- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി കലാപക്കേസ്: ജാമ്യം ലഭിച്ച വിദ്യാർത്ഥികളുടെ മോചനം ഡൽഹി പൊലീസ് വൈകിപ്പിക്കുന്നുവെന്ന് അഭിഭാഷകൻ; ആരോപണം വിദ്യാർത്ഥികളുടെ ജാമ്യക്കാരുടെ വിവരങ്ങൾ പരിശോധിക്കാൻ വീണ്ടും ഉത്തരവിട്ടതിനെതിരെ
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ജാമ്യം ലഭിച്ച മൂന്ന് വിദ്യാർത്ഥികളുടെ മോചനം ഡൽഹി പൊലീസ് വൈകിക്കുന്നുവെന്ന് വിദ്യാർത്ഥികളുടെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു. കേസിൽ യു.എ.പി.എ. ചുമത്തപ്പെട്ട ജെ.എൻ.യു. വിദ്യാർത്ഥികളായ ദേവാംഗന കലീത്ത, നടാഷ നാർവാൾ, ജാമിയ മിലിയ ഇസ്ലാമിയ വിദ്യാർത്ഥിനി ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്കാണ് ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം നൽകിയത്.
എന്നാൽ, വിദ്യാർത്ഥികളെ മോചിപ്പിക്കുന്നതിന് മുമ്പ് അവരുടെയും ജാമ്യം നിന്നവരുടെയും മേൽവിലാസങ്ങൾ ശരിയാണോ എന്ന് വിലയിരുത്താൻ കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇതോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും വിദ്യാർത്ഥികളുടെ മോചനം വൈകിപ്പിക്കാൻ ഡൽഹി പൊലീസ് ശ്രമിക്കുന്നുവെന്ന് അവരുടെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചത്.
രാജ്യസഭ മുൻ എംപി. വൃന്ദ കാരാട്ട്, ആക്ടിവിസ്റ്റ് ഗൗതം ഭാൻ, ജെ.എൻ.യുവിലെയും ജാമിയ മിലിയ സർവകലാശാലയിലെയും പ്രൊഫസർമാർ എന്നിവരാണ് വിദ്യാർത്ഥികൾക്കുവേണ്ടി ജാമ്യം നിന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വിദ്യാർത്ഥികളുടെ ആധാർ കാർഡ് അടക്കമുള്ളവ പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
വിദ്യാർത്ഥികൾക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡൽഹി ഹൈക്കോടതി മൂന്നു പേർക്കും ജാമ്യം അനുവദിച്ചത്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള തിരക്കിനിടെ അധികൃതർ പ്രതിഷേധവും ഭീകര പ്രവർത്തനവും തമ്മിലുള്ള അതിർവരമ്പ് അവ്യക്തമാക്കിയെന്ന് ഹൈക്കോടതി വിമർശം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ വർഷം ഡൽഹിയിലുണ്ടായ കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലാപത്തിന് ഗൂഢാലോചന നടത്തി, പ്രകോപനപരമായി പ്രസംഗിച്ചു, ആളെ കൂട്ടി തുടങ്ങിയ കുറ്റങ്ങൾക്കാണ് വിവിധ വിദ്യാർത്ഥി നേതാക്കളെ അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