തൃശൂർ: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുണ്ടാക്കിയെന്ന് യുട്യൂബ് ചാനലിലൂടെ ആരോപിച്ച മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നു. സാമൂഹ്യ പ്രവർത്തക പ്രഫ. കുസുമം ജോസഫ് നൽകിയ പരാതിയിലാണ് തൃശൂർ പൊലീസിന്റെ അന്വേഷണം.

പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും ശ്രീലേഖയ്ക്കെതിരെ കേസെടുക്കുന്നതിൽ തീരുമാനിച്ചിരിക്കുന്നത്. പരാതിക്കിടയാക്കിയ യൂട്യൂബ് വിഡിയോ പൊലീസ് പരിശോധിക്കും. പൾസർ സുനി കുറ്റക്കാരനാണ് എന്നറിഞ്ഞിട്ടും നടപടി എടുക്കാതെ സംരക്ഷിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഫ. കുസുമം ജോസഫ് തൃശൂർ റൂറൽ എസ്‌പിക്കു പരാതി നൽകിയത്. പൾസർ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലിൽ ചിത്രങ്ങൾ പകർത്തി അവരെ ബ്ലാക് മെയിൽ ചെയ്തിട്ടുണെന്ന് ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞിരുന്നു.

ക്രിമിനൽ കുറ്റകൃത്യത്തെ കുറിച്ച് കൃത്യമായ അറിവ് ലഭിച്ചിട്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥയായ ശ്രീലേഖ ഐപിഎസ് കുറ്റവാളിക്ക് എതിരെ കേസെടുത്ത് നടപടികൾ സ്വീകരിക്കാതെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തി പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിയിൽ പറയുന്നു.

പൾസർ സുനിക്കെതിരെ കുറ്റകൃത്യം അറിഞ്ഞയുടനെ കേസെടുത്തിരുന്നെങ്കിൽ പിന്നീടുള്ള പല ലൈംഗിക അതിക്രമങ്ങളും തടയാൻ കഴിയുമായിരുന്നു. ഇന്ത്യൻ പീനൽ കോഡിൽ ഉൾപ്പെട്ട ഒരു കുറ്റകൃത്യം നടന്നിട്ട് കേസെടുക്കാതിരിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന വലിയ തെറ്റാണ്. സ്ത്രീകൾക്ക് എതിരെ ആവർത്തിച്ച് ലൈംഗിക കുറ്റകൃത്യം ചെയ്യുന്ന ക്രിമിനലാണ് അയാൾ എന്ന് ഒരു വനിതാ പൊലീസ് ഓഫീസർക്ക് മനസ്സിലായിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നത് ഞെട്ടിക്കുന്നു എന്നും പരാതിയിൽ പറയുന്നു.

പൾസർ സുനിക്ക് നേരത്തെ മോശമായ പശ്ചാത്തലമുണ്ടെന്ന് ശ്രീലേഖ പറഞ്ഞിരുന്നു.എറണാകുളത്ത് ഏറെ നാൾ ജോലി ചെയ്ത തനിക്കിതറിയാമായിരുന്നു. തനിക്ക് വളരെ അടുപ്പമുള്ള രണ്ട് മൂന്ന് നടിമാർ ഇയാളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പല രീതിയിലും ഇയാൾ പലതും പറഞ്ഞ് അടുത്തൂകൂടി, ്രൈഡവർ ആയും മറ്റും പലരുടെയും വിശ്വാസ്യത മുതലെടുത്തു. ഈ നടിമാരെ പൾസർ സുനി തട്ടിക്കൊണ്ടുപോയി, മൊബൈലിൽ ചിത്രങ്ങൾ പകർത്തി അവരെ ബ്ലാക് മെയിൽ ചെയ്ത കാര്യം തഎന്നോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ശ്രീലേഖയുടെ പരാമർശം.