ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ചു മലയാളി വൈദികരെയും വൈദിക വിദ്യാർത്ഥികളെയും മധ്യപ്രദേശിലെ സത്നയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ് കാരൾ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം,

മതപരിവർത്തനം ആരോപിച്ചു വൈദികരുടെ വാഹനം ബജ്‌റങ് ദൾ പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ അഗ്‌നിക്കിരയാക്കിയിരുന്നു. സിറോ മലബാർ സഭയ്ക്കു കീഴിൽ സത്നയിലുള്ള സെന്റ് എഫ്രേം വൈദികപഠന കോളജിലെ ഫാ.ജോർജ് മംഗലപ്പള്ളിയാണ് അറസ്റ്റിലായത്. ആലപ്പുഴ കുത്തിയതോട് സ്വദേശിയാണ്. ഇദ്ദേഹത്തെ പിന്നീടു ജാമ്യത്തിൽ വിട്ടു. ബജ് രംഗദൾ പ്രവർത്തകരുടെ സമ്മർദ്ദമാണ് ഇതിന് കാരണം. അതിനിടെ ജനാധിപത്യ ഭരണസംവിധാനം നിലനിൽക്കുന്ന ഇന്ത്യയിൽ കപടദേശീയതയുടെ പേരിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതു തികച്ചും ആപൽക്കരമാണെന്നു ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് ബാവാ പറഞ്ഞു. കഴിഞ്ഞ 30 വർഷമായി ക്രിസ്മസിനോട് അനുബന്ധിച്ചു സമാധാനപരമായി നടന്നുവന്നിരുന്ന കാരൾ പരിപാടിക്കു നേരെയാണ് ഒരു കാരണവുമില്ലാതെ ആക്രമണം നടത്തിയതെന്നാണ് ആരോപണം.

വ്യാഴാഴ്ച രാത്രി സത്നയിലെ ഭുംകാഹർ ഗ്രാമത്തിൽ കാരൾ പരിപാടിക്കിടെയാണു നാലു വൈദികരെയും 34 വിദ്യാർത്ഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. നിർബന്ധിത മതപരിവർത്തനം സംബന്ധിച്ചു ഗ്രാമവാസിയായ ധർമേന്ദ്ര ദോഹർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. സത്ന സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ രാത്രി ഒരുമണി വരെ അവിടെയിരുത്തി. വിവരം തിരക്കാനെത്തിയ പത്തംഗ വൈദിക സംഘത്തെയും സ്റ്റേഷനിൽ തടഞ്ഞുവച്ചു. വൈദികർ എത്തിയ വാഹനമാണു കത്തിച്ചത്. ഇതോടെ സംഘർഷം ഇരട്ടിച്ചു. നാൽപതോളം ബജ്‌റങ് ദൾ പ്രവർത്തകരാണ് പ്രശ്‌നമുണ്ടാക്കിയത്.

ഇവർ സ്റ്റേഷൻ വളഞ്ഞുവെന്നും തങ്ങളെ അറസ്റ്റ് ചെയ്യാൻ പൊലീസിനു മേൽ സമ്മർദം ചെലുത്തിയെന്നും വൈദികർ ആരോപിച്ചു. പ്രവർത്തകരിൽ ചിലർ വൈദികരെ സ്റ്റേഷനു മുന്നിലിട്ടു മർദിച്ചെന്നും ഇവർ പറഞ്ഞു. ഇന്നലെ ഉച്ചയോടെ വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ടാണു സംഘത്തെ വിട്ടയച്ചത്. വീണ്ടും ഹാജരായപ്പോൾ ഫാ.മംഗലപ്പള്ളിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആശങ്ക അറിയിച്ചു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ചർച്ച നടത്തി. വൈദികർക്കു സുരക്ഷ ഉറപ്പാക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി അദ്ദേഹത്തെ അറിയിച്ചു. കേരള എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ടു പരാതി നൽകുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. സത്ന കലക്ടർ മുകേഷ് കുമാർ, ജില്ലാ പൊലീസ് മേധാവി എന്നിവരുമായി കൊടിക്കുന്നിൽ ഫോണിൽ ബന്ധപ്പെട്ടു.

കുറ്റവാളികൾ രക്ഷപ്പെടുകയും ഇരകളായ വൈദികർ കള്ളക്കേസിൽ അറസ്റ്റിലാവുകയും ചെയ്തിരിക്കുന്നുവെന്നും ബാവാ പറഞ്ഞു. സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും കേരള കത്തോലിക്കാ മെത്രാൻ സമിതിയും സംഭവത്തെ അപലപിച്ചു.