- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോഷണക്കുറ്റം: ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകി ബിജെപി; പരാതി മധുര എയിംസ് ക്യാംപസിന്റെ നിർമ്മാണസമയത്ത് ഇഷ്ടിക മോഷ്ടിച്ചെന്ന് ആരോപിച്ച്; വിനയായത് പൊതുയോഗത്തിൽ ഇഷ്ടിക പ്രദർശിപ്പിച്ചത്
ചെന്നൈ: ഡിഎംകെ നേതാവും പ്രശസ്ത കോളിവുഡ് താരവുമായ ഉദയനിധി സ്റ്റാലിനെതിരെ മോഷണക്കുറ്റത്തിന് പരാതി. മധുര എയിംസ് ക്യാംപസിന്റെ നിർമ്മാണസമയത്ത് അവിടെ നിന്ന് ഇഷ്ടിക മോഷ്ടിച്ച കുറ്റത്തിനാണ് ബിജെപി അംഗം ഉദയനിധി സ്റ്റാലിനെതിരെ പൊലീസിൽ പരാതി നൽകിയത്.
ക്യാംപസ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാത്തതിൽ ഭരണകക്ഷിക്കെതിരായ ഉദയനിധി സ്റ്റാലിന്റെ വിമർശനം ഇഷ്ടിക ഉയർത്തിക്കാട്ടുന്ന ചിത്രത്തിനൊപ്പം സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതിനെ തുടർന്നാണ് ബിജെപി അംഗമായ നീധിപാണ്ഡ്യൻ പരാതി നൽകിയത്.
'പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ജനുവരി 27-ന് മധുരയിലെ തോപ്പുരിൽ എയിംസ് ആശുപത്രിയുടെ നിർമ്മാണത്തിനായി ശിലാസ്ഥാപനം നടത്തി. 2020 ഡിസംബറിൽ ക്യാംപസിന്റെ ചുറ്റുമതിലിന്റെ നിർമ്മാണം ആരംഭിച്ചു. സംരക്ഷിതവസ്തുവിൽ നിന്ന് ഡിഎംകെ യുവജനവിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിൻ ഒരു ഇഷ്ടിക മോഷ്ടിക്കുകയും കുറ്റം ഏറ്റുപറഞ്ഞ് മോഷണവസ്തു പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു'- നീധിപാണ്ഡ്യൻ നൽകിയ പരാതിയിൽ പറയുന്നു.ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 380-ാം വകുപ്പനുസരിച്ച് ഉദയനിധി സ്റ്റാലിന് അർഹമായ ശിക്ഷ ലഭിക്കേണ്ടതാണെന്നും പരാതിയിലുണ്ട്.
എയിംസ് ക്യാംപസിൽ നിന്ന് എടുത്തു കൊണ്ടു വന്നതാണെന്ന അവകാശവാദത്തോടെ തൂത്തുക്കുടിയിലെ വിലാത്തികുളത്ത് വ്യാഴാഴ്ച നടന്ന പൊതുയോഗത്തിൽ ഉദയനിധി സ്റ്റാലിൻ ഒരു ഇഷ്ടിക പ്രദർശിപ്പിച്ചിരുന്നു. 'മൂന്ന് കൊല്ലം മുമ്പ് എഐഎഡിഎംകെയും ബിജെപിയും നിർമ്മാണമാരംഭിച്ച എയിംസ് ആശുപത്രിയെ കുറിച്ച് നിങ്ങൾ ഓർമിക്കുന്നില്ലേ, ഇത് ഞാനവിടെ നിന്ന് എടുത്തു കൊണ്ടു വന്നതാണ്'. ഇഷ്ടിക ഉയർത്തിക്കാട്ടി സ്റ്റാലിൻ പറഞ്ഞു.
തികച്ചും നിസാരമായ ഒരു സംഗതിയാണിതെന്നും തമിഴ്നാട്ടിലെ ബിജെപിയുടെ കഴിവിനെ കുറിച്ച് പരാതിയിൽ നിന്ന് തിരിച്ചറിയാമെന്നും ആരോപണത്തിനെതിരെ ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