അമൃത്സർ: പഞ്ചാബിലെ പട്യാലയിൽ ശിവസേന റാലിക്കിടെ സംഘർഷം. ഖാലിസ്ഥാൻ ഗ്രൂപ്പുകൾക്ക് എതിരെ പഞ്ചാബ് ശിവസേന വർക്കിങ് പ്രസിഡന്റ് ഹരീഷ് സിങ്ലയുടെ മേൽനോട്ടത്തിൽ ശിവസേന മാർച്ച് നടത്തുന്നതിനിടെയാണ് സംഭവം. പഞ്ചാബിലെ പട്യാലയിലെ കാളി മാതാ ക്ഷേത്രത്തിന് സമീപം ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞായിരുന്നു സംഘർഷം. സംഘർഷത്തിനിടെ ശിവസേന, സിഖ് സംഘടനാ ഗ്രൂപ്പുകൾ തമ്മിൽ കല്ലേറുകളും വാൾ വീശലും ഉണ്ടായി.

രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിലും കല്ലേറിലും വൻ നാശനഷ്ടം സംഭവിച്ചു. ശിവസേന അനുമതിയില്ലാതെ നടത്തിയ ഖാലിസ്ഥാൻ വിരുദ്ധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഏറ്റുമുട്ടിയവരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചു.

റാലിക്കിടെ ഒരു സിഖ് സംഘടനയുടെയും ഹിന്ദു സംഘടനയുടെയും അംഗങ്ങൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ജനക്കൂട്ടത്തിൽ നിന്ന് നിരവധി പേർ മുദ്രാവാക്യം വിളിച്ചത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ശിവസേന പ്രവർത്തകർ 'ഖാലിസ്ഥാൻ മുർദാബാദ്' എന്ന മുദ്രാവാക്യം മുഴക്കി. അതിനെ തുടർന്ന് സിഖ് സംഘടനകളിലെ ചില അംഗങ്ങൾ വാളെടുത്ത് തെരുവിലിറങ്ങി. ഇരുകൂട്ടരും കല്ലേറ് തുടങ്ങിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു.

സംഭവത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ ഒരു വിഭാഗം ആളുകൾ വാളുകൾ വീശുന്നതും മുദ്രാവാക്യം വിളിക്കുന്നതും കാണാം. സ്ഥിതിഗതികൾ വഷളായതോടെ ചിലർ പൊലീസുകാരുമായി തർക്കിക്കുകയും ചെയ്തു. അതേസമയം പട്യാല ഡെപ്യൂട്ടി കമ്മീഷണർ സാക്ഷി സാഹ്നി സമാധാനത്തിന് ആഹ്വാനം ചെയ്തു. കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണനമെന്നും അടിസ്ഥാനമില്ലാത്ത വാർത്തകളിൽ വീഴാതിരിക്കണം എന്നും സാക്ഷി സാഹ്നി ജനങ്ങളോട് അഭ്യർത്ഥിച്ചു.

സമാധാനവും സാഹോദര്യവും നിലനിർത്താൻ പാട്യാലയിലെയും പഞ്ചാബിലെയും എല്ലാ സഹോദരീസഹോദരന്മാരോടും ജില്ലാ ഭരണകൂടം അഭ്യർത്ഥിക്കുന്നു,' സാക്ഷി സാഹ്നി പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്, തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. സമാധാനവും ഐക്യവും ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്,' സാക്ഷി സാഹ്നി പറഞ്ഞു.

ആരും അടിസ്ഥാനരഹിതമായ വാർത്തകളിലും സോഷ്യൽ മീഡിയ ഫോർവേഡുകളിലും വീഴാതിരിക്കാനും അതത് വീടുകളിലേക്കും താമസ സ്ഥലങ്ങളിലേക്കും മടങ്ങാനും അഭ്യർത്ഥിക്കുന്നു, സാക്ഷി സാഹ്നി പറഞ്ഞു. തർക്കം പരിഹരിക്കാൻ ഇരുകൂട്ടരും തമ്മിലുള്ള സംഭാഷണത്തിനും സാക്ഷി സാഹ്നി ആഹ്വാനം ചെയ്തു. 'സമാധാനവും സൗഹാർദവുമാണ് നമ്മുടെ എല്ലാ മതങ്ങളുടെയും അടിസ്ഥാന ധാർമ്മികതയുടെയും കേന്ദ്രം. എന്തെങ്കിലും തർക്കമോ തെറ്റിദ്ധാരണയോ ഉണ്ടെങ്കിലും അത് സംഭാഷണത്തിലൂടെ പരിഹരിക്കേണ്ടത് പ്രധാനമാണ്, പട്യാല ഡെപ്യൂട്ടി കമ്മീഷണർ സാക്ഷി സാഹ്നി സാക്ഷി സാഹ്നി പറഞ്ഞു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.

ഉച്ചയോടെയാണ് ശിവസേന നടത്തിയ ഖാലിസ്ഥാൻ വിരുദ്ധ മാർച്ചിൽ വൻസംഘർഷമുണ്ടായത്. മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. ഈ മാർച്ചിനിടെ ചില സിഖ് സംഘടനകൾ പ്രതിഷേധവുമായി എത്തി. മാർച്ചിന് നേരെയും തിരിച്ചും കല്ലേറുണ്ടായി. ആകാശത്തേക്ക് വെടിവച്ചും ടിയർ ഗ്യാസ് പ്രയോഗിച്ചുമാണ് പൊലീസ് ഈ സംഘർഷാവസ്ഥ ലഘൂകരിച്ചത്. വലിയ സംഘർഷാവസ്ഥ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി പട്യാല നഗരത്തിൽ തുടർന്നു. ആളുകൾ തമ്മിൽ കല്ലേറും ഉന്തും തള്ളും സംഘർഷവുമായി. പൊലീസ് ഏറെ പണിപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

അതേസമയം, പഞ്ചാബിന്റെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. നിലവിൽ സ്ഥിതിഗതികൾ സമാധാനപരമെന്നും മാൻ വ്യക്തമാക്കി. സംഭവത്തിൽ പഞ്ചാബ് ഡിജിപിയോട് ഭഗവന്ത് മാൻ റിപ്പോർട്ട് തേടി.

''പഞ്ചാബിന്റെ സമാധാനം തകർക്കാൻ ഉള്ള ശ്രമങ്ങൾ ഒന്നും അനുവദിക്കാവുന്നതല്ല. പട്യാലയിലെ സംഘർഷങ്ങൾ വളരെ ദൗർഭാഗ്യകരമാണ്. ഡിജിപിയുമായി ഞാൻ സംസാരിച്ചു. സ്ഥലത്ത് സ്ഥിതിഗതികൾ ഇപ്പോൾ സമാധാനപരമാണ്. സ്ഥലത്തെ സ്ഥിതിഗതികൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഒരാളെയും സംസ്ഥാനത്തിന്റെ സമാധാനം തകർക്കാൻ അനുവദിക്കില്ല. പഞ്ചാബിന്റെ സമാധാനവും സന്തോഷവുമാണ് ഏറ്റവും പ്രധാനം'', ഭഗവന്ത് മാൻ ട്വീറ്റ് ചെയ്തു.

ജില്ലാ ഭരണകൂടവും സമാധാനം പാലിക്കണമെന്നും, ഇരുവിഭാഗങ്ങളും സംഘർഷം ഒഴിവാക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. തർക്കങ്ങൾ ഒരു ചർച്ച സംഘടിപ്പിച്ച് പറഞ്ഞുതീർക്കാമെന്നും, ഒരു തരത്തിലും അക്രമം പാടില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.