ആലപ്പുഴ : ഉൽസവ പറമ്പിൽ യുവാവിനെ വിളിച്ചുവരുത്തി വെട്ടിക്കൊന്നു. കൊല്ലപ്പെട്ടത് ഒരു നിർധന കുടുംബത്തിന്റെ അത്താണിയായ യുവാവ്. രോഗം ബാധിച്ച അച്ഛനെയും അമ്മയെയും സഹോദരിയെയും പുലർത്തേണ്ട കുടുംബത്തിലെ ഏക ആൺതരി. കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ തീർക്കാനാണ് സിജു വിദേശത്തേക്ക് പോയത്.ഓണാഘോഷങ്ങളിൽ പങ്കെടുക്കാനാണ് സിജു കഴിഞ്ഞ ആഴ്ച മടങ്ങിവന്നത് . അടുത്ത മാസം എട്ടിന് വിദേശത്തേക്ക് മടങ്ങിപോകാൻ തയ്യാറെടുക്കുമ്പോഴാണ് യുവാവിനെ ക്വട്ടേഷൻ സംഘം വെട്ടിക്കൊന്നത്.

ചെങ്ങന്നൂർ തിങ്കളാമുറ്റം പേരിശ്ശേരി കിഴക്ക് ആശാരിയേത്ത് ശശിധരന്റെ മകൻ എ.എസ്. സിജു (28) വിനാണ് ഈ ദുരന്തം. സിജുവിനൊപ്പം സുഹൃത്തുക്കളായ പെരിങ്ങാല സ്വദേശി ശരത് (36), ചെങ്ങന്നൂർ ടൗൺ നിവാസി ബിജു (40) എന്നിവർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊതുവെ ശാന്തസ്വാഭവക്കാരനായിരുന്ന സിജുവിനോട് നാട്ടുക്കാർക്ക് നല്ലമതിപ്പായിരുന്നു. നേരത്തെ മറ്റ് കേസുകളോ വഴക്കുകളിലോ ഉൾപ്പെട്ടിട്ടില്ലാത്ത ഈ ചെറുപ്പക്കാരന്റെ കൊലപാതകത്തിൽനിന്നും നാട്ടുക്കാർ ഇതുവരെയും മോചിതരായിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് എട്ടോളം പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തിരുവോണ ദിവസമായ വെള്ളിയാഴ്ച രാത്രി 9.30 ഓടെ ചെങ്ങന്നൂർ കോഴഞ്ചേരി റോഡിലുള്ള ലയൺസ് ക്ലബ്ബ് ഹാളിന് സമീപത്തേക്ക് സിജുവിനെ അജ്ഞാതർ വിളിച്ചുവരുത്തുകയായിരുന്നു. ഓണത്തിന് രണ്ടുദിവസങ്ങൾക്ക് മുമ്പ് മദ്യം വാങ്ങി നല്കുന്നതു സംബന്ധിച്ച് ചെങ്ങന്നൂരിലെ ഒരു ബാറിൽ വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതിന്റെ ഒത്തുതീർപ്പിനായി സിജുവിനെ ചിലർ പരിപാടി സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയ സിജുവിനെ പിന്നീട് ക്രൂരമായി മർദ്ദിക്കുകയും തലയ്ക്ക് വെട്ടുകയുമായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും സിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗൾഫിൽ ഓട്ടോമെക്കാനിക്കായ സിജു ഒരുകുടുംബത്തിന്റെ നട്ടെല്ലായിരുന്നു. മകൻ ദാരുണമായി കൊല്ലപ്പെട്ടതോടെ വിധിയെ ശപിച്ച് കഴിയുകയാണ് പിതാവ് ശശിധരൻ. രോഗം പിടിക്കൂടിയ മാതാപിതാക്കൾക്ക് ഏറെ ആശ്വാസമായിരുന്നു സിജു. ഇയ്യാൾ വിദേശത്തുനിന്നും അയച്ചുകൊടുത്തിരുന്ന തുകമാത്രമായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം. സഹോദരിയെ വിവാഹം ചെയ്തുവിടണം ,ഒരു നല്ലവീട് വെക്കണം സിജുവിന്റെ കുടുംബത്തിന്റെ ആഗ്രഹമാണ് ഇതോടെ പൊലിഞ്ഞത്. അടുത്തിടെ അവധിക്ക് നാട്ടിലെത്തിയതാണ്. ഓണം കഴിഞ്ഞ് മടങ്ങിപ്പോകാനിരിക്കുമ്പോഴാണ് കൊല്ലപ്പെട്ടത്.ചെങ്ങന്നൂർ സി.ഐ ആർ.ബിനുവിനാണ് അന്വേഷണ ചുമതല.

സിജുവിന്റെ ഘാതകരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുക്കാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു കഴിഞ്ഞു.  മാതാവ് രത്‌നമ്മ, സഹോദരി സ്മിത.