കോയമ്പത്തൂർ: തിങ്കളാഴ്ച അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും താമസിച്ച സ്ഥലത്തുനിന്നു പൊലീസ് 25 മൊബൈൽ ഫോണുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. മൊബൈൽ ഫോണുകൾ കൂടാതെ ഒരു ടാബ്‌ലെറ്റും 30 ഡിവിഡികളും ഇവിടെനിന്നു പൊലീസ് കണ്ടെത്തി. മെഡിക്കൽ റെപ്രസെന്റേറ്റീവുമാർ എന്ന വ്യാജേനയാണ് ഇവർ കോയമ്പത്തൂരിൽ വാടകയ്ക്കു വീടെടുത്തു താമസിച്ചത്.

അതിനിടെ, നീറ്റാജലാറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ ആക്രമണം നടത്തിയതു കോയമ്പത്തൂരിൽ നിന്നും പിടിയിലായ മാവോയിസ്റ്റ് സംഘത്തിലെ അനൂപാണെന്നു പൊലീസ് പറഞ്ഞു. ആക്രമണത്തിനു സാക്ഷികളായവർ അനൂപിനെ തിരിച്ചറിഞ്ഞതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് ഇന്റലിജൻസ് ഇക്കാര്യം സ്ഥിരീകരിച്ചത്. അനൂപിന്റെ മുൻകാല ഇടപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇന്റലിജൻസ് ശേഖരിച്ചു വരികയാണ്. കോഴിക്കോട്, മലപ്പുറം, കാസർകോട് മേഖലകൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടത്തിയതിൽ മുഖ്യകണ്ണിയാണ് അനൂപെന്നും സംശയിക്കുന്നുണ്ട്. തിങ്കളാഴ്ച മാവോയിസ്റ്റ് നേതാവ് രൂപേഷിനൊപ്പം കോയമ്പത്തൂരിൽനിന്നാണ് അനൂപിനെ പൊലീസ് പിടികൂടുന്നത്. പത്തനംതിട്ട ജില്ലയിലെ കുമ്പളാംപൊയ്ക സ്വദേശിയാണ് അനൂപ്.

കൊച്ചിയിലെയും തലസ്ഥാനത്തെയും ഐ.ടി സ്ഥാപനങ്ങളിലെ ചിലർ മാവോയിസ്റ്റുകൾക്ക് സൈബർസഹായം നൽകുന്നതായും വിവരം ലഭിച്ചതായി പൊലീസ് സൂചിപ്പിക്കുന്നു. എണ്ണത്തിൽ വളരെക്കുറഞ്ഞ ഇവരെ മാവോയിസ്റ്റ് സെൻട്രൽ മിലിട്ടറി കമ്മിറ്റി നേരിട്ടാണ് നിയന്ത്രിക്കുന്നത്. ജീവനക്കാരടക്കം ഇടത്തട്ടുകാർക്കിടയിൽ പ്രചാരണത്തിനാണ് പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവരെ നിയോഗിക്കുന്നത്. അത്യാവശ്യഘട്ടത്തിൽ സഹായത്തിന് ഡോക്ടർമാരുടെയും ആശുപത്രികളുടെയും ശൃംഖല അർബൻ കമ്മിറ്റി സജ്ജമാക്കിയിട്ടുണ്ട്. വനത്തിൽ തമ്പടിച്ചിട്ടുള്ളവർക്ക് ഭക്ഷണവും വെള്ളവും അവശ്യസാധനങ്ങളും എത്തിക്കാൻ ലോജിസ്റ്റിക്ക് സപ്പോർട്ട് ഗ്രൂപ്പിനും മാവോയിസ്റ്റുകൾ രൂപംനൽകിയിട്ടുണ്ടെന്നാണ് വിവരം.

രൂപേഷിന്റെ ഭാര്യ ഷൈനയിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ അൻപതിലേറെ പേരുടെ വിലാസവും ഫോൺനമ്പരുകളുമുള്ളതായും റിപ്പോർട്ടുണ്ട്. മലയാളത്തിലെഴുതിയ കത്തുകളും ഡയറിയിൽ തിരുകിയിരുന്നു. രണ്ട് സിം കാർഡുകളിലെ ഫോൺവിളികൾ പരിശോധിച്ചപ്പോൾ തമിഴ്‌നാട്ടിലെ പത്ത് നമ്പരുകൾ കണ്ടെത്തിയിട്ടുണ്ട്. ക്യൂ ബ്രാഞ്ച് ഡി.ഐ.ജി ഈശ്വരമൂർത്തി, എസ്‌പി ഭവാനീശ്വരൻ എന്നിവരുടെ സംഘമാണ് വിവരങ്ങൾ ശേഖരിച്ചത്. ഡയറിയിലുള്ള കേരളത്തിലെ നമ്പരുകളും മറ്റ് വിവരങ്ങളും ഇന്റലിജൻസ് ശേഖരിച്ചിട്ടുണ്ട്.