കൊച്ചി: ഹലോ പ്രദീപല്ലേ...
അതേ നിങ്ങൾ ആരാ?..
ഞാൻ സ്‌പെഷ്യൽ ബ്രാഞ്ചീന്നാ..
എന്താണ് സർ പറയൂ..
ചുംബനസമരത്തിൽ പങ്കെടുത്തിരുന്നോ?..
ഉവ്വ്..
നിങ്ങൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോ?

സംശയിക്കേണ്ട, ചുംബനസമരത്തിൽ പങ്കെടുത്ത ഒരു സി പി എം അംഗത്തിന്റെ മൊബൈലിലേക്ക് പൊലീസുകാരന്റേതായി വന്ന ഫോൺ കോളിലെ സംഭാഷണമാണ് മുകളിൽ പറഞ്ഞത്.

ചുംബനസമരത്തിൽ പങ്കെടുത്തെന്നു സമ്മതിച്ചാൽ പിന്നെയുള്ള ചോദ്യമാണ് രസം. നിങ്ങൾ മാവോയിസ്റ്റാണോ എന്ന്. കേരളത്തിലെ ഭരണകൂടം ഇവിടെ യുവാക്കളെ മാവോയിസ്റ്റുകളാക്കുന്ന രീതി ഇതാണ്.യഥാർത്ഥ മാവോയിസ്റ്റുകളെ ഒരെണ്ണത്തെപ്പോലും പിടിക്കാനാവുന്നില്ല കേരളപൊലീസിന്. അപ്പോഴാണു പുതിയ മാവോയിസ്റ്റുകളെ സൃഷ്ടിക്കാനുള്ള ശ്രമം. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ...

സിപിഐ(എം) ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നടക്കുമ്പോൾ സ്വാഗതസംഘം വളണ്ടിയറായി നിൽക്കുന്നതിനിടെയാണ് തന്നെ ഫോണിൽ വിളിച്ചതെന്ന് പ്രദീപ് പറയുന്നുന്നു. ആലപ്പുഴയിൽ 'കിസ് എഗെയ്ൻസ്റ്റ് ഫാസിസം' എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധസമരത്തിൽ ആണ് ഈ ചെറുപ്പക്കാരൻ പങ്കെടുത്ത് അറസ്റ്റ് വരിച്ചത്. കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുൻപ് തന്നെ അറിഞ്ഞിരുന്നു. എന്നാൽ വീടുൾപ്പെടുന്ന സ്റ്റേഷനിൽനിന്ന് വിളിച്ച് മാവോയിസ്റ്റാണോയെന്നുചോദിച്ചപ്പോൾ താൻ അത്ഭുതപ്പെട്ടുപോയെന്ന് പ്രദീപ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ചുംബനസമരക്കാർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നു പ്രചരിപ്പിച്ച് എല്ലാ ജനകീയസമരങ്ങളെയുമെന്ന പോലെ ഈ ചെറുത്തുനിൽപ്പിനെയും മുളയിലേ നുനുള്ളുക എന്ന ഭരണകൂടതന്ത്രമാണ് പൊലീസ് ഇവിടെയും സ്വീകരിക്കുന്നത് എന്ന് വ്യക്തം. എന്തിനാണ് നിങ്ങൾ ഈ സമരത്തിൽ പങ്കെടുത്തതെന്നാണ് അടുത്ത ചോദ്യം. ആർ. എസ്.എസ്സിന്റെയും എൻ.ഡി.എഫിന്റെയും സദാചാര ഗുണ്ടായിസത്തിനെതിരായ പോരാട്ടമെന്ന നിലയിലാണ് ചുംബനസമരത്തിന് പോയതെന്നു മറുപടി പറഞ്ഞപ്പോൾ, അല്ലാതെ മാവോയിസ്റ്റ് ബന്ധമൊന്നുമില്ലല്ലോ എന്ന് അടിവരയിട്ട് ചോദിച്ച പൊലീസുകാരുടെ നിലപാട് ഏതാണ്ട് വ്യക്തം.

