കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയും നിയമവിദ്യാർത്ഥിനിയുമായ ജിഷയുടെ അമ്മ രാജേശ്വരിയെ കഴിഞ്ഞവർഷം ബൈക്കിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അനാർ ഹസൻ ജിഷ വധക്കേസിൽ ഇപ്പോൾ പിടിയിലായ പ്രതി അമീറുൽ ഇസ്ലാമിന്റെ സുഹൃത്തെന്ന് സംശയം. 

ജിഷവധത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കാൻ പൊലീസ് എത്തുന്ന വിവരമറിഞ്ഞ് അസമിലെ വീട്ടിൽ നിന്ന് അനാർ ഹസൻ മുങ്ങിയതോടെ പൊലീസ് ഈ വഴിക്കും അന്വേഷണം ശക്തിപ്പെടുത്തുന്നു. കേരള പൊലീസ് നൽകിയ വിവരമറിഞ്ഞ് അസം പൊലീസിന്റെ നിരീക്ഷണത്തിലിരിക്കെയാണ് അനാർ ഹസൻ മുങ്ങിയതെന്നതിനാൽ ഇയാൾക്ക് ജിഷ വധത്തിലും പങ്കുണ്ടാവാമെന്ന സംശയം ബലപ്പെടുകയാണ്.

കഴിഞ്ഞവർഷം നവംബർ 18നാണ് ജിഷയുടെ അമ്മ രാജേശ്വരിയെ ബൈക്കിടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് അനാർ ഹസനെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ച് രാജേശ്വരിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. അന്ന് ജിഷയാണ് ഇയാളുടെ വാഹനം തടഞ്ഞുനിർത്തിയതെന്നതിനാൽ ജിഷ കൊല്ലപ്പെട്ട സംഭവുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിച്ചിരുന്നു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഇത്തരമൊരു വിവരം പൊലീസ് അന്വേഷിച്ചിരുന്നില്ലെങ്കിലും ജിഷയോടോ കുടുംബത്തോടോ ആർക്കെങ്കിലും മുൻവൈരാഗ്യമുണ്ടോ എന്നു പരിശോധിക്കുന്നതിനിടെയാണ് ഇത്തരമൊരു കേസ് അന്വേഷണസംഘത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

ഇതോടെ അനാർ ഹസനെതിരെ കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഇയാൾ ജിഷ വധക്കേസിൽ ഇപ്പോൾ അറസ്റ്റിലായ അമീറുൽ ഇസഌമിന്റെ നാട്ടുകാരനാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് ഇയാളെ നിരീക്ഷണത്തിൽ വയ്ക്കാൻ അസം പൊലീസിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഇയാളെ ചോദ്യംചെയ്യുന്നതിന് കേരളപൊലീസ് അവിടെയെത്തുമ്പോഴേക്കും അനാർ ഹസൻ അവിടെനിന്ന് കടന്നിരുന്നു.

കേരളത്തിലേക്കാണ് ഇയാൾ പോയതെന്നാണ് വീട്ടുകാർ മൊഴി നൽകിയിട്ടുള്ളത്. അതേസമയം, ചോദ്യംചെയ്യാൻ എത്തുന്ന വിവരമറിഞ്ഞ് ഇയാൾ മുങ്ങിയതാണെന്ന് സംശയം ഉയരുന്നതിനാൽ ഇയാൾക്ക് ജിഷ വധത്തിലോ ആസൂത്രണത്തിലോ എന്തെങ്കിലും പങ്കുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ അമീറുൽ ഇസ്ലാമിനെ കൂടുതൽ ചോദ്യംചെയ്താൽ ഇക്കാര്യം വ്യക്തമാകുമെന്നും അന്വേഷണസംഘം കരുതുന്നു. ജിഷയെ ഇല്ലാതാക്കാൻ എന്തെങ്കിലും ഗൂഢാലോചന നടന്നോ എന്നും പൊലീസ് പരിശോധിക്കും.