കൊച്ചി: എറണാകുളം കലൂർ -കതൃക്കടവ് റോടിന് ഇരുവശത്തുമുള്ള മരങ്ങളുടെ ദുരവസ്ഥ കണ്ടാണ് ഒരുവിഭാഗം പ്രകൃതി സ്‌നേഹികൾ മരങ്ങളെ രക്ഷിക്കാൻ രംഗത്തിറങ്ങിയത്. മരം നട്ടപ്പോൾ സംരക്ഷണത്തിനായി ചുറ്റും സ്ഥാപിച്ച ഇരുമ്പുവേലി(ട്രീ ഗാർഡ്)കൾ ആണ് മരങ്ങളെ ശ്വാസം മുട്ടിച്ചിരുന്നത്. ഇരുമ്പു വേലിക്കൂട് അറുത്തുമാറ്റാൻ ഒരു സംഘം പ്രകൃതിസ്‌നേഹികൾ മുന്നോട്ടുവന്നു. റോഡിന്റെ വശങ്ങളിലെ മരങ്ങിലെ 60 അറുപതു ശതമാനത്തിന്റെയും ട്രീ ഗാർഡുകൾ ഇവർ എടുത്തമാറ്റി. അതിരില്ലാത്ത സ്വാതന്ത്ര്യത്തിൽ വളരാൻ കഴിയുന്നതിന്റെ പ്രത്യേക സുഖം മരങ്ങൾ ആസ്വദിക്കുന്നതായി ഇപ്പോൾ തോന്നും.

കഴിഞ്ഞ ഞായറാഴ്ചയാണ് സഞ്ചാരി, ഗ്രീൻവെയ്ൻ, എക്കോ വാരിയേഴ്‌സ്, പറവൂർ ബൈക്ക് റൈഡേഴ്‌സ് തുടങ്ങിയ ക്ലബുകളിൽ നിന്നുമുള്ള 30 ഓളം പേർ ചേർന്ന് ട്രീഗാർഡുഗകൾ നീക്കം ചെയ്യാൻ തുടങ്ങിയത്. 60 ശതമാനം ട്രീഗാർഡുകൾ ഇങ്ങനെ നീക്കം ചെയ്തു. എന്നാൽ അപ്പോഴേക്കും ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ചോദ്യവുമായി രംഗത്തെത്തിയതോടെ ഇവർക്കു പിൻവാങ്ങേണ്ടിവന്നു. വർഷങ്ങൾക്കു മുമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതിയിാണ് മരങ്ങൾ നട്ടത്. വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ട്രീ ഗാർഡ് നീക്കിയവർക്കെതിരേ എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ പരാതി നല്കിയിരിക്കുകയാണ്.

ഇതിനിടെ പരിസ്ഥിതി സ്‌നേഹികൾ നീക്കം ചെയ്ത ചില ട്രീഗാർഡുകൾ തിരിച്ചു സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വിഭാഗം നല്ല മനുഷ്യർ ഉള്ളതുകൊണ്ടു കൂടിയാണ് ഈ ലോകം ഇങ്ങനെ നിലനിന്നു പോകുന്നത്. ആ വിഭാഗത്തിലുള്ള കുറേ നല്ല മനുഷ്യർ വർഷങ്ങൾക്ക് മുൻപ്, വർഷങ്ങൾ എടുത്ത് ചെയ്ത പരിശ്രമത്തിന്റെ ഫലങ്ങൾക്കാണ് ഇപ്പോൾ ഭീഷണി നേരിടുന്നത്. കലൂർ - കത്രിക്കടവ് - കടവന്ത്ര റോഡിൽ ഇരുവശങ്ങളിലുമായി നിൽക്കുന്ന ഏതാനും വർഷങ്ങൾ പ്രായമുള്ള നൂറിലേറെ മരങ്ങളാണ് ഇരുമ്പഴിക്കുള്ളിൽ ശാപമോക്ഷം കാത്തു നിൽക്കുന്നത്.

