തിരുവനന്തപുരം: പതിനെട്ടാം പടിയിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഭക്തരെ പിടിച്ചു കയറ്റില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനാ കേന്ദ്രങ്ങളിലടക്കം തീർത്ഥാടകരുടെ ദേഹത്ത് സ്പർശിക്കരുതെന്നാണ് നിർദ്ദേശം. ശബരിമല തീർത്ഥാടന കാലത്ത് പൊലീസ് പിന്തുടരേണ്ട മാർഗ നിർദ്ദേശങ്ങളിലാണ് സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പരിശോധനയ്ക്ക് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പിപിഇ കിറ്റ് ധരിക്കണമെന്നും മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

പൊലീസ് ഉദ്യോഗസ്ഥരിൽ ആരെങ്കിലും കൊറോണ ബാധിതരായാൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കണം. ശബരിമല പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയും ഹൈക്കോടതിയും നൽകിയ മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പമ്പ, ശബരിമല, നടപ്പന്തൽ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ചെറു കച്ചവടക്കാരുടെ കടന്നു കയറ്റം പൂർണമായും തടയണം. കടകളിൽ പരിശോധന നടത്തി തീർത്ഥാടകരെ കൊള്ളയടിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. കടകളിൽ അനിയന്ത്രിതമായി ഗ്യാസ് സിലണ്ടറുകൾ സൂക്ഷിക്കാൻ അനുവദിക്കരുതെന്നും പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

വരി നിൽക്കുന്ന തീർത്ഥാടകരെ നിയന്ത്രിക്കാൻ വടം ഉപയോഗിക്കരുത്. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവയ്ക്ക് പുറമെ മകരവിളക്ക് ദർശനത്തിന് മറ്റ് കേന്ദ്രങ്ങളിലും സൗകര്യമൊരുക്കണം.

നിലയ്ക്കൽ ബേസ് ക്യാമ്പിൽ നിന്നും അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുകയും നിരോധിത വസ്തുക്കൾ വിൽപ്പന നടത്തുന്നത് തടയുകയും വേണം. എരുമേലിയിൽ നിന്നും പമ്പയിലേക്ക് പോകുന്ന തീർത്ഥാടകർ പമ്പയിൽ വൈകിട്ട് അഞ്ചു മണിക്ക് എത്തുന്ന തരത്തിൽ മാത്രമെ യാത്ര അനുവദിക്കാവൂ. അഞ്ചു മണിക്ക് ശേഷം ഈ പാതയിലൂടെ ആരെങ്കിലും പോയാൽ അവരെ തടഞ്ഞ് രാത്രി തങ്ങാൻ സൗകര്യം നൽകണം.

ട്രാക്ടറിൽ യാത്രക്കാരെ കൊണ്ടു പോകാൻ അനുവദിക്കരുത്. കേന്ദ്ര സുരക്ഷാ ഏജൻസിയുടെ നിർദ്ദേശ പ്രകാരം ട്രാക്ടർ വഴി സന്നിധാനത്തേക്ക് കൊണ്ടു പോകുന്ന എല്ലാ സാധനങ്ങളും പരിശോധിക്കണം. ശരണസേതു, ബെയ്ലി പാലം വടക്കേനട, വടക്കേഗേറ്റ് എന്നിവിടങ്ങളിൽ അനധികൃതമായി ആരും പ്രവേശിക്കാൻ അനുവദിക്കരുത്.

ശ്രീകോവിൽ തിരുമുറ്റത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർ നമ്പറുള്ള ആംബാൻഡ് ധരിച്ചിരിക്കണം. ഭീകര ആക്രമണങ്ങൾക്കെതിരെയുള്ള ജാഗ്രതാ മുൻകരുതലുകളും വിശദമാക്കിയിട്ടുണ്ട്. ഡോളിയിൽ വരുന്നവരെയും കാക്കിപാന്റ് ധരിച്ചുവരുന്നവരെയും പരിശോധനയിൽ നിന്നും ഒഴിവാക്കരുതെന്നും നിർദ്ദേശമുണ്ട്.