- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം പാർക്ക് ചെയ്യുന്നതിലെ തർക്കം മർദ്ദനത്തിൽ കലാശിച്ചു; ആക്രമണം പെട്ടെന്നുള്ള പ്രകോപനത്തിൽ; പ്രചരിച്ചത് സംഘപരിവാർ ഗൂഢാലോചനയെന്നും; ബിന്ദു അമ്മിണിയുടെ ആരോപണങ്ങൾ ബാലിശമെന്ന് പൊലീസ്
കോഴിക്കോട്: ബിന്ദു അമ്മിണിയെ കോഴിക്കോട് നോർത്ത് ബീച്ചിൽ വെച്ച് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദം തള്ളി പൊലീസ്. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദം ബാലിശമാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പെട്ടെന്നുണ്ടായ ആക്രമണമാണെങ്കിലും മോഹൻദാസ് കരുതികൂട്ടി ആസൂത്രണത്തോടെയെത്തി മർദിച്ചതെന്നായിരുന്നു ബിന്ദു അമ്മിണിയുടെ വാദം.
പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമം അരങ്ങേറിയത്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പിന്നീട് വാക്കേറ്റമാവുകയും മർദനത്തിൽ കലാശിക്കുകയുമായിരുന്നു. 24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റും ചെയ്തു. അല്ലാതെ സംഘപരിവാർ ഗൂഢാലോചനയുണ്ടെന്ന അമ്മിണിയുടെ വാദം ശരിയല്ലെന്നും പൊലീസ് പറഞ്ഞു.
എന്നാൽ, തന്നെ മർദിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്ന് സംഭവത്തിൽ പ്രതിയാക്കപ്പെട്ട മോഹൻദാസ് വ്യക്തമാക്കി. അമ്മിണി തന്നെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ല. താൻ മർദിക്കുന്നത് മാത്രമാണ് ഇവർ എഡിറ്റ് ചെയ്ത് പുറത്തുവിട്ടിരിക്കുന്നത്. അതിനാൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും മോഹൻദാസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പരിഗണിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മോഹൻദാസിന് ജാമ്യം അനുവദിച്ചിരുന്നു. വെള്ളയിൽ സ്വദേശി മോഹൻദാസിന് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സംഘർഷത്തിൽ ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ പിന്നീട് വീട്ടിലേക്ക് മടങ്ങി. ദൃശ്യങ്ങൾ പുറത്തായി, ചർച്ചയായതോടെയാണ് പൊലീസ് നടപടിയെടുത്തത്. കീഴടങ്ങാനായി സ്റ്റേഷനിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുൻപ് വെള്ളയിൽ പൊലീസ് വീട്ടിലെത്തിയാണ് മോഹൻദാസിനെ അറസ്റ്റ് ചെയ്തത്.
ബിന്ദു അമ്മിണി തന്നെയാണ് ആദ്യം ആക്രമിച്ചതെന്നുകാട്ടി മോഹൻദാസ് നൽകിയ പരാതിയും പൊലീസിന്റെ പരിഗണനയിലാണ്. കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്.മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സ്വന്തം ഫേസ്ബുക്ക് പേജിൽ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
കോഴിക്കോട് ബീച്ചിൽ വെച്ച് തന്നെ ആക്രമിച്ചയാൾ സംഘപരിവാറിന്റെ സ്ഥിരം ഗുണ്ടയെന്നാണ്് ബിന്ദു അമ്മിണി ആരോപിച്ചത് വെള്ളയിൽ സ്വദേശി ആയ മോഹൻദാസ് വെള്ളയിലും വലിയങ്ങാടിയിലും മുസ്ലിം വിഭാഗത്തിൽപ്പെട്ട കച്ചവടക്കാരിൽ നിന്നും ഗുണ്ടാപിരിവു നടത്തി ജീവിക്കുന്നവൻ ആണെന്നും ആർഎസ്എസ് നേതാവാണെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ട കാര്യമാണെന്നായിരുന്നു ബിന്ദു അമ്മിണി പറഞ്ഞത്.
'ബിന്ദു അമ്മിണി ആക്രമിച്ചു എന്ന് ആരോപിക്കുന്ന നിഷ്കളങ്കനായ ആർഎസ്എസ് നേതാവ്, കർസേവകൻ ആരാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടത്. വെള്ളയിലും വലിയങ്ങാടിയിലും മുസ്ലിം വിഭാഗത്തിൽപ്പെട്ട കച്ചവടക്കാരിൽ നിന്നും ഗുണ്ടാപിരിവു നടത്തി ജീവിക്കുന്നവൻ, ശബരിമലക്കു പോകാൻ വൃതമെടുത്തു ഇരുമുടി നിറച്ച യുവാക്കളെ തടഞ്ഞു കലാപം ഉണ്ടാക്കിയവരിൽ ഒരാൾ, ഒരാഴ്ച മുൻപ് എന്നെ ആക്രമിച്ച അതെ സ്ഥലത്തു സ്ത്രീകളെ റേപ്പ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനു പൊലീസ് താക്കീതു കൊടുത്തു വിട്ട പ്രതി. സംഘപരിവാറിന്റെ സ്ഥിരം ഗുണ്ട. ഇങ്ങനെ തുടങ്ങുന്ന കുറച്ചു ചെറിയ കുറ്റകൃത്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന നിഷ്കളങ്കൻ', ബിന്ദു അമ്മിണി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