- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹായിക്കാനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; നല്ലപിള്ള ചമഞ്ഞ് ജയിലധികൃതരുടെ ഗുഡ് ബുക്കിൽ ഇടംപിടിച്ചു; തുറന്ന ജയിലിൽ നിന്നും ചാടിയത് എല്ലാം പ്ലാൻ ചെയ്ത ശേഷവും; കാട്ടാക്കട വീരണകാവ് സ്വദേശി രാജേഷ് കുമാറിനെ കണ്ടെത്താനാകാതെ പൊലീസും
തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ ക്രൂരൻ ജയിൽ അധികൃതർക്ക് എങ്ങനെ പഞ്ചപാവമായി മാറിയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ജയിൽ വകുപ്പ്. ക്രിസ്മസ് തലേന്ന് നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെട്ട പീഡനകൊലക്കേസ് പ്രതി കാട്ടാക്കട വീരണകാവ് സ്വദേശി രാജേഷ് കുമാർ എവിടെയെന്ന് കണ്ടെത്താൻ പൊലീസിനും കഴിയാത്തത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു. ഇയാൾക്കൊപ്പം തടവ് ചാടിയ ശ്രീനിവാസനെ ദിവസങ്ങൾക്ക് മുമ്പ് മധുരയിൽ നിന്ന് പിടികൂടിയിരുന്നു. എന്നാൽ, രാജേഷിനെ കണ്ടെത്താൻ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല.
തമിഴ്നാട്ടിലുള്ളതായി കരുതുന്ന രാജേഷിനെ കണ്ടെത്താൻ തമിഴ്, ഇംഗ്ളീഷ് പത്രങ്ങളിലും സമൂഹ മാദ്ധ്യമങ്ങളിലും പൊലീസ് വീണ്ടും ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. നെയ്യാർ ഡാം പൊലീസിന്റെയും തിരുവനന്തപുരം സെൻട്രൽ ജയിൽ, നെട്ടുകാൽത്തേരി തുറന്ന ജയിൽ എന്നിവിടങ്ങളിലെയും ഫോൺ നമ്പരുകൾ സഹിതം തമിഴിലും മലയാളത്തിലുമാണ് ലുക്ക് ഔട്ട്. തമിഴ്നാട്ടിൽ മലയാളികളുള്ള സ്ഥലങ്ങളിലെല്ലാം ലുക്ക് ഔട്ട് പ്രചരിപ്പിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. രാജേഷിനെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് നെയ്യാർഡാം പൊലീസിന്റെ പ്രതീക്ഷ.
വെമ്പായത്ത് പത്താം ക്ളാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രാജേഷ്കുമാറും പാലക്കാട്ട് ഗർഭിണിയെ കൊലപ്പെടുത്തിയ ശ്രീനിവാസനുമാണ് കഴിഞ്ഞ 23ന് ജയിൽ ചാടിയത്. 2012 മാർച്ചിൽ കേരളത്തെ ഞെട്ടിച്ച കൊലക്കേസിലെ പ്രതിയാണ് കാട്ടാക്കട സ്വദേശി രാജേഷ്. പത്താംക്ലാസുകാരിയാണ് കൊല്ലപ്പെട്ടത്. ഓട്ടത്തിനിടെ രാജേഷിന്റെ ഓട്ടോറിക്ഷയുടെ മുന്നിലെ വീൽ റോഡുവക്കിലെ കുഴിയിൽ വീണു. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് വേറ്റിനാട്ടെ വീട്ടിൽപരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന പത്താംക്ളാസുകാരിയും പരിസരത്തെ ചില കുട്ടികളും ഓട്ടോ പൊക്കുന്നതിന് രാജേഷിനെ സഹായിച്ചു. തുടർന്ന് വീട്ടിൽ പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി, സ്ക്രൂ ഡ്രൈവർ വാങ്ങാനെന്ന വ്യാജേന വീട്ടിൽക്കയറി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല ഊരിയെടുത്തശേഷം അടുത്തുള്ള സ്വകാര്യ ബാങ്കിൽ വ്യാജപേരിൽ പണയം വച്ച് കാശ് കൈക്കലാക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവം നടന്ന് മൂന്നുമാസത്തിനുള്ളിൽഅന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. വിചാരണക്കോടതി വധശിക്ഷയായിരുന്നു വിധിച്ചത്. പിന്നീട് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഇളവുചെയ്തു
പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിൽ 25 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ രാജേഷ് കുമാറിന് രക്ഷപ്പെടാൻ പഴുതൊരുക്കിയതിൽ ജയിൽ ജീവനക്കാർക്കെതിരെ ആരോപണവുമായി ഇരയുടെ കുടുംബം രംഗത്തെത്തി. ജയിലിനുള്ളിൽ രാജേഷ് കുമാർ പഞ്ചപാവമായിരുന്നുവെന്ന വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്. പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ റിമാൻഡിലായ രാജേഷ് കുമാർ ഒരു വർഷത്തെ റിമാൻഡും ഏഴ് വർഷത്തെ ശിക്ഷയുമുൾപ്പെടെ എട്ടുവർഷമാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞത്. ഇക്കാലയളവിൽ ആശുപത്രി ആവശ്യങ്ങൾ ഉൾപ്പെടെയുള്ള അത്യാവശ്യങ്ങൾക്കല്ലാതെ പുറം ലോകം കണ്ടിട്ടില്ലാത്ത രാജേഷ്, ജീവനക്കാരോടും സഹ തടവുകാരോടും സൗമ്യമായാണ് പെരുമാറിയിരുന്നത്. തടവറയിലും ജോലി സ്ഥലത്തുമൊന്നും മോശം അനുഭവങ്ങളില്ലാത്തതിനാലാണ് ജയിൽ ജീവനക്കാരുടെ ഗുഡ് ബുക്കിൽ രാജേഷിന്റെ ഇടം നേടിയത്.
പതിനഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് രണ്ടരപതിറ്റാണ്ട് നീണ്ട തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട രാജേഷ് രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ ജീവനക്കാർ സംശയനിഴലിലാണ്. കനത്ത സുരക്ഷയുള്ള സെൻട്രൽ ജയിലിൽ നിന്ന് വീടിന് സമീപത്തെ തുറന്ന ജയിലിലേക്ക് രാജേഷിനെയും കൊടും ക്രിമിനലായ ശ്രീനിവാസനെയും മാറ്റാനും അവിടെ നിന്ന് രക്ഷപ്പെടാനും ജയിൽ ജീവനക്കാർ പഴുതൊരുക്കിയെന്നും ആക്ഷേപമുണ്ട്. എന്നാൽ ലോക്ക് ഡൗൺ കാലത്ത് തുറന്ന ജയിലിൽ നിന്ന് പരോൾ തടവുകാരുൾപ്പെടെയുള്ളവരെ സ്പെഷ്യൽ പരോളിൽ വിട്ടപ്പോഴാണ് രാജേഷും ശ്രീനിവാസനുമുൾപ്പെടെ 30 ഓളം ശിക്ഷാ പ്രതികളെ നെട്ടുകാൽത്തേരിയിലേക്ക് മാറ്റിയത്. 560 ഏക്കറോളം വരുന്ന ഓപ്പൺ ജയിലിലെ വളർത്തുമൃഗങ്ങളെ പരിപാലിക്കാനും കൃഷി കാര്യങ്ങൾ നോക്കാനും മിനിമം എഴുപത്തഞ്ച് പേരെ ആവശ്യപ്പെട്ടിടത്താണ് ഇവരുൾപ്പെടെ കഷ്ടിച്ച് 30 പേരെ അവിടേക്ക് അയച്ചത്. സെൻട്രൽ ജയിലിൽ നിന്ന് വ്യത്യസ്തമായ ഇവിടത്തെ അന്തരീക്ഷമാണ് ജയിൽചാട്ടത്തെക്കുറിച്ച് ചിന്തിക്കാൻ ഇരുവരെയും പ്രേരിപ്പിച്ചത്. കാൽനൂറ്രാണ്ടോളം നീളുന്ന ശിക്ഷാകാലയളവിൽ ഏഴുവർഷത്തോളം പിന്നിട്ടെങ്കിലും ഒന്നരപതിറ്റാണ്ടിലേറെ നീളുന്ന തടവറവാസത്തെപ്പറ്റിയുള്ള അലട്ടലാണ് ഒരിക്കലും പിടിക്കപ്പെടാത്തവിധം ജയിൽ ചാടാനുള്ള അവസരമായി ഇരുവരും ഇതിനെ കണ്ടത്.
