കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൾസർ സുനിൽ എന്ന സുനിൽകുമാറാണ് ഒന്നാം പ്രതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം നൽകിയത്. കേസിൽ നിർണായക തെളിവായ സുനിലിന്റെ മൊബൈൽ ഫോൺ കണ്ടെത്താൻ ശ്രമിക്കുമെന്നു പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. 165 സാക്ഷികളുടെ പട്ടികയും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.

ഫെബ്രുവരി പതിനേഴിനാണു പുതിയ സിനിമയുമായി ബന്ധപ്പെട്ട ആവശ്യത്തിന് തൃശൂരിൽനിന്ന് എറണാകുളത്തേക്കു വരികയായിരുന്ന നടി ആക്രമിക്കപ്പെട്ടത്. ആലുവ അത്താണിക്കു സമീപം വച്ചു നടി സഞ്ചരിച്ച കാറിൽ പിക് അപ്പ് വാൻ ഇടിക്കുകയും പിന്നീട് കാറിൽ കയറിയ പൾസർ സുനിൽ അടക്കമുള്ള അക്രമികൾ നടിയെ ഉപദ്രവിച്ചത്. ക്വട്ടേഷൻ ആണെന്നുപറഞ്ഞായിരുന്നു ആക്രമണം. സംസ്ഥാനത്തെ ഏറെ വിവാദമായ കേസിൽ സിനിമാരംഗവുമായി ബന്ധമുള്ള ക്വട്ടേഷൻകാരൻ പൾസർ സുനിയാണു പിന്നിലെന്നു വ്യക്തമായി.

പൊലീസിനെ വെട്ടിച്ചു പൾസർ സുനി പലയിടങ്ങളിൽ രക്ഷപ്പെട്ടു. ഒടുവിൽ പൊലീസിനെ വെട്ടിച്ച് എറണാകുളം കോടതിയിൽ സുനിൽകീഴടങ്ങുകയായിരുന്നു. മുൻവൈരാഗ്യത്തെത്തുടർന്നു നടിയെ ആക്രമിക്കുകയായിരുന്നെന്നാണു സുനിൽ നൽകിയ മൊഴി. എന്നാൽ, ഇതിനു പിന്നിൽ വലിയ സിനിമാ ബന്ധങ്ങളുണ്ടെന്ന രീതിയിൽ പ്രചാരണം നടന്നിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയതായാണു പരാതി. ഇതനുസരിച്ചാണെങ്കിൽ മൊബൈൽ ഫോണാണു പ്രധാനതെളിവ്. അത് ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.