കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമാ താരവും കൊല്ലം എംഎൽഎയുമായ മുകേഷിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി സൂചന. ദിലീപും മുകേഷുമായി ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം. ഇതുസംബന്ധിച്ചുള്ള നോട്ടീസ് മുകേഷ് എംഎൽഎയ്ക്കു കൈമാറിയെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതിനിടെ മുകേഷിനെതിരേയും തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുള്ളത്. പരോക്ഷ സൂചനകളിൽ വ്യക്തമായ ഉത്തരം നൽകാൻ മുകേഷിനായില്ലെങ്കിൽ എംഎൽഎയെ പ്രതിയാക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിച്ചിട്ടുള്ളത്.

സുനിൽകുമാറിനെ പരിചയപ്പെടുത്തി കൊടുത്തത് മുകേഷാണെന്ന് ദിലീപിന്റെ മാനേജരും സംഭവങ്ങളുടെ ദൃക്‌സാക്ഷിയുമായ അപ്പുണ്ണി പൊലീസിന് മൊഴി കൊടുത്തിരുന്നു. റേപ്പ് ക്വട്ടേഷിനിലെ ഒന്നാംപ്രതി സുനിൽ കുമാർ മുകേഷിന്റെ ഡ്രൈവറായിരിക്കുന്ന സമയത്താണ് ദിലീപുമായി ഗൂഢാലോചന ആരംഭിക്കുന്നത്. ഇത് ചോദ്യം ചെയ്യലിൽ ദിലീപും സമ്മതിച്ചിട്ടുണ്ട്. നടിക്കെതിരെ ആക്രമണം നടന്ന ദിവസങ്ങളിൽ ദിലീപും മുകേഷും തുടർച്ചയായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചുവെന്നാണ് സൂചന.

ഇത് എന്തിനാണെന്ന് മുകേഷ് വിശദീകരിക്കേണ്ടി വരും. അല്ലാത്തപക്ഷം ദിലീപിനെ പോലെ മുകേഷിനേയും അറസ്റ്റ് ചെയ്യും. മറ്റ് പ്രതികളാരും മുകേഷിനെതിരെ മൊഴി കൊടുത്തിട്ടില്ല. ഗൂഢാലോചന മുതൽ കുറ്റകൃത്യം നടന്നുവെന്ന് പറയുന്നതുവരെയുള്ള കാലയളവിൽ ദിലീപുമായും മുകേഷുമായും നടന്ന ഫോൺ കോളാണ് മുകേഷിന് വിനയാകുകയെന്നാണ് സൂചനകൾ. ചില പണമിടപാടുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട നടിയുമായി മുകേഷിന് വൈരാഗ്യം ഉണ്ടായിരുന്നുവെന്ന സംശയമാണ് പൊലീസ് പരിശോധിക്കുന്നത്. ഇക്കാര്യം സിനിമാ വൃത്തങ്ങളിലും ചർച്ചയാണ്.

ഇതിനിടെ സിപിഐഎം കൊല്ലം ജില്ലാക്കമ്മറ്റിയിലേയ്ക്ക് മുകേഷിനെ ഇന്ന് വിളിച്ചു വരുത്തിയിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മുകേഷിനോട് എംഎൽഎസ്ഥാനം രാജിവയ്ക്കുവാൻ പാർട്ടി ആവശ്യപ്പെട്ടുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കൊല്ലം ജില്ലാക്കമ്മറ്റിയുടെ തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിച്ചു കഴിഞ്ഞതായാണ് സൂചന. ദിലീപും നാദിർഷയും കഴിഞ്ഞാൽ സിനിമാ മേഖലയിൽ നി്ന്ന് ഈ സംഭവത്തിൽ ആരോപണ വിധേയരിൽ ഒരാളാണ് മുകേഷ്.

