പെരുമ്പാവൂർ: കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് ഡ്രൈവർ രാംദാസിനെ മർദ്ദിച്ചതിന് നടി മിത്രാ കുരിയനും കൂടെയുണ്ടായിരുന്നവർക്കുമെതിരെ കേസെടുത്തതായി പെരുമ്പാവൂർ സബ് ഇൻസ്‌പെക്ടർ ഫൈസൽ മറുനാടൻ മലയാളിയോട് പറഞ്ഞു.കെഎസ്ആർടിസി കോംപൗണ്ടിൽ ്മറ്റ് സ്വകാര്യ വാഹനങ്ങൾ പ്രവേശിക്കാൻ പാടില്ലെന്നിരിക്കെയാണ് മിത്രാ കുരിയനും സംഘവും അതിക്രമിച്ച് കയറിയതിനും വാഹനം അകത്തേക്ക് കയറ്റിയതിനുമാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

ഐപിസി സെക്ഷൻ 447, 294.ബി എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.മൂന്ന് മാസം വരെ തടവും അഞ്ഞൂറ് രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പുകളാമ് ഇവ.ഇരു വിഭാഗത്തിനും പരാതിയുള്ളതിനാൽ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്‌ഐ പറഞ്ഞു.

  • നീ എവിടെ നോക്കിയാടാ വണ്ടിയോടിക്കുന്നത്; നിനക്ക് കണ്ണില്ലേടാ....; കായും പൂയും കൂട്ടി മുത്തിക്കും മൂന്നാം മുത്തിക്കും വരെ വിളിച്ച് നടി മിത്രാ കുര്യന്റെ പ്രകടനം; കലി മൂത്ത നടിയ്‌ക്കൊപ്പം ഹോണ്ടാ സിറ്റിയിലെത്തിയ യുവാക്കൾ ബസ് ഡ്രൈവറെ പിടിച്ചിറക്കി ഇഷ്ടിക കൊണ്ടും ഇടിച്ചു; ബിഗ് സ്‌ക്രീനിലെ മര്യാദക്കാരിയും സംഘവും പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ താണ്ഡവമാടിയതിങ്ങനെ

ഞായറാഴ്ച വൈകിട്ട് നടി മിത്രാ കൂര്യനും മൂന്നു പുരുഷന്മാരുമടങ്ങുന്ന സംഘം തങ്ങളെ അകാരണമായി കയ്യേറ്റം ചെയ്യുകയായിരുന്നെന്നാണ് കെ എസ് ആർ ടി സി ജീവനക്കാരുടെ പരാതി. പരിക്കേറ്റ തിരുവമ്പാടി ഡിപ്പോയിലെ കണ്ടക്ടർ ഏ രാമദാസൻ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്.നടി തന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് തള്ളിയെന്നും പുലഭ്യം പറഞ്ഞെന്നും കാണിച്ച് പെരുമ്പാവൂർ ഡിപ്പോയിലെ കൺട്രോളിങ് ഇൻസ്പെക്ടർ എ വിജയൻ ഞായറാഴ്ച തന്നെ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

അതേ സമയം തങ്ങളുടെ വാഹനത്തിൽ ഇടിച്ചശേഷം നിർത്താതെ പോവുകയായിരുന്നുവെന്ന് കാണിച്ച് മിത്രാ കുരിയനും സംഘവും പൊലീസിൽ പരാതി നൽകിയിരുന്നു. വാഹനം നിർത്താതെ പോയതിനെ ചോദ്യംചെയ്യുകയാണ് ചെയ്തതെന്നും അല്ലാതെ മറ്റ് ആരോപണങ്ങൾ എല്ലാം ശരിയല്ലെന്നും അവർ പറയുന്നു.

സംഭവത്തെക്കുറിച്ച് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഡ്രൈവർ രാമദാസൻ നൽകുന്ന വിവരം ഇങ്ങനെ..: വൈകിട്ട് 5.20 ആയിക്കാണും. ഞാൻ ഡീസൽ നിറയ്ക്കാൻ വണ്ടി പെരുമ്പാവൂർ സ്റ്റാന്റിലെ പമ്പിന്റെ ഭാഗത്തേക്ക് മാറ്റുകയായിരുന്നു. ഈ സമയം പിൻതുടർന്നെത്തിയ വെള്ള ഹോണ്ടാസിറ്റി വണ്ടിയുടെ മുന്നിൽ കയറ്റി നിർത്തി. കാറിൽ നിന്നിറങ്ങിയ രണ്ടുപുരുഷന്മാർ ഡോർ തുറന്ന് തെറിയഭിഷേകത്തോടെ എന്നെ സീറ്റിൽനിന്നും വലിച്ചു താഴേക്കിട്ടു. ഇഷ്ടികപോലെ തോന്നിക്കുന്ന എന്തോ സാധനം കൊണ്ട് ഇടിക്കുകയും ചെയ്തു.

ഇതിനിടയിൽ ബസ്സിലെ യാത്രക്കാരും കാഴ്ചക്കാരും പ്രശ്നത്തിലിടപെട്ടെങ്കിലും ഇവരെയും നടിയും കൂട്ടരും ശകാരംകൊണ്ടുമൂടി. ഒടുവിൽ പെരുമ്പാവൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോഴും നടിയും കൂട്ടരും ഉഗ്രൻ ഫോമിലായിരുന്നു. അവരോട് സ്റ്റേഷനിലേക്കെത്താൻ ആവശ്യപ്പെട്ട് പൊലീസ് തിരിച്ചുപോയി ശരീരമാസകലം വേദനയനുഭവപ്പെട്ടിരുന്നതിനാൽ ഞാൻ ആശുപത്രിയിലേക്ക് പോന്നു. പരിശോധിച്ച ഡോക്ടർ അഡ്‌മിറ്റുചെയ്യുകയും ചെയ്തു.

എന്നാൽ, താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും തനിക്കൊപ്പം അച്ഛനും ഉണ്ടായിരുന്നുവെന്നും നടി പറയുന്നു. റോഡിൽ വച്ച് തന്റെ കാറിൽ ഉരസിയ ബസ് നിർത്താതെ പോയെന്നും തന്റെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി മിത്രയും ഇന്നലെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