നെടുമ്പാശ്ശേരി: സ്ത്രീ പീഡന കേസിൽ പ്രതിയായതിനെ തുടർന്ന് മുങ്ങിയ ജനം ടിവി ഡിസ്ട്രിബ്യൂഷൻ വിഭാഗം മേധാവിയെ രക്ഷിക്കാൻ പൊലീസും രംഗത്ത്. ചാനൽ മേധാവിക്ക് മുൻകൂർ മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ അറസ്റ്റ് നീട്ടാനും ശ്രമം. അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ആപ്പിൾ റെസിഡൻസി ഫ്‌ളാറ്റിൽ താമസിക്കുന്ന തുരുത്തിശേരി സ്വദേശി ശ്രീകുമാർ (42) ആണ് ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ സമർപ്പിച്ചത്. ജാമ്യം നൽകുന്നത് സംബന്ധിച്ച് കോടതി പൊലീസിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

ജനം ടിവിയുടെ ഡിസ്ട്രിബ്യൂഷൻ വിഭാഗം മേധാവി ആണെങ്കിലും താൻ ചാനൽ സിഇഒ ആണെന്നു പറഞ്ഞാണ് ശ്രീകുമാർ വിലസിയിരുന്നത്. പാലക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 14ന് നെടുമ്പാശ്ശേരി പൊലീസാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ശ്രീകുമാർ താമസിക്കുന്ന ഫ്ലാറ്റിൽ വച്ചാണ് ഈ ഫ്ലാറ്റിലെ ഫ്ലോർ മാനേജരായി ജോലി ചെയ്തു വരികയായിരുന്ന പാലക്കാട് സ്വദേശിയായ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്.

ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷൻ പ്രസിഡന്റുകൂടിയായിരുന്നു ഇയാൾ. നിർധന കുടുംബത്തിലെ അംഗമായ യുവതിക്ക് കുറച്ചുകാലം വിമാനത്താവളത്തിൽ കരാർ ജോലിയുണ്ടായിരുന്നു. മറ്റൊരു സ്ഥാപനത്തിൽ ജോലി ശരിയാക്കാനായി നെടുമ്പാശ്ശേരിയിൽ തന്നെ തങ്ങുന്നതിനിടയിലാണ് ആപ്പിൾ ഫ്ലാറ്റിൽ ജോലിയിൽ പ്രവേശിച്ചത്.

സംഭവം വിവാദമായതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. എന്നാൽ ഉന്നത ബന്ധങ്ങൾ ഉള്ള ഇയാളെ സഹായിക്കാൻ പൊലീസ് ശ്രമിക്കുന്നതായും ആരോപണം ശക്തമാണ്. സംസ്ഥാനത്തെ തന്നെ ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനുമായുള്ള അടുത്ത ബന്ധം ഉപയോഗപ്പെടുത്തി ഇയാളെ അറസ്റ്റ് ചെയ്യുന്നത് വൈകിപ്പിക്കുകയാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

കേസ് രജിസ്റ്റർ ചെയ്തതിനു ശേഷവും ഇയാൾ നെടുമ്പാശ്ശേരിയിൽ തന്നെ ഉണ്ടായിരുന്നിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിരുന്നില്ല. ഇയാൾ മുങ്ങിയിരിക്കുകയാണെന്ന മറുപടിയാണ് പൊലീസ് നൽകിയിരുന്നത്. ഇതിനിടെയാണ് ഇയാൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിൽ കോടതിയിൽ സമർപ്പിക്കുന്ന പൊലീസ് റിപ്പോർട്ടിലും ഇയാൾക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂലമായ പരാമർശങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

നിർധന കുടുംബത്തിലെ അംഗമാണ് പെൺകുട്ടി എന്നതിനാൽ ഇതിനിടെ മറ്റ് രീതിയിൽ പ്രലോഭിപ്പിച്ച് കേസ് ഒതുക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും പെൺകുട്ടിയും വീട്ടുകാരും കേസിൽ ഉറച്ചു നിന്നതോടെ ഈ നീക്കവും പാളി. നടുമ്പാശേരി സി.ഐ പി.എം. ബൈജു, എസ്.ഐമാരായ സോണി മത്തായി, വി എസ്. ഹരി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.