തിരുവനന്തപുരം: വേളി കായലിന് സമീപം മക്കളും അച്ഛനും മരിച്ച നിലയിൽ കാണപ്പെട്ടതറിഞ്ഞ നടുക്കം മാറാതെ നാട്ടുകാർ.വേളി കായലിന് സമീപം മക്കളെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കിയത്. കുടുംബ വഴക്ക് തന്നെയാണ് സംഭവത്തിലേക്ക് നയിച്ചത്. കണ്ണമ്മൂല ചെന്നിലോട് ലൈൻ കെവിആർഎ 35, സ്‌നേഹ ഭവനിൽ ഷിബിയാണ് (36) മക്കളായ സെബ (9) സെബിൻ (6) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇവരെ കാണാതായതായി ഷിബിയുടെ ഭാര്യ അന്നാ ജോയി മെഡിക്കൽ കോളേജ് പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഷിജിയും അന്നയും തമ്മിൽ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇരുവരുടേയും അച്ഛന്മാർ പൊലീസിലാണ് ജോലി ചെയ്തിരുന്നത്. വിതുര സ്വദേശിയാണ് ഷിബി. അന്ന എറണാകുളം സ്വദേശിനിയാണ്. പൊലീസ് ക്വാർട്ടേഴ്സിൽ അയൽവാസികളായിരുന്ന സമയത്താണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിച്ചതും. അന്നയുടെ അച്ഛൻ സർവ്വീസിലിരിക്കെ തന്നെ മരിച്ചിരുന്നു. തുടർന്ന് അന്നയ്ക്ക് പൊലീസ് വകുപ്പിൽ തന്നെ ജോലിയും കിട്ടി. തിരുവനന്തപുരം ഊളൻപാറയിലെ എസ്എപി ക്യാമ്പിലെ ക്ലർക്കായി ജോലി നോക്കുകയാണ് അന്ന ഇപ്പോൾ.

അന്നയും ഷിബിയും തമ്മിൽ കുറച്ച് നാളുകൾക്ക് മുൻപ് പ്രശ്നങ്ങളുണ്ടായിരുന്നു. പ്രശ്നങ്ങളും വഴക്കും കൂടിയതോടെ ഇവർ ഷിബിക്കെതിരെ പൊലീസിൽ പരാതിയും നൽകിയിരുന്നു. പെയിന്റിങ് പണികളുടെ കോൺട്രാക്ടറായിരുന്നു ഷിബി. കുടുംബ വഴക്ക് രൂക്ഷമായപ്പോൾ തനിക്ക് ഭർത്താവിൽ നിന്നും ഉപദ്രവമുണ്ടെന്നും അകന്നു കഴിയുകയാണെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. മക്കൾ അന്നയ്ക്ക് ഒപ്പമായിരുന്നു താമസം.

ഇടയ്ക്ക് ഇടയ്ക്ക് മക്കളെ കാണാനായി ഷിബി ഇവിടെ വരുമായിരുന്നു. ഈ സമയങ്ങളിൽ ആദ്യമൊക്കെ പ്രഷശ്നങ്ങളും തർക്കങ്ങളുമുണ്ടാകുമായിരുന്നു. എന്നാൽ പിന്നീട് ഷിബി മക്കളെ കാണാൻ വരുമ്പോൾ അന്ന വീടിന് പുറത്തേക്ക് പോവുകയോ അല്ലെങ്കിൽ മുറിക്ക് ഉള്ളിൽ തന്നെ ഇരിക്കുകയും ചെയ്യുമായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്നലെ വൈകുന്നേരം 6 മണിയടെയാണ് ഷിബി മക്കളെ കാണാൻ കണ്ണമ്മൂലയിലെ വീട്ടിലെത്തിയത്. പിന്നീട് മക്കളേയും കൊണ്ട് വെട്ടുകാട് മാർദ്രെ ദെ ദേവൂസ് പള്ളിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഇറങ്ങിയത്.

പള്ളിയിലേക്ക് മക്കളേയും കൊണ്ട് പോകുന്നതിന് അന്ന തടസ്സം പറഞ്ഞതുമില്ല. വെട്ടുകാട് പള്ളിയിൽ പോയി തിരികെ വരാനുള്ള സമയം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ അന്നയ്ക്ക് സംശയമായി. ഉടൻ തന്നെ ഇവർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി എസ്ഐ ഗിരിലാലിന് പരാതി നൽകുകയായിരുന്നു. തന്റെ മക്കളെ ഭർത്താവ് അയാൾക്കൊപ്പം കൊണ്ട് പോയെന്നും തിരികെ വാങ്ങി തരണമെന്നും മുൻപും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് അന്ന പുതിയ പരാതി നൽകിയതെന്ന് എസ്ഐ മറുനാടനോട് പറഞ്ഞു. ഇരുവരും തമ്മിലെ വിവാഹ ബന്ധം ഇനിയും നിയമപരമായി വേർപ്പെടുത്തിയിരുന്നില്ല.

രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ അരുംകൊല പുറത്തറിയുന്നത്. കുട്ടികളുടെ ജഡങ്ങൾ ആദ്യം കണ്ട റെയിൽവേ ഗാങ് മാനാണ് പൊലീസിൽ അറിയിയിച്ചത്. വേളി കായലിന് സമീപം നൂറടിപ്പാലത്തിന് താഴെയാണ് കുട്ടികളുടെ ജഡം കണ്ടെത്തിയത്. തലയിൽ വെട്ടേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ജീവനൊടുക്കിയ ഷിബിയുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല. ഇയാൾ ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തതതാകാമെന്നാണ് പൊലീസ് നിഗമനം. ട്രെയിനിടിച്ച ഇയാൾ കായലിൽ തെറിച്ചു വീണെന്നും സംശയിക്കുന്നു. ഇയാളുടേതെന്ന് കരുതുന്ന കൈപ്പത്തി റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹങ്ങൾ കാണപ്പെട്ടതിന് തൊട്ടടുത്ത് ഒരു ബുള്ളറ്റ് ബൈക്കും വെട്ടുകത്തിയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ സഹായത്തോടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ബൈക്കിൽ ഇവിടെ എത്തിയ ഇയാൾ കുട്ടികളെ അപായപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് കരുതുന്നതെന്ന് മെഡിക്കൽ കോളേജ് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേസമയം കാണാതായ ഷിബിക്കു വേണ്ടി സമീപത്തെ കായലിലും റെയിൽവേ ട്രാക്കിലും മാധവപുരത്തിന് സമീപത്തെ പൊന്തക്കാടുകളിലും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കായലിൽ തിരച്ചിൽ നടത്താനായി ഫയർഫോഴ്‌സിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.വിവരമറിഞ്ഞ് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ ഡോ. അരുൾ ബി കൃഷ്ണ, കഴക്കൂട്ടം അസി. കമ്മിഷണർ പ്രമോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു വരികയാണ്.