കാസർഗോഡ്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകളിൽ സ്റ്റിക്കർ ഒട്ടിച്ച സംഭവത്തെ ചൊല്ലിയുള്ള ആശങ്കകൾ ഒഴിഞ്ഞിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് സ്റ്റിക്കറിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്. അടുത്തകാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് മലയാളികൾ ആശങ്കയോടെ നോക്കി കണ്ടു തുടങ്ങിത്. ഇതരസംസ്ഥാന തൊഴിലാളികൾ ശിക്ഷിക്കപ്പെട്ട ഉൾപ്പെട്ട ജിഷ ,സൗമ്യ കൊലപാതകങ്ങളുടെ ആഘാതത്തിൽ നിന്നും മലയാളികൾ ഇനിയും മുക്തമായട്ടില്ല. പലപ്പോഴും ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ പൊലീസ് യാതൊരു ശുഷ്‌കാന്തിയും കാണിക്കാത്തത് ഇക്കൂട്ടർക്ക് വളമാകുന്നു.

അതിനിടെയാണ് അതീവ സുരക്ഷാ പ്രാധാന്യമുള്ള കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിലേക്ക് കള്ളക്കളിയിലൂടെ തൊഴിലാളികളെ നിയമിക്കാൻ പൊലീസ് കൂട്ടു നിന്നെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കാസർഗോഡ് ഡിവൈഎസ്‌പിയുടെ കീഴിലുള്ള ബേഡകം സ്റ്റേഷൻ പരിധിയിലെ സ്ഥിരതാമസക്കാരായ ടോമിച്ചൻ കുടിയിരിപ്പിൽ എന്നയാളും ഇയാളുടെ ജോലിക്കാരായ ,വിനോദ് അഗസ്ത്യൻ കിഴക്കേക്കര ,ബെനഡിക്ട് ,ബിനോയി എന്നീ വർക്ക് ഏഴിമല നേവൽ അക്കാദമിയിൽ കാട് തെളിക്കുന്ന കരാർ ജോലിക്കായി പൊലീസ് വെരിഫിക്കേഷൻ ആവശ്യമായി വന്നതാണ് സംഭവങ്ങളുടെ തുടക്കം. ഇവിടെ കള്ളക്കളി നടന്നുവെന്നാണ് പുറത്തു വന്ന രേഖകൾ തെളിയിക്കുന്നത്. പൊലീസിന്റെ ഭാഗത്ത് വലിയൊരു അലംഭാവം തന്നെ സംഭവിച്ചു.

ഏഴിമല നേവൽ അക്കാദമിയിൽ കാട് തെളിക്കുന്ന കരാർ തനിക്ക് ലഭിച്ചിട്ടുണ്ടന്നും വിനോദ് അടക്കമുള്ള തന്റെ തൊഴിലാളികൾക്ക് പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടോമിച്ചൻ 18/7/17 ന് ബേഡകം എസ് ഐക്ക് അപേക്ഷ നൽകിയതിൻ പ്രകാരം ,എസ് ഐ അന്വേഷണം നടത്തി 19/7/17 ന് ടോമിച്ചനടക്കം 4 പേർക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നു. എന്നാൽ ടോമിച്ചനും സംഘവും പൊലീസ് നൽകിയ സർട്ടിഫിക്കറ്റിന്റെ മുകളിലായി 19 ഓളം ഇതരസംസ്ഥാന തൊഴിലാളികളുടെ പേര്കൂടി ചേർത്ത് പൊലീസ് നൽകിയ ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്ന വ്യാജേനെ നേവൽ അക്കാഡമിയെ സമീപിക്കുന്നു. സർട്ടിഫിക്കറ്റിന്റെ ആധികാരികതയിൽ സംശയം തോന്നിയ നേവി അധികൃതർ 6/12/17 ന് പ്രസ്തുത സർട്ടിഫിക്കറ്റ് പരിശോധനക്കായി കാസർഗോഡ് എസ്‌പിക്ക് നൽകുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സർട്ടിഫിക്കറ്റ് വ്യാജരേഖയാണന്ന് കണ്ടെത്തുകയും ബേഡകം സ്റ്റേഷനിലെ ക്രൈം നമ്പർ 583//7 അണ്ടർ സെക്ഷൻ 465 ,468 ,471,420 തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തു. കാസർഗോഡ് ഡി വൈ എസ് പി യുടെ കീഴിലെ ബേഡകം സ്റ്റേഷൻ പരിധിയിൽ താമസക്കാരായമേൽ കേസിലെ പ്രതിയായ വിനോദ് , രാധാകൃഷ്ണൻ എന്നയാളുമായി ചേർന്ന് തങ്ങൾക്ക് നേവിയിലെ കാട് തെളിക്കുന്നതിന് കരാർ ലഭിച്ചതിനാൽ തൊഴിലാളികൾക്ക് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ഡിവൈഎസ്‌പിക്ക് 7/11/17 ന് അപേക്ഷ നൽകുന്നു.

