കണ്ണൂർ: കേരളത്തിലെ വിവാഹങ്ങൾ ലൗജിഹാദാണെന്ന് പറഞ്ഞ് ദേശീയ തലത്തിൽ വിഷയം കൂടുതൽ ഗൗരവപൂർണായി മാറുന്ന ഘട്ടത്തിൽ സംസ്ഥാനത്തെ മതംമാറ്റ വിവാഹങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാറും ഒരുങ്ങുന്നു. ഐഎസ് ബന്ധം മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൂടിയാണ് അന്വേഷണം. ഹാദിയ കേസ് ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട കേസായി മാറിയതിനിടെയാണ് സംസ്ഥാനത്തെ കൂടുതൽ മതംമാറ്റ വിവാഹങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഒരുങ്ങുന്നത്.

അഞ്ചുജില്ലകളിലെ മതംമാറ്റ കല്യാണത്തിൽ സംശയമുണ്ടെന്ന് ഉത്തരമേഖലാ ഡി.ജി.പി.യുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിന്റെ വിലയിരുത്തി. 35 കല്യാണങ്ങളാണ് ഈ രീതിയിലുണ്ടായിട്ടുള്ളത്. ഇതിൽ പ്രണയവിവാഹമെന്ന തരത്തിൽ മാറ്റിനിർത്താവുന്നത് പത്തെണ്ണം മാത്രമാണ്. ബാക്കി 25 കല്യാണത്തെക്കുറിച്ചും സംശയമുണ്ടെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. ഈ കല്യാണങ്ങളെക്കുറിച്ച് പ്രാഥമികാന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ ഡി.ജി.പി. ആവശ്യപ്പെട്ടു.

പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ജില്ലാ പൊലീസ് മേധാവിമാരും സ്പെഷ്യൽ ബ്രാഞ്ച് എസ്‌പി., ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഡിവൈ.എസ്‌പി.മാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. മലപ്പുറം, കാസർകോട് ജില്ലകളിലുള്ളവർക്ക് ഐ.എസ്. ബന്ധം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽകൂടിയാണ് മതംമാറ്റ കല്യാണത്തെക്കുറിച്ച് പരിശോധിക്കുന്നത്.

കാസർകോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലെ ചില കല്യാണങ്ങളെക്കുറിച്ച് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം കേസുകൾ പ്രത്യേകമായി അന്വേഷിക്കാനാണ് നിർദ്ദേശം. ഡിവൈ.എസ്‌പി. തലത്തിലുള്ളവരാണ് അന്വേഷിക്കേണ്ടത്. ഗുരുതരസ്വഭാവം ബോധ്യപ്പെടുകയാണെങ്കിൽ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാനാണ് ധാരണ. കണ്ണൂർ പരിയാരത്തെ സംഭവം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത് പ്രണയവിവാഹം മാത്രമായിരുന്നോയെന്നത് പൊലീസ് അന്വേഷിക്കും. പാലക്കാട് ജില്ലയിൽ എൻ.ഐ.ഐ.യുടെ അന്വേഷണപരിധിയിൽ വരാത്ത ചില കേസുകൾക്ക് തീവ്രവാദബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്.

മിശ്ര വിവാഹങ്ങൾ സംസ്ഥാനത്തെ മിശ്ര വിവാഹങ്ങളെ കുറിച്ച് നേരത്തെ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. തീവ്രവാദമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. അന്വേഷണ പരിധിയിൽ മിശ്ര വിവാഹത്തിലേക്ക് നയിച്ച കാരണം, വിവാഹത്തിന് മുമ്പും ശേഷവുമുള്ള സാമ്പത്തിക സ്ഥിതി എന്നിവയൊക്കെയാണ് പ്രധാനമായും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തീവ്രവാദത്തിലേക്ക് മുസ്ലിം യുവാക്കൾ ഹിന്ദു യുവതികളെ വിവാഹം കഴിച്ച് മതംമാറ്റുന്നുണ്ടെന്നും അവരെ ഐഎസ് തീവ്രവാദത്തിലേക്ക് നയിക്കുന്നുണ്ടെന്നും ആരോപണങ്ങളും അഭ്യൂഹങ്ങളും ശക്തമാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മശ്രവിവാഹങ്ങൾ ഏറെ കാസർകോട് , മലപ്പുറം ജില്ലകളിലാണ് മതംമാറിയുള്ള വിവാഹങ്ങൾ ഏറെ നടക്കുന്നത്. ഇതടക്കമുള്ള ജില്ലകളിലെ മിശ്രവിവാഹിതരുടെ യഥാർഥ കണക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. വിവര ശേഖരണത്തിന് പ്രത്യേക രൂപ രേഖ തയ്യാറാക്കിയിട്ടുണ്ട്. സാമ്പത്തിക ഇടപാട് വിവാഹത്തിന് മുമ്പും ശേഷവും വിദേശത്തു നിന്നടക്കം സാമ്പത്തിക സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. കൂടാതെ സാമ്പത്തിക സഹായം വൈകി കിട്ടാനുള്ള സാധ്യതകളും അന്വേഷിക്കുന്നു.

വിവാഹത്തെ തുടർന്ന് ഭൂരിഭാഗം രക്ഷിതാക്കളും പെൺകുട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രക്ഷാതാക്കളുടെ എതിർപ്പും അന്വേഷിക്കുന്നുണ്ട്. തീവ്രവാദ ആരോപണം എതിർപ്പുകൾ മറികടക്കാൻ വധൂവരന്മാർ ചില സംഘടനകളെ സമീപിക്കുമ്പോഴാണ് തീവ്രവാദ ബന്ധമെന്ന ആരോപണം ഉയരുന്നതെന്നാണ് സൂചനയെന്നും അന്വേഷണത്തിൽ വ്യക്തമാകുന്നു. ഇത്തരം സംഘടനകളുടെ സംരക്ഷണത്തിലുള്ളവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

അതേസമയം മുസ്ലിം യുവതികൾ മറ്റ് മതങ്ങളിലേക്ക് മാറിയ സംഭവങ്ങളുമുണ്ട്. നേരത്തെ മിശ്ര വിവാഹങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകിയിരുന്നു. എന്നാൽ മിശ്ര വിവാഹങ്ങളുമായി ബന്ധപ്പെട്ട് തീവ്രവാദമടക്കമുള്ള ആരോപണങ്ങൾ ഉയർന്നതോടെ സർക്കാർ തന്നെ പ്രതിരോധത്തിലായിരിക്കുകയാണ്.

നേരത്തെ മലപ്പുറത്തെ വിവാദമായ മതപരിവർത്തന കേന്ദ്രം സത്യസരണിക്കെതിരെ ആരോപണവുമായി മതംമാറിയ ഹോമിയോ വിദ്യാർത്ഥിനി ഹാദിയയുടെ പിതാവ് അശോകൻ രംഗത്തെത്തിയിരുന്നു. മകളുടെ മതംമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്നും സത്യസരണിയിൽ നിരവധിപ്പേരെ മതം മാറ്റിയിട്ടുണ്ടെന്നും പെൺകുട്ടിയുടെ അച്ഛൻ അശോകൻ സത്യവാങ്മൂലത്തിൽ പറഞ്ഞു. മതംമാറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങളും അദ്ദേഹം ഇതോടൊപ്പം സമർപ്പിക്കുകയുണ്ടായി.