അന്ന് ഈ മരങ്ങളെ സംരക്ഷിക്കാൻ വച്ചിരുന്ന ട്രീ ഗാർഡുകൾ എല്ലാം മാറ്റേണ്ട സമയം അതിക്രമിച്ചിട്ട് കാലങ്ങളായി. ചില ട്രീ ഗാർഡുകൾ ചപ്പുചവറുകൾ കൂട്ടിയിടാനുള്ള വേസ്റ്റ് ബാസ്‌ക്കറ്റുകൾ പോലെയും ആയി മാറിയിരിക്കുന്നു. മരങ്ങളുടെ അവസ്ഥ വിങ്ങിപ്പൊട്ടി നിൽക്കുന്ന തടവകാരുടേതു പോലെയാണ്. വേസ്റ്റ് ബാസ്‌ക്കറ്റായി മാറിയ ചില മരങ്ങളുടെ ട്രീ ഗാർഡുകൾ നിറയുമ്പോൾ അതിൽ തീയിടാറുമുണ്ട്. ഫലത്തിൽ നാശം സംഭവിക്കുന്നത് വർഷങ്ങൾ പ്രായമുള്ള മരങ്ങൾക്കും. ഈ റോഡിൽ ഇന്ധിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ സോണൽ ഓഫീസിനു സമീപമുള്ള ഒരു മാവിനു താഴെ ( ട്രീ ഗാർഡില്ലാത്ത മാവ് ) തീ കൂട്ടിക്കത്തിക്കാറുണ്ട്.

' ഈ റോഡ് സൈഡിൽ ചൂടിലും പൊടിയിലും ഇത്രയും വളരാൻ പെട്ട പാട് എനിക്കേ അറിയൂ. ഒന്ന് പൊങ്ങി വന്നപ്പോൾ നമ്മട മൂട്ടിൽ തന്നെ അടുപ്പ് കൂട്ടിത്തുടങ്ങി. ജീവിക്കാൻ സമ്മതിക്കില്ല എന്ന അവസ്ഥയിലായി '' എന്ന് ആ മാവ് പറയുന്നതുപോലെ തോന്നും. ഈ ട്രീ ഗാർഡുകൾ മുഴുവൻ കട്ട് ചെയ്ത് മാറ്റുകയെന്നത് വളരെ ശ്രമകരമായ ജോലിയാണ്. അതിന് ഈ മരങ്ങൾ വച്ചു പിടിപ്പിച്ചവരുടെ സമ്മതവും സഹായവും ആവിശ്യവുമാണ്.

ഈ രക്ഷാപ്രവർത്തനം വിജയിച്ചാൽ ഒരുപാട് മരങ്ങളെ തടവിൽ നിന്നും രക്ഷിക്കുന്ന പുണ്യപ്രവർത്തിയായിരിക്കും അത്. മാത്രമല്ല മുറിച്ചു മാറ്റുന്ന ട്രീ ഗാർഡുകൾ വലിയ കുഴപ്പമില്ലാതെ കിട്ടുകയാണേൽ അറ്റകുറ്റപ്പണി ചെയ്ത് പെയിന്റടിച്ച് എടുത്താൽ പൊതുസ്ഥലങ്ങളിൽ തൈകൾ നടുമ്പോൾ സംരക്ഷണാർത്ഥം വീണ്ടും ഉപയോഗിക്കാം.

മരം നടുന്നത് പോലെ തന്നെ പ്രധാന്യമർഹിക്കുന്നതാണ് മരങ്ങൾ സംരക്ഷിക്കുന്നതും. സൃഷ്ടി മാത്രമല്ല സ്ഥിതിയും പ്രാധാനപ്പെട്ടതാണ്. കുറേ നല്ല മനുഷ്യർ പ്രകൃതിക്കും മനുഷ്യർക്കും വേണ്ടി ചെയ്ത നല്ല ശ്രമം, അവ വളർന്ന് വൃക്ഷങ്ങളായി. ഇവയെല്ലാം ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഏതെങ്കിലും സംഘടനക അല്ലെങ്കിൽ വിശാല കൊച്ചി വികസന അഥോറിട്ടി(ജിസിഡിഎ)യോ മുന്നോട്ട് വരണമെന്ന് പരിസ്ഥിതി സ്‌നേഹികൾ ആവശ്യപ്പെടുന്നു.