അന്ന് തന്നെ ഡിവൈഎസ്‌പി ആയത് 30 കിലോമീറ്റർ ദൂരത്തുള്ള തന്റെ കീഴിലുള്ള രാജപുരം സ്റ്റേഷനിലേക്ക് കൈമാറുകയും അന്നേ ദിവസം തന്നെ രാജപുരം എസ് ഐ 38 പേർക്ക് പൊലീസ് ക്ലീയറൻസ് അനുവദിച്ച് നൽകുകയും ചെയ്യുന്നു. ക്ലിയറൻസ് ലഭിച്ചവരിൽ 16 പേർ ബംഗാളികളും മദ്ധ്യപ്രദേശിൽ നിന്നുള്ള 5 പേരും ആസാം ഒഡീഷ സ്വദേശിള്ളായ രണ്ട് പേരും ബാക്കി കർണാടക ,തമിഴ്‌നാട് സ്വദേശികളുമാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി കർത്തവ്യ നിർവ്വഹണത്തിന്റെ മഹോന്നത മാതൃകയായി അപേക്ഷ കിട്ടിയ അന്ന് തന്നെ 30 കിലോ മീറ്റർ ദുരത്തുള്ള മറ്റൊരു സ്റ്റേഷനിൽ അപേക്ഷ എത്തിച്ചത് സംശയത്തിന് ഇട നൽകി.

എന്നാൽ അപേക്ഷയിലെ അഡ്രസ് പരിശോധിച്ചാൽ ശുഷ്‌കാന്തി കർത്തവ്യ നിർവഹണമായിരുന്നില്ല ലക്ഷ്യം എന്ന് ബോധ്യമാവും. വിനോദ് അഗസ്ത്യൻ & രാധാകൃഷ്ണൻ ,ഈസികട്ടേർസ് ,ഗ്രാസ് കട്ടിങ് വർക്സ് എന്ന അഡ്രസിൽ കിട്ടിയ അപേക്ഷയിൽ കൂടുതൽ വിവരങ്ങൾ ആരായാതെ 30കിലോ മീറ്റർ ദുരത്തുള്ള സ്റ്റേഷനിൽ അന്ന് തന്നെ എത്തിച്ചത് മുൻ ധാരണയുടെ പുറത്താണ് എന്ന് വ്യക്തം. ഇതിനെ ബലപ്പെടുത്തുന്നതാണ് രാജപുരം എസ് ഐ യുടെ വെരിഫിക്കേഷൻ റിപ്പോർട്ട്. അന്നേ ദിവസം തന്നെ 38 ഇതരസംസ്ഥാന തൊഴിലാളികൾക്ക് കാസർഗോഡ് ജില്ലയിൽ കേസില്ലന്ന് സർട്ടിഫിക്കറ്റ് ചെയ്തത് മുൻ ധാരണപ്രകാരമെന്നും ആക്ഷേപമാണ് ഉയരുന്നത്.

കാസർഗോഡ് ജില്ലയിലെ സ്റ്റേഷൻ പരിധിയിൽ 38 ഇതരസംസ്ഥാനക്കാരെ സംബന്ധിച്ച് അന്വേഷണം പൂർത്തിയാക്കി അന്നേ ദിവസം തന്നെ റിപ്പോർട്ട് സമർപ്പിക്കുക അപ്രായോഗികം എന്ന് മാത്രമല്ല അതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണോ ,കേവലം രാജപുരം സ്റ്റേഷന്റെ ചുമതലയുള്ള എസ് ഐ എന്നും സംശയവും ഉയരുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെപ്പറ്റി കൃത്യമായി അന്വേഷിക്കാതെ സമർപ്പിച്ച ഈ സർട്ടിഫിക്കറ്റ് രാജ്യസുരക്ഷയെപ്പോലും ബാധിക്കുമെന്നാണ് ഉയരുന്ന ആരോപണം.

2500 ഏക്കറുകളിലായി വ്യാപിച്ച് കിടക്കുന്ന ഏഴിമല നേവൽ അക്കാദമി യിലെ കാട് തെളിക്കൽ വർഷാവർഷം നടത്തി വരുന്ന പ്രവർത്തിയാണ്. നേവി ആസ്ഥാനം അനുബന്ധ സ്ഥാപനങ്ങൾ ,പരേഡ് ഗ്രൗണ്ട് മുതലായവ കഴിച്ചുള്ള പ്രദേശങ്ങളിൽ കാട് തെളിക്കാനുള്ള കരാർ 9 കോടി രൂപയ്ക്കായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷത്തെ തുകയിൽ നിന്നും ഈ വർഷം വൻ വർദ്ധനവുണ്ടായിട്ടുണ്ടന്നും പറയുന്നു. ചെന്നൈ ആസ്ഥാന മായുള്ളതും കേന്ദ്ര ഗവൺമെന്റിലെ ഉന്നത വ്യക്തിയുമായി വളരെ അടുപ്പം പുലർത്തുന്ന സ്ഥാപനത്തിനാണ് കരാർ ലഭിച്ചത്.