രണ്ടുകൊല്ലക്കാലത്തോളം ഡ്രൈവറായി പ്രവർത്തിച്ച പൾസർ സുനി ക്രിമിനൽ പശ്ചാത്തലമുള്ള ആളായിരുന്നെന്ന് അറിയില്ലായിരുന്നെന്ന് മുകേഷ് പറയുന്നു. അമ്മയുടെ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദ്യങ്ങൾ ചോദിച്ചതാണ് പ്രകോപനമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സുനി ക്രിമിനലാണെന്ന കാര്യം അറിയില്ലായിരുന്നു. അമിത വേഗതയിൽ വണ്ടിയോടിക്കുന്ന അതിനാലാണ് സുനിയെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടത്. സുനിയുമായി സൗഹാർദ്ദമായിട്ടാണ് പിരിഞ്ഞതെന്നും അയാളെക്കുറിച്ച് മറ്റൊന്നും അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കെപ്പെട്ട സംഭവം നടന്ന് കുറച്ചുദിവസം കഴിഞ്ഞപ്പോൾ നടിയെ ഫോണിൽ വിളിച്ചിരുന്നു. അന്വഷണത്തെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടോ എന്ന് ചോദിച്ചു. ഒരു പരാതിയും ഇല്ലെന്നാണ് നടി പറഞ്ഞത്. നടിയുടെ അമ്മയും അതുതന്നെയാണ് പറഞ്ഞതെന്നും മുകേഷ് പറഞ്ഞു. അമ്മയുടെ സമ്മേളനത്തിൽ സംഭവിച്ചതിന് ക്ഷമ ചോദിച്ചതാണ്. നിരവധി പ്രാവശ്യം ചോദിച്ച ചോദ്യങ്ങളാണ് അന്ന് വീണ്ടും പത്രപ്രവർത്തകർ ചോദിച്ചത്. എന്നാൽ വിഷയത്തിൽ മുകേഷ് ശബ്ദമുയർത്തി സംസാരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയതോടെ വിഷയത്തിൽ മുകേഷിന്റെ താൽപര്യങ്ങളും ചർച്ചയായി.

എന്നാൽ, അത് തന്റെ അപക്വമായ നിലപാടായിരുന്നു. അമ്മയുടെ ഭാരവാഹിത്വത്തിൽ ഇല്ലാത്ത തനിക്ക് ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് പറയാൻ സാധിക്കില്ലെന്നും മുകേഷ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന് പങ്കുണ്ടെന്ന സത്യമറിഞ്ഞപ്പോൾ അമ്മ അതിനെ അപലപിക്കുകയും ശക്തമായ തീരുമാനമെടുക്കുകയും ചെയ്തു. ഈ സർക്കാർ ഒരു തരത്തിലും കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാരല്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ പൾസർ സുനി നൽകിയ മൊഴിയനുസരിച്ച് മുകേഷിന്റെ ഡ്രൈവർ ജോലി പോകുന്നതിന്റെ കാരണം വേറെയാണ്. മുകേഷിന്റെ സുഹൃത്തുക്കളെ എത്തിക്കുന്നതും തിരിച്ചു കൊണ്ടുപോയി വിടുന്നതും സുനിലായിരുന്നു. ഈ വ്യക്തികളോട് ലൈംഗികപരമായി മോശം സമീപനം സുനിലിന്റെ ഭാഗത്തുനിന്നും ഉണ്ടായെന്നും ഇതാണ് പുറത്താക്കലിൽ എത്തിച്ചതെന്നും ആ വ്യക്തികളെ എല്ലാവരേയും കുറിച്ചുള്ള വിവരങ്ങളും പൊലീസിന് സുനിൽകുമാർ നൽകി. മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന ഡ്രൈവർ വഴി പൊലീസ് മുകേഷിനെ കുറിച്ച് എല്ലാം അറിഞ്ഞു. ഈ വിവരങ്ങൾ പൊലീസ് വഴി സർക്കാരും പാർട്ടിയും അറിഞ്ഞു. മുകേഷിനൊപ്പം കോൺഗ്രസ് ആലുവ എംഎൽഎ അൻവർ സാദത്തും സംശയത്തിന്റെ നിഴലിലാണ്. ദിലീപ് ഫാൻസ് അസോസിയേഷൻ നേതാവായി സംഘടനാ പ്രവർത്തനം തുടങ്ങിയ അൻവർ സാദത്തിനെതിരേയും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഇന്ന് ഉച്ചയ്ക്കാണ് മുകേഷ് കണ്ണൂരിൽനിന്ന് കൊല്ലത്തെത്തിയത്. ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്ന മുകേഷിനെ പാർട്ടി വിളിച്ചുവരുത്തുകയായിരുന്നു. 19 തെളിവുകളാണ് ജനപ്രിയ നടൻ ദിലീപിനെ അറസ്റ്റ് ചെയ്യാൻ പൊലീസിനു ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഗൂഢാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാനുതകുന്ന കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇപ്പോൾ 11ാം പ്രതിയായ ദിലീപ്, അധിക കുറ്റപത്രം സമർപ്പിക്കുമ്പോൾ രണ്ടാം പ്രതിയാകും. നടിയെ ആക്രമിച്ച പൾസർ സുനിയാണ് (സുനിൽകുമാർ) ഒന്നാം പ്രതി. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ മുകേഷിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂ.

