ന്യൂജഴ്‌സി: ഒരു പക്ഷേ പൊലീസ് ലോക്കപ്പിൽ ഏറ്റവും ക്രൂരമായ മരണത്തിന് വിധേയനായിട്ടുണ്ടാവുക ഈ മനുഷ്യനായിരിക്കും...!!!. പക്ഷേ ഇയാളെ പൊലീസ് മർദിച്ച് കൊന്നതല്ലെന്നറിയുക. ന്യൂജഴ്‌സിയിലെ കാടുകയറിക്കിടന്ന മുൻ പൊലീസ് ആസ്ഥാനത്തെ ലോക്കപ്പിലായിരുന്നു ഇയാൾ മരിച്ച് കിടന്നത്. 10 വർഷങ്ങൾക്ക് മുമ്പ് ഇതിൽ കയറി ഉറങ്ങിയ ഇയാൾക്ക് അത് തുറക്കാൻ സാധിക്കാതെ പോവുകയും അവിടെ കിടന്ന് പട്ടിണി കിടന്ന് മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇയാളുടെ അസ്ഥിക്കൂടം ഇപ്പോൾ കണ്ടെത്തിയതോടെയാണ് ഈ ദാരുണസംഭവം വെളിച്ചത്തെത്തിയിരിക്കുന്നത്. ന്യൂജഴ്‌സിയിലെ പാറ്റേർസണിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിലായിരുന്നു ഈ വീടില്ലാത്ത ആൾ ഉറങ്ങാൻ കിടന്നിരുന്നത്. ഒരു തീപിടിത്തത്തെ തുടർന്നായിരുന്നു 35 വർഷങ്ങൾക്ക് മുമ്പ് ഈ കെട്ടിടം ഒഴിഞ്ഞ് പോയിരുന്നത്.

ഇപ്പോൾ ഈ കെട്ടിടത്തിൽ നടന്ന ഒരു പരിശോധനയെ തുടർന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഗ്രീൻബൗം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം ഒരു ഡെവലപർക്ക് വിൽക്കുകയായിരുന്നു. അസ്ഥിക്കൂടത്തിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ വാട്ടർബോട്ടിലിന്റെ മുകളിലുള്ള തീയതി കണക്കാക്കിയാണ് പൊലീസ് ഇയാളുടെ മരണവും കണക്ക് കൂട്ടിയെടുത്തിരിക്കുന്നത്. കൂടാതെ ഇവിടെ നിന്നും ഒരു ഔഷധത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഇയാൾ വീടില്ലാത്ത ആളായിരിക്കാമെന്നും അതിനാൽ ഇവിടെ ഉറങ്ങാനെത്തിയതായിരിക്കാമെന്നുമാണ് സൂസൻ ഗ്രീൻബൗം അഭിപ്രായപ്പെടുന്നത്. സൂസന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമായിരുന്നു ഇത്. തുടർന്ന് ഒരു ഷെൽട്ടർ നിർമ്മിക്കാനായി ഇവർ ഈ കെട്ടിടം ഒരു ഡെവലപർക്ക് കൈമാറിയിരുന്നു.

എന്നാൽ ഈ അസ്ഥിക്കൂടം വീടില്ലാത്ത ഒരാളുടേതാണെന്ന് പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഇയാളാരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പാറ്റേർസൺ പൊലീസ് ക്യാപ്റ്റനായ റിച്ചാർഡ് റെയെസ് പറയുന്നത്. ഇത് സംബന്ധിച്ച അന്വേഷണം നടന്ന് വരുകയാണ്. പാറ്റേർസൺ പൊലീസ് ഈ കെട്ടിടം നിരവധി വർഷങ്ങൾ ഹെഡ്ക്വാർട്ടേഴ്‌സായി ഉപയോഗിച്ചിരുന്നു. തുടർന്ന് 1980ൽ ഒരു തീപിടിത്തമുണ്ടായതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.