തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന് കരുതുന്ന യുവതിയെ പൊലീസ് കണ്ടെത്തിയതായും ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതായും സൂചനകൾ. ഇവർ ആരെയെല്ലാം വിളിച്ചെന്നും മന്ത്രിയെ കുടുക്കാൻ ശ്രമിച്ചതുപോലെ മറ്റ് ആരെയെങ്കിലും കുടുക്കാൻ ശ്രമിച്ചോ എന്നും അറിയാനുള്ള രേഖകളും പൊലീസ് ശേഖരിച്ചുവരുന്നു.

മാത്രമല്ല, ഇവർ ചാനലിനുവേണ്ടി ഹണി ട്രാപ്പിന് ശ്രമിച്ചോ എന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങളും ലഭിച്ചതായാണ് വിവരം. അങ്ങനെയെങ്കിൽ ചാനൽ നടത്തിയ ഗൂഢാലോചനയിലേക്കും അന്വേഷണം നീളുമെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇവരുടെ വീടുൾപ്പടെ രഹസ്യന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.

ഇവർ മന്ത്രിയെ വിളിക്കാനുപയോഗിച്ച ഫോണുൾപ്പടെ സ്വിച്ച് ഓഫാണ്. ഇവർ ഉപയോഗിക്കുന്ന രണ്ടാമത്തെ നന്പർ അടുത്ത ദിവസം വരെ ഓണായിരുന്നു. തലസ്ഥാനത്ത് തന്നെയുള്ള മൊബൈൽ ടവറിന് കീഴിൽ ഇവരുടെ രണ്ടാമത്തെ നന്പറുണ്ടായിരുന്നു. യുവതിയെ തിരിച്ചറിയുകയും ഇവരുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലടക്കം വ്യപകമായി പ്രചരിക്കുകയും ചെയ്ത സാഹചര്യത്തിൽ യുവതിയുടെ ഫോണ് സ്വിച്ച് ഓഫാക്കുകയും ഫേസ്‌ബുക്ക് അക്കൗണ്ടടക്കം ഡി ആക്ടീവേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

യുവതിയ കണ്ടെത്താൻ യുവതി വിളിച്ചതും യുവതിയെ അവസാനം വിളിച്ചതുമായ ഫോൺ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. യുവതിയെ ചാനലുമായി ബന്ധപ്പെട്ടവർ തന്നെ മാറ്റിയതാണെന്ന വാദവും ഇതോടൊപ്പം ഉയരുന്നുണ്ട്. സംഭവം വലിയ വിവാദമായിട്ടും മന്ത്രി രാജിവച്ചിട്ടും പരാതിക്കാരി ഇതുവരെ രംഗത്തുവന്നിട്ടില്ല. ഇതോടെയാണ് ചാനലിന്റെ ഗൂഢാലോചനയുണ്ടെന്ന സംശയം ബലപ്പെടുന്നത്. പരാതിക്കാരി രംഗത്ത് വരാത്ത സാഹചര്യത്തിൽ ഹണി ട്രാപ്പ് എന്ന് ഉറപ്പിച്ച് തന്നെയാണ് അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്.

ഹണിട്രാപ്പാണെന്ന് തെളിഞ്ഞാൽ ഏതൊക്കെ വകുപ്പനുസരിച്ച് കേസെടുക്കാമെന്ന് നിയമോപദേശം അന്വേഷണ സംഘം തേടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പരാതി നൽകിയാൽ കേസെടുക്കുന്ന കാര്യം ഡി.ജി.പി മുതിർന്ന പൊലീസ് ഉദ്യോസ്ഥരുമായി ചർച്ച ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലും ചാനൽ പ്രവർത്തകർക്കെതിരെ കേസെടുക്കാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ഇവരെ രക്ഷിക്കാനുള്ള ശ്രമം പൊലീസിൽ നിന്ന് തന്നെ ഉണ്ടാകുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.

ഉന്നത പൊലീസ് ഉദ്യോസ്ഥരുമായി അടുത്ത ബന്ധമുള്ളവരായതിനാൽ ഇവരെ രക്ഷിക്കാനുള്ള നീക്കം ഉണ്ടാവുമെന്ന് അറിയാവുന്നതു കൊണ്ടാണ് മുഖ്യമന്ത്രി തന്നെ ഇടപെട്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. സംഭവം ഹണിട്രാപ്പാണെങ്കിൽ ഒരു തരത്തിലുമുള്ള സഹായവും ചാനൽ പ്രവർത്തകർക്ക് പൊലീസിൽ നിന്ന് ലഭിക്കരുതെന്നും അങ്ങനെ ഉണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്നുള്ള മുന്നറിയിപ്പും ആഭ്യന്തര വകുപ്പിൽ നിന്ന് പോയിട്ടുണ്ട്.