ന്യൂഡൽഹി: ഗുജറാത്തിൽ നിന്നുള്ള ബിജെപി എംപി കെ.സി. പട്ടേലിനെ പെൺകെണിയിൽ കുടുക്കി പണമാവശ്യപ്പെട്ട കേസിലെ യുവതിയെ തിരിച്ചറിഞ്ഞു. അന്വേഷണസംഘം യുവതിയുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല. അതേസമയം, പൊലീസ് യുവതിയുടെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഗുജറാത്തിൽ നിന്നുള്ള ബിജെപി എംപി കെ.സി. പട്ടേലാണ് 'ഹണിട്രാപ്പ്' പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചതിയിലൂടെ തന്റെ നഗ്ന ചിത്രങ്ങൾ പകർത്തുകയും പുറത്തുവിടാതിരിക്കാൻ അഞ്ചു കോടിരൂപ ആവശ്യപ്പെട്ടു എന്നുമാണ് പരാതിയിൽ പറയുന്നത്.

സഹായം അഭ്യർത്ഥിച്ചുകൊണ്ട് സ്ത്രീ തന്നെ ഗസ്സിയാബാദിലെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നുവെന്ന് കെ.സി. പട്ടേൽ നൽകിയ പരാതിയിൽ പറയുന്നു. അഞ്ചു കോടി രൂപ നൽകിയില്ലെങ്കിൽ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും പുറത്തുപറഞ്ഞാൽ മാനഭംഗക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

എന്നാൽ പട്ടേൽ തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്നും തുടർച്ചയായുള്ള ശല്യം ഒഴിവാക്കാനാണ് താൻ ദൃശ്യങ്ങൾ പകർത്തിയതെന്നും യുവതി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഒരുമാസം മുമ്പ് ഗസ്സിയാബാദ് പൊലീസ് സ്റ്റേഷനിൽ താൻ പരാതിയുമായെത്തിയെങ്കിലും അത് അധികാര പരിധിക്കു പുറത്താണെന്ന് പറഞ്ഞ് പൊലീസ് സ്വീകരിച്ചില്ല എന്നും യുവതി പറയുന്നു. എന്നാൽ ഇക്കാര്യങ്ങൾ കെ.സി. പട്ടേലും പൊലീസും നിഷേധിച്ചിട്ടുണ്ട്.

മാത്രമല്ല യുവതി ഹരിയാനയിൽ നിന്നുള്ള ഒരു എംപിക്കെതിരെ പീഡന പരാതി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ എല്ലാസാധ്യതകളും പരിശോധിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.