ആഴ്ചകളോളം നീണ്ട ആലോചനകൾക്കൊടുവിൽ മുമ്പ് പലതവണ ജയിലിൽ കിടന്നിട്ടുള്ള സുഹൃത്തിന്റെ സഹായത്തോടെ അമ്മ മുഖാന്തിരം പണവും വസ്ത്രങ്ങളും തരപ്പെടുത്തിയ രാജേഷ്, അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്ത് പരിചയമുള്ള ശ്രീനിവാസനെയും കൂട്ടി രക്ഷപ്പെടുകയായിരുന്നു. ജോലികഴിഞ്ഞ് ജയിലിനുള്ളിലേക്ക് മടങ്ങുന്നതിന് പകരം സുഹൃത്ത് എത്തിച്ചുകൊടുത്ത വസ്ത്രങ്ങൾ അണിഞ്ഞ് ബസിൽ കയറി തമ്പാനൂരെത്തിയ ഇരുവരും അവിടെ നിന്ന് രാത്രി തന്നെ കളിയിക്കാവിള വഴി മധുരയിലെത്തി. മധുരയിലും പരിസരത്തും പല സ്ഥലങ്ങളിലായി ദിവസങ്ങളോളം കറങ്ങി.
ഇതിനിടെയാണ് നെയ്യാർ ഡാം പൊലീസ് ശ്രീനിവാസനെ മധുരയിൽ നിന്ന് പൊക്കിയത്. പിടിയിലായെങ്കിലും മധുരയിലെത്തിയശേഷം രാജേഷ്കുമാറിനെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്നാണ് ശ്രീനിവാസൻ പൊലീസിനോട് വെളിപ്പെടുത്തിയത്. അറസ്റ്റിലായ ശ്രീനിവാസനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെങ്കിലും കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലായതിനാൽ ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസിനോ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. ക്വാറന്റൈൻ കാലാവധി കഴിഞ്ഞാലുടൻ ശ്രീനിവാസനെ വിശദമായി ചോദ്യം ചെയ്യാനാണ് പദ്ധതി.
രാജേഷ്കുമാറും ശ്രീനിവാസനും രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ ജീവനക്കാർക്കെതിരെ നടപടിയില്ല. ഇരുവരെയും നെട്ടുകാൽത്തേരിയിലേക്ക് മാറ്റിയതിലും രക്ഷപ്പെടാനിടയായതിലും അന്വേഷണം നടന്നെങ്കിലും ജയിൽജീവനക്കാരുടെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയില്ലെന്നാണ് ജയിൽ സൂപ്രണ്ടുമാരുടെ കണ്ടെത്തൽ. അതിനാൽ നടപടി ആവശ്യമില്ലെന്ന നിലപാടിലാണ് ജയിൽവകുപ്പ്. അതേസമയം, സെൻട്രൽ ജയിലിൽ തിരിച്ചെത്തിയാൽ ഇരുവരെയും ശിക്ഷാ കാലാവധി തീരുംവരെ പുറംലോകം കാണിക്കേണ്ടെന്നാണ് ജയിൽ വകുപ്പിന്റെ തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