കോഴിക്കോട്: കഴിഞ്ഞദിവസം ദുബായിൽ നിന്ന് കരിപ്പൂരിൽ വന്നിറങ്ങിയ ഉടൻ ഗുജറാത്ത് പൊലീസ് അറസ്റ്റുചെയ്ത ഷൂഹൈബ് ഭീകരപ്രവർത്തകനല്ലെന്നും ഇയാൾക്ക് അഹമ്മദാബാദ് സ്‌ഫോടനവുമായെന്നല്ല ഇത്തരം കേസുമായും ബന്ധമില്ലെന്നും വ്യക്തമാക്കി ബന്ധുക്കൾ രംഗത്ത്.

മലപ്പുറം കൊടിഞ്ഞി സ്വദേശി ഷുഹൈബ് പൊറ്റാനിക്കൽ ആണ് മെയ് 22ന് കരിപ്പൂരിൽ വിമാനമിറങ്ങിയതിന് പിന്നാലെ അറസ്റ്റിലായത്. അഹമ്മദാബാദ് സ്ഫോടനമടകക്കം നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇയാൾ ദുബായിൽ ജയിലിലായിരുന്നുവെന്നും ഇന്ത്യയുടെ ആവശ്യപ്രകാരം അവിടെനിന്ന് നാടുകടത്തപ്പെട്ട ഷുഹൈബിനെ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തശേഷം ഗുജറാത്ത് പൊലീസിന് കൈമാറുകയായിരുന്നു എന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.

സ്ഫോടനക്കേസിൽ അന്വേഷണ ഏജൻസികൾ തിരഞ്ഞുകൊണ്ടിരുന്ന ഭീകരനാണ് ഷുഹൈബെന്നും വ്യക്തമാക്കിയ പൊലീസ് റിയാസ് ഭട്കലിനെയും സി.എ.എം.ബഷീറിനെയും പോലെ ഷുഹൈബിനെയും തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു എന്നും വെളിപ്പെടുത്തിയിരുന്നു.

എന്നാൽ പൊലീസ് ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് വ്യക്തമാക്കുകയാണ് ബന്ധുക്കൾ. ഷുഹൈബിനെതിരായി യാതൊരു കേസും നിലവിലില്ലെന്നും പൈപ്പ് ബോംബ് കേസ് ഉൾപ്പെടെയുള്ളവയിൽ അദ്ദേഹം പ്രതിയാണെന്ന പൊലീസ് പ്രചാരണം തെറ്റാണെന്നും ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഷുഹൈബിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണ്. സംഭവത്തെ കുറിച്ച് തെറ്റായ വിവരങ്ങളാണ് മാധ്യമങ്ങളിലൂടെ പൊലീസ് പ്രചരിപ്പിക്കുന്നത്. പൈപ്പ് ബോംബ് കേസ്, ഗുജറാത്തിലെ വിവിധ സ്ഥലങ്ങളിലെ സ്ഫോടന കേസുകൾ എന്നിവയിൽ ഒളിവിൽ പോയ പ്രതികളിൽ ഒരാളായാണ് ഷുഹൈബിനൈ പൊലീസ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. കൂമൻകല്ല് പൈപ്പ് ബോംബ് കേസിലെ പ്രതിപ്പട്ടികയിൽ ഷുഹൈബിന്റെ പേര് ഒരിക്കൽപോലും വന്നിട്ടില്ല.

തെറ്റായ വിവരങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് കൊടുക്കുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്റർപോളിന്റെ ലുക്കൗട്ട് നോട്ടീസിനെ തുടർന്ന് 2010 ജൂൺ ആദ്യവാരം യുഎഇ പൊലീസ് ഷുഹൈബിനെ അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്തിലെ സ്ഫോടന കേസുകളിൽ ഒളിവിൽ കഴിയുന്ന പ്രതിയാണെന്ന പൊലീസ് റിപോർട്ടിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. സൗദിയിൽ നിന്ന് മടങ്ങിവരുന്നതിനിടെ ഷാർജ വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. ഷുഹൈബിനെതിരെ ഇന്ത്യയിലുള്ള കേസുകളുടെ രേഖകൾ രണ്ട് മാസത്തിനകം ഹാജരാക്കാൻ അബുദാബി കോടതിയും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, രേഖകൾ ഹാജരാക്കാൻ ഇന്ത്യൻ അധികൃതർക്കായില്ല. തുടർന്ന് ജൂലൈ 22ന് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. പിന്നീട് പലതവണ ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാക്കാത്തതിനാൽ 2012 ഏപ്രിലിൽ അബുദാബി ഫെഡറൽ സുപ്രിം കോടതി തെളിവുകളുടെ അഭാവത്തിൽ ഷുഹൈബിനെതിരായ എല്ലാ കേസുകളും തള്ളി അദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു.

