വാഷിങ്ടൺ ഡിസി: ശക്തമായ മഴയെ തുടർന്നുള്ള വെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ ഇന്ത്യൻ പിഎച്ച്ഡി വിദ്യാർത്ഥിനി അൻവേഷ ഡേയ്ക്കായുള്ള തെരച്ചിൽ പൊലീസ് അവസാനിപ്പിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക്-ലിങ്കണിൽ ബയോളജിക്കൽ സയൻസിൽ പിഎച്ച്ഡി വിദ്യാർത്ഥിനിയായിരുന്നു മുപ്പതുകാരിയായ കൽക്കട്ട സ്വദേശിനി അൻവേഷ. കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും യുവതിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്.

മെയ്‌ മൂന്നിന് യുഎൻഎല്ലിനു സമീപം 23, എസ് സ്ട്രീറ്റിൽ താമസിക്കുന്ന സുഹൃത്തിനെ സന്ദർശിക്കാൻ പോയ അൻവേഷയെ പിന്നീട് ആരും  ഇതുവരെ കണ്ടിട്ടില്ല. അതേസമയം ആന്റിലോക് ക്രീക്ക് കടക്കുമ്പോൾ കാൽവഴുതി ഒരു യുവതി വീഴുന്നത് ഇവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. വെള്ളത്തിലേക്ക് വീണ യുവതി കരകയറുന്നതിനായി ശ്രമിക്കുന്നതും എന്നാൽ ശക്തമായ ഒഴുക്കിൽ പെട്ട് പോകുന്നതും വീഡിയോയിൽ പകർന്നിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ കണ്ട സുഹൃത്തുക്കൾ ഒഴുക്കിൽ പെട്ട യുവതി അൻവേഷ തന്നെയാണ് പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

അൻവേഷയ്ക്ക് നീന്തൽ അറിയില്ലായിരുന്നു എന്ന കുടുംബങ്ങളുടെ വെളിപ്പെടുത്തൽ അൻവേഷ ഒഴുക്കിൽ പെട്ട് പോയതാകാം എന്ന അനുമാനത്തിന് ആക്കം കൂട്ടുന്നു. എന്നാൽ ശക്തമായ മഴയെ തുടർന്ന് വെള്ളത്തിന്റെ തോത് ഉയർന്നുവരുന്ന സാഹചര്യത്തിൽ  ആന്റിലോപ് ക്രീക്ക് കടക്കാൻ എന്തുകൊണ്ടാണ് യുവതി തീരുമാനമെടുത്തതെന്ന് പൊലീസ് ചോദിക്കുന്നു. സോൾട്ട് ക്രീക്ക്, ആന്റിലോപ് ക്രീക്ക്, പ്ലേറ്റ് റിവർ എന്നീ മേഖലകൡ നിന്നും യുവതിയുടെ മൃതദേഹമോ വസ്തുവകകളോ കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്. കാണാതാകുന്ന സമയത്ത് ഓറഞ്ച് നിറത്തിലുള്ള ഹുഡ്ഡി ജാക്കറ്റും നീല ജീൻസുമാണ് അൻവേഷ ധരിച്ചിരുന്നത്. ചാരയും ഓറഞ്ചും ഇടകലർന്ന നിറത്തിലുള്ള ഒരു ബാക്ക് പായ്ക്കും ഇളം നീല നിറത്തിലുള്ള കുടയും യുവതിയുടെ കൈവശം ഉണ്ടായിരുന്നു.

കൽക്കട്ടയിലെ അഷുതോഷ് കോളേജിൽ നിന്നു ബിരുദം പൂർത്തിയാക്കിയ ശേഷമാണ് യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക-ലിങ്കണിൽ പിഎച്ച്ഡി എടുക്കാൻ 2013-ൽ അൻവേഷ എത്തുന്നത്. നെബാസ്‌ക ലിങ്കണിലായിരുന്നു താമസം. ഇവിടെ തനിയെ താമസിച്ചുവന്നിരുന്ന അൻവേഷയുടെ തിരോധാനം സുഹൃത്തുക്കളാണ് പൊലീസിൽ അറിയിച്ചത്.