സമരത്തിനെത്തിയവരിൽ ആരുടെയെങ്കിലും പിന്നാമ്പുറം ചെറിയ തോതിലെങ്കിലും അതിവിപ്ലവത്തിന്റെതാണെങ്കിൽ പിന്നെ പറയേണ്ടല്ലോ കഥ. ഇത് തന്റെ മാത്രം അനുഭവമല്ലെന്നും ചുംബനസമരത്തിൽ പങ്കെടുത്ത മറ്റു ചിലരും ഈ വിഷയം സൂചിപ്പിച്ചിരുന്നുവെന്നും പ്രദീപ് പറയുന്നു. ചിലരുടെ വീടുകൾ തിരഞ്ഞുപിടിച്ച് പൊലീസ് എത്തി. അടിയോ, ഇടിയോ, ഭീഷണിയോ ഒന്നും ഉണ്ടായിരുന്നില്ല അവരുടെ ഭാഗത്തുനിന്ന്. ഒന്നര രണ്ടു മണിക്കൂർ മാതാപിതാക്കളോടും സംഭവത്തിൽ പങ്കെടുത്തവരോടും കടുത്ത ഉപദേശം. ഇത്തരത്തിലുള്ള സമരമൊന്നും ശരിയല്ല. മാവോയിസ്റ്റുകളാണ് ഇതിന്റെ നേതൃത്വത്തിൽ, ഇനി നിങ്ങളുടെ മകനെ/മകളെ/ഭർത്താവിനെ സമരരംഗത്ത് കണ്ടാൽ ജാമ്യം പോലും കൊടുക്കാതെ അകത്തിടാനും വകുപ്പുണ്ടെന്ന് ഏമാന്മാർ പറഞ്ഞ് വച്ചു. ഉപദേശം കഴിഞ്ഞ് മടങ്ങുന്ന വഴി ചിലരുടെ വീടുകളുടെ പരിസരത്ത് ചുംബനസമരത്തിൽ പങ്കെടുത്തവരുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കാനാണ് വന്നതെന്ന് പ്രഖ്യാപിക്കുന്നതോടെ അയാളെ നാട്ടിലും ഭീകരനായി മുദ്രകുകുത്താനാണ് പൊലീസ് ശ്രമിക്കുന്നത്.

തൃശ്ശൂരിൽ കഴിഞ്ഞദിവസം സാഹിത്യ അക്കാദമി ഹാൾ പരിസരത്ത് ഒത്തുകൂടിയ ആറുപേരോടും പൊലീസ് പെരുമാറിയതും ഏതാണ്ട് ഇങ്ങനെ തന്നെ. കണ്ണൂരിലേത് പോലെ ഇല്ലാത്ത ചുംബനസമരത്തെ തടയാനെത്തിയ ആർഎസ്എസ്സുകാരുടെ വക്താക്കളായാണ് പൊലീസ് പ്രവർത്തിച്ചത്. കല്യാൺ സാരീസിനുനു മുൻപിലെ വനിതാ തൊഴിലാളികളുടെ ''ഇരിക്കൽ സമര''ത്തെ എങ്ങനെ ഓൺലൈനിലൂടെ പിന്തുണയ്ക്കാം എന്നാലോചിക്കാനായാണ് തങ്ങൾ ഒരുരുപറ്റം സമാനമനസ്‌കർ സാഹിത്യ അക്കാദമി ഹാളിൽ ഒത്തുചേർന്നതെന്ന് കൂട്ടത്തിലുണ്ടായിരുന്ന സാമൂഹ്യപ്രവർത്തകൻ ഡിനിൽ പറയുന്നുന്നു.

വളരെ സങ്കുചിതമായ നിലപാട് തന്നെയാണു പൊലീസ് ഇവിടെയും എടുത്തതെന്നുന്നു ഡിനിൽ പറഞ്ഞു. ചുംബനസമരക്കാരാണോ എന്നാണ് ആദ്യചോദ്യം. അല്ല തങ്ങൾ ഇരിക്കൽ സമരത്തെ പിന്തുണയ്ക്കുന്നവരാണെന്ന് മറുപടി. പൊതു ഇടമായ സാഹിത്യ അക്കാദമി വളപ്പിൽ ഇരിക്കേണ്ടെന്നായിരുന്നു പൊലീസ്. ജുബ്ബയിട്ടവരും, താടി വച്ചവരും, സഞ്ചി തൂക്കിയവരും അവരുടെ ഭാഷയിൽ മാവോയിസ്റ്റുകളാണ്. ഇരിക്കൽ സമരത്തെയും മാവോ ബന്ധം ആരോപിച്ച് പൊളിക്കാനും അടിച്ചൊതുക്കാനും ഇതോടെ പൊലീസിന് ഒരുരു ചാൻസ് ലഭിച്ചെന്നാണ് വിലയിരുത്തേണ്ടത്. നിലവിൽ മാവോയിസ്റ്റുകളാണു പിന്നിലെന്നു പറയപ്പെടുന്ന അക്രമങ്ങൾ നടന്നിട്ടും ഒരുരു തുമ്പുപോലും കണ്ടെത്താത്ത പൊലീസാണ് നവരാഷ്ട്രീയം ഉയർത്തുന്ന ചെറുപ്പക്കാരെ മാവോയിസ്റ്റുകളായി മുദ്രകുകുത്തുന്നത്. പാലക്കാട് കെ.എഫ്.സി അടിച്ചുതകർത്ത കേസിലെ പ്രതികളായി പിടികൂടിയിട്ടും മറ്റുപലകേസുകളും തുമ്പില്ലാതെ തന്നെ നിൽക്കുകയാണ്.