പിടിച്ചെടുത്ത പാസ്പോർട്ടും കോടതി തിരികെ നൽകി. 2017 മെയ് രണ്ടു വരെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ യുഎഇയിൽ ജോലി ചെയ്ത് വരികയായിരുന്ന ഷുഹൈബിനെ പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനെ തുടർന്ന് അവിടെ നിന്ന് കയറ്റിവിടുകയായിരുന്നു. അങ്ങനെ തിരിച്ച്കരിപ്പൂരിലെത്തിയപ്പോഴാണ് വിവിധ കേസുകളുടെ പേര് പറഞ്ഞ് കേരള പൊലീസിന്റെ സഹായത്തോടെ ഗുജറാത്ത് പൊലീസ് അറസ്റ്റ്് ചെയ്തത്.

ഷുഹൈബ് ഒളിവിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, യുഎഇയിൽ 2018 വരെ കാലാവധിയുള്ള വിസയിലാണ് അദ്ദേഹം താമസിച്ചത്. ഇക്കാര്യം ഇന്ത്യൻ കോൺസുലേറ്റിനും മറ്റും അറിയാവുന്നതാണ്. മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യയും മാതാപിതാക്കളും സഹോദരങ്ങളുമടങ്ങുന്ന കുടുംബം യുഎഇയിൽ ഷുഹൈബിനൊപ്പം താമസിക്കുകയും അദ്ദേഹം നിരന്തരം നാടുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.

ഇത്രയും വലിയ ഭീകരക്കേസുകളിൽ പ്രതിയായിരുന്നെങ്കിൽ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ കരാർ നിലവിലുള്ള രാജ്യത്ത് ഷുഹൈബിന് എങ്ങനെയാണ് താമസിക്കാനായതെന്നും വർഷങ്ങളോളം അബുദാബി കോടതി ആവശ്യപ്പെട്ടിട്ടും നൽകാത്ത എന്ത് രേഖകളാണ് പുതുതായി പൊലീസിന് കിട്ടിയതെന്നും ബന്ധുക്കൾ ചോദിക്കുന്നു.

പത്താം ക്ലാസ് പരാജയപ്പെട്ട് നാട്ടിൽ ജോലിയെടുത്ത് കഴിഞ്ഞിരുന്ന ഷുഹൈബ് കുറച്ച് നാളത്തെ പ്രവാസത്തിന് ശേഷം രണ്ട് വർഷത്തോളം മലപ്പുറം ജില്ലയിലെ രണ്ടത്താണിക്കടുത്ത് ഇലക്ട്രോണിക്സ് കട നടത്തിയിരുന്നു. രണ്ട് വർഷത്തിന് ശേഷം കടപൂട്ടിയതിനെ തുടർന്ന് ബംഗളൂരുവിൽ ഒരു റെഡിമെയ്ഡ് യൂനിറ്റ് ആരംഭിച്ചു.

ഇതുമായി ബന്ധപ്പെട്ട് പലതവണ ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചു. ഇതിനിടയിലാണ് ഷുഹൈബ് നടത്തിയിരുന്ന ഇലക്ട്രോണിക്സ് കടയിൽ ജോലിക്ക് നിന്നിരുന്ന സത്താർഭായി എന്നയാളെ ചില കേസുകളുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ മൊഴിയുണ്ടെന്ന് പറഞ്ഞ് പൊലീസ് ഷുഹൈബിനെ അന്വേഷിച്ച് കുടുംബത്തെ വേട്ടയാടുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇന്നുവരെ ഒരു കേസിൽ പോലും പ്രതിചേർക്കപ്പെടുക പോലും ചെയ്യാത്ത 49 വയസ്സുകാരനായ ഷുഹൈബിനെ ഇന്ത്യൻ മുജാഹിദീന്റെ ഗൾഫ് കോ-ഓഡിനേറ്ററായും മറ്റുമാണ് ഇപ്പോൾ പൊലീസും മാധ്യമങ്ങളും ചിത്രീകരിക്കുന്നത്. വ്യാജ ഭീകരക്കേസുകൾ ചുമത്തി പത്തും ഇരുപതും വർഷം ജയിലിലിട്ട ശേഷം നിരപരാധികളാണെന്ന് കണ്ട് നിരവധി യുവാക്കളെയാണ് കോടതി വെറുതെ വിടുന്നത് സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ തങ്ങൾക്ക് ഷുഹൈബിന്റെ കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പിതാവ് പി അബ്ദുൽ ഖാദർ, സഹോദരന്മാരായ പി ഷമീം, പി സാബിർ, മനുഷ്യാവകാശ പ്രവർത്തകൻ മിർസാദ് റഹ്മാൻ, അബ്ദുൽ ഹമീദ് എന്നിവർ പങ്കെടുത്തു.