കേസിൽ ദിലീപിനെതിരെ കൂട്ടമാനഭംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തും. ഗൂഢാലോചനക്കുറ്റം തെളിഞ്ഞതിനാൽ മറ്റു കുറ്റകൃത്യങ്ങളിലും തുല്യ പങ്കാളിത്തം തെളിയിക്കാൻ പൊലീസിനു കഴിയും. എന്നാൽ ഇവ ഏതൊക്കെയെന്നു വെളിപ്പെടുത്താനാവില്ലെന്നാണ് ഡിജിപി ലോക്നാഥ് ബഹ്റ വ്യക്തമാക്കിയത്. നടിയെ ആക്രമിക്കാൻ പൾസർ സുനിക്ക് ആദ്യം രണ്ടു ലക്ഷം രൂപ നൽകിയത് ദിലീപിന്റെ ഉറ്റ ബന്ധുവാണെന്നു പൊലീസ് കണ്ടെത്തി. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും തെളിവായി. സുനിയുടെ സന്ദർശനത്തിന്റെ ദൃശ്യങ്ങളാണിതെന്നാണു സൂചന. ക്വട്ടേഷൻ നൽകുന്നതു കേട്ടെന്ന സാക്ഷിമൊഴിയും ദിലീപിനെതിരായ തെളിവായി.

ദിലീപിന്റെ ബിഎംഡബ്ല്യു 5445 കാറിലും കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോർട്ട്. സുനി ജയിലിൽ നിന്നയച്ച കത്തിൽ കാർ നമ്പർ ഓർമിപ്പിച്ചിരുന്നു. 2013 മാർച്ച് 26 മുതൽ 12 ദിവസം ദിലീപും സുനിയും കൊച്ചിയിലെ ഹോട്ടലിൽ തങ്ങിയതായി പൊലീസ് കണ്ടെത്തി. ദിലീപും സുനിയും തമ്മിലുള്ള ഉറ്റബന്ധം തെളിയിക്കുന്ന ചിത്രങ്ങളും തെളിവായി ലഭിച്ചിട്ടുണ്ട്. ഒന്നരക്കോടിയുടെ ക്വട്ടേഷൻ ദിലീപ് നേരിട്ടാണ് സുനിക്കു നൽകിയതെന്നും വ്യക്തമായി. ഹോട്ടലിൽ ദിലീപിന്റെ മുറിയിലേക്ക് പൾസർ കയറിപ്പോകുന്നതും ഒന്നരമണിക്കൂറോളം കഴിഞ്ഞ് തിരിച്ചിറങ്ങുന്നതുമായ ദൃശ്യങ്ങൾ ഹോട്ടലിലെ സിസിടിവിയിൽ നിന്ന് ശേഖരിച്ചത് കേസിൽ നിർണായക തെളിവായി മാറുകയും ചെയ്തു. ഇതിലൂടെ പൾസർ സുനിയേ അറിയില്ലെന്ന് പറഞ്ഞ ദിലീപിന് ഉത്തരംമുട്ടുകയും പിന്നീട് കാര്യങ്ങളെല്ലാം തുറന്നുപറയുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയുമായിരുന്നു.