കേരളത്തിൽ സോഷ്യൽ മീഡിയയിലൂടെ ചെറുപ്പക്കാർ ഉയർത്തിയ നവരാഷ്ട്രീയം ഭരണകൂടത്തെയും മുഖ്യധാരാ രാഷ്ടീയ പാർട്ടികളെയും വല്ലാതെ ഭയപ്പെടുത്തിയതിന്റെ തെളിവാണ് പൊലീസിന്റെ ഈ നടപടിയെന്ന് 'കിസ് ഓഫ് ലവ്' വക്താവ് രാഹുൽ പശുപാലൻ പറഞ്ഞു. എന്നാൽ ഇതിനെയെല്ലാം ചെറുത്ത് തോല്പിച്ച് നവരാഷ്ട്രീയം മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും രാഹുൽ വ്യക്തമാക്കി. ആഗോളവൽക്കരണത്തിന്റെ ഉപോല്പന്നമായി പ്രചരിപ്പിക്കപ്പെട്ട സോഷ്യൽ മീഡിയ അതേ കമ്പോള മുതലാളിത്തത്തിനെതിരെ അതിജീവനത്തിന്റെ രാഷ്ട്രീയം മുന്നോട്ടു വെയ്ക്കുമ്പോഴാണ് മറുഭാഗത്ത് ഇതേ നവമാദ്ധ്യമങ്ങൾ ഉയർത്തിവിട്ട രാഷ്ട്രീയത്തെ അതിവിപ്ലവത്തിന്റെ ചുവപ്പായി മുദ്രകുത്തി ജനകീയ സമരങ്ങളെ അടിച്ചൊതുക്കാൻ ഭരണകൂടം ശ്രമിക്കുന്നതെന്നും പറയേണ്ടിവരും.

കൊടുങ്ങല്ലൂരിലെ സാമൂഹ്യപ്രവർത്തകൻ ടി എൻ ജോയിയും, ലോ കോളേജിലെ എസ്.എഫ്.ഐ നേതാവ് ഹസ്‌ന ഷാഹിദയുമുൾപ്പെടെ നിരവധി പേരെയാണ് ഇടതുപക്ഷരാഷ്ട്രീയം കൈകാര്യം ചെയ്തതിന്റെ പേരിൽ പൊലീസും മാദ്ധ്യമങ്ങളും ചേർന്ന് മാവോയിസ്റ്റാക്കിയത്. പൊലീസിന്റെ മാവോയിസ്റ്റ് വേട്ടയെ സർക്കാർ ചീഫ് വിപ്പ് പിസി ജോർജ്ജ് തുറന്ന് വിമർശിച്ചിരുന്നു. ആയുധമെടുത്തുള്ള പോരാട്ടത്തെ അടിച്ചമർത്തുമെന്നാണ് പിസി ജോർജ്ജിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകുന്നത്. സമാധാന സമരങ്ങളോട് സഹിഷ്ണുത പുലർത്തുമെന്ന് പറയുന്ന ആഭ്യന്തര മന്ത്രിയുടെ പൊലീസാണ് ചുംബന സമരക്കാരെ മാവോയിസ്റ്റുകളാക്കി ജയിലറയ്ക്കുള്ളിലാക്കാൻ ശ്രമിക്കുന്നതെന്നതാണ് വാസ്തവം.

മാവോയിസ്റ്റുകൾ ഉന്നയിക്കുന്ന ആവശ്യങ്ങളെ തള്ളികളയാനാകില്ലെന്നായിരുന്നു ജോർജ്ജിന്റെ നിലപാട്. അവരുമായി ചർച്ച നടത്തുകയാണ് വേണ്ടത്. ആദിവാസികൾക്ക് അനുകൂലമായും ബ്ലേഡ് മാഫിയകൾക്ക് വിരുദ്ധവുമായാണ് അവരുടെ പ്രവർത്തനമെന്നും പി സി ജോർജ്ജ് വ്യക്തമാക്കി. ആദിവാസികളെ സംരക്ഷിക്കാനും മറ്റും സർക്കാർ കോടികൾ മുടക്കുന്നില്ല. എന്നാൽ അവരെ ഉൾപ്പെടുത്തി പത്തോ ഇരുപതോ മാവേയിസ്റ്റുകൾക്ക് വേണ്ടി സർക്കാർ കോടികൾ ചെലവിടുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ സർക്കാർ നിർത്തണമെന്നും പി സി ജോർജ്ജ് വ്യക്തമാക്കി കഴിഞ്ഞു.