ഗയ: ബീഹാറിൽ 30 ലക്ഷം രൂപ വില കണക്കാക്കുന്ന 7000 ലിറ്റർ മദ്യം പൊലീസ് നശിപ്പിച്ചു. ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത മദ്യവുമടക്കം റോഡ് റോളർ കയറ്റിയിറക്കിയാണ് നശിപ്പിച്ചത്.

മദ്യ നിരോധനത്തിന് ശേഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നും മറ്റുമായി കടത്തുന്നതിനിടയിൽ പൊലീസ് പിടിച്ചെടുത്ത മദ്യമാണ് ഇപ്പോൾ നശിപ്പിച്ചത്. ഈ മാസം ആദ്യം റോഹ്താസ് ജില്ലയിൽ ഇതേ രീതിയിൽ 60000 ലിറ്റർ മദ്യം പൊലീസ് നശിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷമാണ് ബീഹാറിൽ സമ്പൂർണ മദ്യനിരോധനം നിലവിൽ വന്നത്. വിദേശ മദ്യം ആഭ്യന്തരമായി നിർമ്മിക്കുന്ന മദ്യം എന്നിവയടക്കമുള്ളവയുടെ വിൽപനയും ഉപയോഗവും സമ്പൂർണമായി നിരോധിക്കുന്നതായിരുന്നു സർക്കാറിന്റെ മദ്യനയം.
മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ബാക്കിയുള്ള മദ്യത്തന്റെ പഴയ ശേഖരം കഴിഞ്ഞ മെയ് 31ന് നശിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സുപ്രീം കോടതി വിധി പ്രാകരം സമയം ജൂലൈ 31 ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

മദ്യവ്യാപാരികൾ സംയുക്തമായി കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. മദ്യനിരോധനത്തിനെതിരെ പട്ന ഹൈക്കോടതിയിൽ മദ്യവ്യാപാരികൾ നൽകിയ ഹർജി പരിഗണിക്കുന്ന സാഹചര്യത്തലായിരുന്നു സുപ്രിം കോടതിയുടെ വിധി.
മദ്യം വിൽപന നടത്തുന്നവർക്കും ഉപയോഗിക്കുന്നവർക്കും കടുത്ത ശിക്ഷയാണ് ബീഹാർ സർക്കാറിന്റെ പുതിയ മദ്യനയത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്.