തൊടുപുഴ: ഉന്നാവോയിൽ മാനഭംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ എതിരാളികൾ മർദ്ദിച്ച് അവശനാക്കിയപ്പോൾ പൊലീസുകാരും, ഡോക്ടറുമൊക്കെ ചേർന്ന് ക്രൂരമായി പരിഹസിക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. യുപിയിലാണ് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ സംഭവിക്കുക. കേരളത്തിൽ അതൊന്നും നടക്കുകയില്ല എന്ന് വാദിക്കുന്നവർ ഇനി തൊടുപുഴയിൽ നിന്നുള്ള സംഭവം വായിക്കുക.

കുമാരമംഗലം പഞ്ചായത്തിൽ ഈസ്റ്റ്കലൂർ കരയിൽ ഇന്നലെ രാത്രിയാണ് സംഭവം.കൊട്ടാരത്തിൽ വീട്ടിൽ അജിമോൻ കെ.എ എന്നയാളുടെ വീട്ടിൽ സ്ത്രീകളും കുട്ടികളും മാത്രമുള്ള സമയം നോക്കി വാണം ജോർജ് എന്നറിയപ്പെടുന്ന ജോർജ് കൂട്ടാളികളുമൊത്ത് മദ്യപിച്ച് ബഹളമുണ്ടാക്കി. വീടിന്റെ മുമ്പിലിരുന്നായിരുന്നു സംഘത്തിന്റെ മദ്യപാനവും തെറിവിളിയും. ഗൃഹനാഥന്റെ പരാതിപ്രകാരം പൊലീസെത്തി വാണം ജോർജിനെ പിടിച്ചുകൊണ്ടുപോയെങ്കിലും അധികം വൈകാതെ ഇയാളെ പറഞ്ഞുവിട്ടു.

കലൂർകരയിൽ മിച്ചഭമിയിൽ താമസിക്കുന്ന വാണം ജോർജ് വീട്ടിൽ പോകാതെ നേരേ നാലുസ്ത്രീകളും പെൺകുഞ്ഞും മാത്രമുള്ള വീട്ടിലേക്ക് വീണ്ടും അതിക്രമിച്ചുകയറുകയായിരുന്നു. രാത്രി 11 മണിയോടെ മദ്യപിച്ച് മദോന്മത്തനായി അസഭ്യവർഷം ചൊരിയുകയും, വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.വീട്ടുവരാന്തയിൽ ഇരുന്ന് മദ്യപിക്കാനും ശ്രമിച്ചു. ഇതുതടയാനായി, ഗൃഹനാഥയുടെ അച്ഛനെ വിളിച്ചുവരുത്തിയെങ്കിലും, ആ വയോധികൻ പറയുന്നത് കേൾക്കാതെ വാണം ജോർജ് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.തന്നെ പൊലീസ് ഒന്നും ചെയ്യില്ലെന്നും,തൊടുപുഴ സർക്കിൾ ഇൻസ്പക്ടർ ശ്രീമോൻ ധരിച്ചിരിക്കുന്ന യൂണിഫോം തന്റെ ഔദാര്യമാണെന്നും, അദ്ദേഹത്തിന് ചെയ്തുകൊടുത്ത ഉപകാരത്തിന്റെ ഫലമായാണ് താൻ പുറത്തിറങ്ങിയതെന്നും, കേസു കൊടുത്താലും എന്താണ് സംഭവിക്കുകയെന്ന് നോക്കാമെന്നും വെല്ലുവിളിച്ചു.

'എന്റെ നേരേ ഒരുവിരൽ ഞൊടിച്ചാൽ, ഭൂമിക്ക് മുകളിൽ വച്ചേക്കില്ല.കുടുംബത്തോടെ കത്തിക്കും. അതിനുള്ള സ്വാധീനവും ആൾബലവും എന്നെ പോലെ മറ്റാർക്കുമില്ല' ജോർജ് ഭീഷണി മുഴക്കി.തുടർന്ന് പിറ്റേന്ന് ഗൃഹനാഥ പരാതിയുമായി സിഐയെ കാണാൻ ചെന്നപ്പോൾ കേസെടുക്കാൻ അദ്ദേഹം വിസമ്മതിച്ചു. ജോർജ് കുഴപ്പക്കാരനല്ലെന്നും നല്ലവനാണെന്നുമായിരുന്നു സിഐയുടെ ന്യായീകരണം. അതേസമയം എസ്‌ഐയെ സമീപിച്ചപ്പോൾ, കേസെടുക്കാൻ വകുപ്പില്ലെന്നായിരുന്നു ന്യായീകരണം.

ക്രിമിനൽ നടപടിനിയമപ്രകാരം 45 ാം വകുപ്പനുസരിച്ച് ഭവനഭേദനത്തിന് ഉപയോഗിക്കുന്ന ആയുധം കൈവശം വയ്ക്കുന്ന ആളെ കോടതിയുടെ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാവുന്നതാണ്.എന്നാൽ, വീടിന്റെ വരാന്തയിൽ ഇരുന്ന് മദ്യപിക്കുകയും, അസഭ്യം പറയുകയും ചെയ്ത ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയെ പിടികൂടിയിട്ടും ഉടൻ വിട്ടയച്ച പൊലീസിനെ വിശ്വസിച്ച് എങ്ങനെ നാട്ടിൽ ജീവിക്കുമെന്ന് കുടുംബം ചോദിക്കുന്നു.തങ്ങൾക്കുണ്ടായ മാനഹാനിക്ക് ആരാണ് സമാധാനം പറയുകയെന്നും, മരണഭയത്തോടെയാണ് ജീവിക്കുന്നതെന്നും കുടുംബം നൽകിയ പരാതിയിൽ പറഞ്ഞു.പരാതിയുടെ പകർപ്പ് ഡിജിപിക്ക് നൽകിയതോടെ ഇഷ്ടക്കാരനോടുള്ള സ്‌നേഹം വെടിഞ്ഞ് പൊലീസ് പ്രവർത്തിക്കാൻ തുടങ്ങി.പരാതിയിന്മേൽ നടപടിയും സ്വീകരിച്ച് വരികയാണ്.

വാണം ജോർജ് എന്ന ജോർജിനെ പോലുളശ സാമൂഹിക വിരുദ്ധരെ സംരക്ഷിക്കാൻ ബദ്ധപ്പെടുന്ന പൊലീസ് പരാതി കിട്ടിയിട്ടും സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകാതെ കൈകഴുകുകയാണ്. ഉന്നതതലങ്ങളിലെ ഇടപെടൽ ഉണ്ടായപ്പോൾ മാത്രമാണ് സിഐയും എസ്‌ഐയും അനങ്ങിയത്. പൊലീസ്-ക്രമിനൽ ബന്ധവും ഒത്താശയുമെല്ലാം വളരുന്നത് കാണുമ്പോൾ കേരളം യുപിയോ ബീഹാറോ പോലെയായോ എന്നാണ് തൊടുപുഴക്കാർ മാത്രമല്ല മലയാളികൾ ആകെ ചോദിക്കുന്നത്.