കോട്ടയം: സിൽവർലൈൻ സർവേക്കുവേണ്ടി ഇട്ട കല്ലുകൾ പിഴുതുമാറ്റുന്നവർക്കെതിരായ നിയമനടപടി പൊലീസിന് തലവേദനയാകുന്നു.ഒരുകൂട്ടം ആൾക്കാർക്കെതിരെ ഒരുമിച്ച് കേസ് എടുക്കേണ്ടി വരുന്നതും അവരെയൊക്കെത്തന്നെയും ഒരുമിച്ച് കോടതിയിൽ ഹാജരാക്കേണ്ടി വരുന്നതുമാണ് പൊലീസിനെ കുഴയ്ക്കുന്നത്.കല്ല് പിഴുതുമാറ്റുന്നവർക്കെതിരേ, പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്ന നിയമപ്രകാരം കേസെടുക്കാമെന്നാണ് പൊലീസിന് ലഭിച്ച നിർദ്ദേശം.

സംസ്ഥാനത്ത് പലയിടത്തും കേസെടുത്തെങ്കിലും തുടർനടപടികളാണ് പൊലീസിനെ വലയ്ക്കുന്നത്.ജനങ്ങൾ ഒന്നായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമാണ് കല്ല് നീക്കൽ. കേസ് എടുക്കേണ്ടിവരുന്നത് വലിയൊരു കൂട്ടത്തിന് എതിരെയാണ്. സ്റ്റേഷൻ ജാമ്യം കിട്ടുകയില്ല. ഇത്രയുംപേരെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും വേണം. കല്ലിന് 5000 രൂപ മൂല്യം നിശ്ചയിച്ചതിനാൽ അത്ര രൂപ പിഴയായി ഈടാക്കേണ്ടിവരും. ഇത്രയേറെ പേരെ കോടതിയിൽ ഹാജരാക്കുന്നതിന് പൊലീസ് വണ്ടിയും അകമ്പടിയും വേണം. നാടെങ്ങും പ്രതിഷേധം നിലനിൽക്കെ ഇതെല്ലാം എളുപ്പമല്ല.

സമരത്തിന്റെ ആദ്യദിനങ്ങളിൽ കല്ല് പിഴുതുമാറ്റുന്നത് തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും ഇപ്പോൾ നേരിട്ട് സംഘർഷത്തിലേക്ക് പോകുന്നത് ഒഴിവാക്കുകയാണ്. കോട്ടയത്ത് കല്ലിടൽ തടയാൻ ശ്രമിച്ചവരെ പ്രതിരോധിക്കുക മാത്രമേ പൊലീസ് ചെയ്തുള്ളൂ. ചൊവ്വാഴ്ച രണ്ടാമത്തെ കല്ല് നീക്കിയപ്പോൾ ഇടപെട്ടതുമില്ല.

എന്നാൽ ആദ്യത്തെ ജനകീയ പ്രതിഷേധം നടന്ന ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ പൊലീസ്, ജനത്തെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. അതിനുശേഷമാണ് കല്ലിട്ടത്. സ്ഥലത്തുനിന്ന് അറസ്റ്റുചെയ്തവരെ സ്റ്റേഷനിൽ തടഞ്ഞുവെച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. സ്റ്റേഷൻ ഉപരോധമുണ്ടായി.

മുതിർന്ന നേതാക്കളെയും ജനപ്രതിനിധികളെയും വസ്ത്രം കീറുംവിധം കൈയേറ്റം ചെയ്തതും പൊലീസിന് വീഴ്ചയായി. മുന്മന്ത്രി കെ.സി. ജോസഫിനോടുപോലും ഡിവൈ.എസ്‌പി. മോശമായി സംസാരിച്ചത് കീഴ്‌വഴക്കങ്ങളുടെ ലംഘനമായി. ഈ സാഹചര്യത്തിലാണ് സംഘർഷം ലഘൂകരിക്കാൻ ഡി.ജി.പി. നിർദേശിച്ചത്. കല്ല് പിഴുതുന്ന സംഭവങ്ങളിലെ കേസും നടപടികളും ജനരോഷത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

അതേസമയം പദ്ധതിക്ക് ബഫർസോൺ ഇല്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞതിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തുവന്നു. പദ്ധതിക്ക് ബഫർസോൺ ഉണ്ടാകുമെന്ന് കോടിയേരി വ്യക്തമാക്കി. ഇക്കാര്യത്തിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞതല്ല, കെ-റെയിൽ എംഡി പറഞ്ഞതാണ് ശരിയെന്ന് കോടിയേരി പറഞ്ഞു.

സിൽവർ ലൈനിന് ബഫർ സോൺ ഇല്ലെന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകൾ വിവാദമായിരുന്നു. ഇതു തിരുത്തി കെ റെയിൽ എംഡി തന്നെ രംഗത്തുവരികയും ചെയ്തു. സിൽവർ ലൈനിന് ഇരുഭാഗത്തുമായി ഇരുപതു മീറ്റർ ബഫർ സോൺ ഉണ്ടാവുമെന്നാണ് എംഡി വി അജിത് കുമാർ വ്യക്തമാക്കിയത്. ഇതിൽ അഞ്ചു മീറ്ററിൽ നിർമ്മാണം അനുവദിക്കില്ല. ശേഷിച്ച അഞ്ചു മീറ്ററിൽ നിർമ്മാണത്തിന് അനുമതി തേടണമെന്നും അജിത് കുമാർ അറിയിച്ചു.

പദ്ധതിക്കായി ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് കോടിയേരി അറിയിച്ചു. നഷ്ടപരിഹാരം നൽകിയ ശേഷമേ ഭൂമി ഏറ്റെടുക്കൂ. ഹൈക്കോടതി അനുമതി നൽകിയ പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. സിൽവർ ലൈൻ സർവേ തടയാൻ കോൺഗ്രസ് കരുതൽ പട രൂപീകരിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കോടിയേരിയുടെ പ്രതികരണം ഇങ്ങനെ: '' എല്ലാ പടയും വരട്ടെ'' പൊലീസ് സംയമനം പാലിക്കുന്നതു കൊണ്ടാണ് കൂടുതൽ നടപടികളിലേക്കു പോവാത്തത്. ഹൈസ്പീഡ് റെയിൽ പദ്ധതിക്കായി മുമ്പ് യുഡിഎഫ് കല്ലിട്ടിരുന്നുവെന്നും അന്ന് എൽഡിഎഫ് ഒരു എതിർപ്പും ഉയർത്തിയിരുന്നില്ലെന്നും കോടിയേരി പറഞ്ഞു.