കൊല്ലം: ടാർഗറ്റ് തികയ്ക്കാനുള്ള നെട്ടോട്ടത്തിൽ മുന്നിൽ കിട്ടുന്നത് അയോധ്യയിലെ ദശരഥ പുത്രൻ രാമനായാലും വേണ്ടില്ല, പെറ്റിയെഴുതും. കൊല്ലം ചടയമംഗലത്ത് പൊലീസിന്റെ പെറ്റി സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയർത്തുന്നത്.

വാഹനപരിശോധനക്കിടെയാണ് പിടിയിലായ കാർ യാത്രക്കാരൻ തെറ്റായ മേൽവിലാസം നൽകി പൊലീസിനെ പരിഹസിച്ചത്. വിഡിയോ പ്രചരിച്ചതോടെ കേട്ടപാടെ പെറ്റി എഴുതി നൽകിയ പൊലീസ് ഉദ്യോഗസ്ഥനും വെട്ടിലായിരിക്കുകയാണ്.


സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പൊലീസ് പിടിച്ചു. ഒഴിവുകഴിവ് പറഞ്ഞിട്ട് ഒരു രക്ഷയുമില്ല പെറ്റിയടിച്ചെ മതിയാകൂവെന്ന് പൊലീസ്. ഒടുവിൽ പൈസ കിട്ടിയപ്പോൾ പേരും വിലാസവും പറയാൻ ആവശ്യപ്പെട്ടു.

ആരായാൽ എന്താ പൈസ കിട്ടിയില്ലേ എന്ന് ചോദിക്കുന്ന ഡ്രൈവർ. പേര് എന്തായാലും കുഴപ്പമില്ല സർക്കാരിന് പൈസ കിട്ടിയാ മതിയെന്ന് പൊലീസുകാരന്റെ മറുപടിയും. ഒടുവിൽ പേരും വിലാസവും പറഞ്ഞതിങ്ങനെ. പേര് രാമൻ, അച്ഛൻ ദശരഥൻ, സ്ഥലം അയോധ്യ. കബളിപ്പിക്കാൻ പറഞ്ഞതാണെന്നറിഞ്ഞിട്ടും ഒരുമടിയും കൂടാതെ പിഴയുടെ രസീത് അതെ വിലാസത്തിൽ തന്നെ എഴുതിക്കൊടുത്തു.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വീഡിയോയിലെ രംഗം നടന്നത് ചടയമംഗലത്താണ്. സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ സഞ്ചരിച്ച മൂന്നംഗ സംഘത്തിന്റെ കയ്യിൽ നിന്നാണ് പൊലീസ് പിഴ ഈടാക്കിയത്.

സീറ്റ് ബൽറ്റ് ഇടാതെ യാത്ര ചെയ്തതിന് 500 രൂപയാണ് പെറ്റിയടിച്ചത്. കൊല്ലം ചടയമംഗലത്ത് കഴിഞ്ഞ പന്ത്രണ്ടിനാണ് വാഹനപരിശോധനയ്ക്കിടെ ഇതുണ്ടായത്. ചടയമംഗലം പൊലീസിന്റെ സീൽ പതിച്ച രസീത് ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അയോധ്യയിലെ രാമന് പെറ്റി നൽകിയെന്ന് പൊലീസും സമ്മതിക്കുന്നു.

നിയമലംഘനം ചോദ്യം ചെയ്തപ്പോൾ യുവാക്കൾ കയർത്തു. മേൽവിലാസ രേഖകൾ നൽകാൻ തയാറാകായില്ല. നിവൃത്തിയില്ലാതെ വന്നപ്പോഴാണ് യാത്രക്കാരനായ യുവാവ് പറഞ്ഞ മേൽവിലാസത്തിൽ പെറ്റി നൽകിയതെന്നാണ് പൊലീസ് വിശദീകരണം. പൊലീസിനെ തെറ്റായ മേൽവിലാസം നൽകി കബളിപ്പിച്ചെന്ന് മാത്രമല്ല വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. പെറ്റി എഴുതിയ സ്റ്റേഷനിലെ ഗ്രേഡ് എസ്െഎയും വെട്ടിലായി. ആൾമാറാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയെന്നാണ് വിമർശനം ഉയരുന്നത്.



കേരള പൊലീസ് പിഴയടക്കുന്ന രീതി എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോയാണ് ചർച്ചയായിരിക്കുന്നത്. നമ്മളെ സംബന്ധിച്ചിടത്തോളം സർക്കാരിന് കാശ് കിട്ടിയാൽ മതിയെന്ന് വീഡിയോയിൽ പൊലീസുകാരൻ പറയുന്നുണ്ട്.

'കേരള പൊലീസ് ഫൈൻ പിരിക്കുന്ന രീതി, ഈ വീഡിയോ ഫേക്കാണ്, ഉത്തർപ്രദേശിൽ നടന്ന സംഭവമാണ് ബൈ ന്യായീകരണ തൊഴിലാളി' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ടാർഗറ്റ് തികയ്ക്കാൻ പൊലീസ് ആർക്കും പെറ്റിയടിക്കുമെന്നാണ് പ്രതികരണങ്ങൾ.

കാട്ടാക്കട സ്വദേശിയുടേതാണ് കാർ എങ്കിലും കാർ ഉടമ തന്നെയാണോ യാത്ര ചെയ്തതെന്ന് വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയെന്നും ചടയംമംഗലം പൊലീസ് പറഞ്ഞു.