കണ്ടതോടെയാണ് കള്ളന് കുരുക്കുവീണത്. കടുത്തുരുത്തിയിലെ വീടിന് അടുത്തുള്ള അയൽവാസിയോട് വിവരം പറഞ്ഞതോടെ പൊലീസിൽ അറിയിക്കുകയും ഉടൻ സ്ഥലത്തെത്തിയ പൊലീസ് മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടുകയുമായിരുന്നു.

കീഴൂർ മേച്ചേരിൽ മാത്യുവും ഭാര്യയും താമസിക്കുന്ന വീട്ടിൽ ബുധനാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. ഓൺലൈനിൽ ജോലിചെയ്യുന്ന മകൾ സോണിയ മാത്യു കിടക്കാൻ നേരം കീഴൂരിലെ വീട്ടിലെ സി.സി.ടി.വി. മൊബൈൽ ഫോണിലൂടെ നോക്കിയപ്പോഴാണ് മോഷ്ടാവിനെ കാണുന്നത്. രണ്ട് ക്യാമറ തുണികൊണ്ട് മൂടിയശേഷം മൂന്നാമത്തെ ക്യാമറ മൂടാൻ ശ്രമിക്കുമ്പോഴാണ് സംഭവം യുവതി കാണുന്നത്.

ഉടൻതന്നെ മകൾ അയൽവാസിയായ പ്രഭാത് കുമാറിനെ വിവരം അറിയിച്ചു. പ്രഭാത് തലയോലപ്പറമ്പ് എസ്‌ഐ. ജെയ്‌മോനെ വിളിച്ചു പറഞ്ഞു. തലയോലപ്പറമ്പ് സ്റ്റേഷനിലെ പൊലീസ് സംഘം പൊതി മേഴ്‌സി ആശുപത്രിക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെയാണ് എസ്‌ഐ ജയ്‌മോനു ഫോൺ വന്നത്.

കീഴൂരിൽ ഒരു വീട്ടിൽ കയറിയ മോഷ്ടാവ് കവർച്ചയ്ക്കു മുന്നോടിയായി സിസി ടിവി ക്യാമറകൾ തുണികൊണ്ടു മൂടുന്നു എന്നായിരുന്നു സന്ദേശം. വെള്ളൂർ സ്റ്റേഷൻ പരിധിയിലായിരുന്നു വീടെന്നതു കണക്കാക്കാതെ ജയ്‌മോനും സീനിയർ സിപിഒ രാജീവും സ്ഥലത്തേക്ക് പാഞ്ഞു. ഒപ്പം വെള്ളൂർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. വീടിന്റെ ഗേറ്റ് ചാടിക്കടന്ന് പിന്നിലെത്തിയ പൊലീസിനെ കണ്ട് മോഷ്ടാവ് രണ്ടാം നിലയിൽ നിന്നു മുറ്റത്തേക്ക് ചാടിയോടി. സ്ത്രീകളുടെ നൈറ്റിയാണ് ഇയാൾ ധരിച്ചിരുന്നത്.



അപ്പോഴേക്കും വെള്ളൂർ എസ്‌ഐ കെ.സജിയും സിപിഒ പി.എസ്.ബിബിനും സ്ഥലത്ത് എത്തി. റോഡിലൂടെയും റബർ തോട്ടത്തിലൂടെയും പാടത്തുകൂടിയും ഓടിയ മോഷ്ടാവിനെ പൊലീസ് സംഘം പിന്നാലെ ഓടി കുറ്റിക്കാട്ടിൽനിന്ന് പിടികൂടി വെള്ളൂർ പൊലീസിനു കൈമാറി.

വീട് കുത്തിത്തുറക്കാൻ കരുതിയ ആയുധവും, പ്രതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പിടിച്ചെടുത്തു. വെള്ളൂർ, തലയോലപ്പറമ്പ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരായ എസ്‌ഐ. കെ.സജി, സി.പി.ഒ.മാരായ പി.എസ്. വിപിൻ, രാജീവ്, ഹോം ഗാർഡ് ബിജുമോൻ, സജി എന്നിവരും പങ്കെടുത്തു. വൈക്കം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.