- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ജീപ്പുകളുടെ തകരാർ പരിശോധിക്കാൻ എത്തിയ ജില്ലാ മേധാവി ജീപ്പിൽ കുടുങ്ങി; ഡോർ തുറക്കാനാകാതെ നാട്ടുകാർക്കു മുന്നിൽ ഒരു മണിക്കൂർ; ഒടുവിൽ ഡോർ തകർത്തു പുറത്തേക്ക്
ആലപ്പുഴ : പൊലീസ് ജീപ്പിൽനിന്നും ലാത്തിയുമായി ചാടിയിറങ്ങി ജനക്കൂട്ടത്തെ വിരട്ടിയോടിക്കുന്ന പൊലീസ് ഓഫീസർമാർ ശ്രദ്ധിക്കുക. ആവേശത്തോടെ പുറത്തേക്ക് ചാടുമ്പോൾ വാതിൽ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ വീറും പോകും മാനവും പോകും. ജീപ്പിന്റെ വാതിൽ തുറക്കരുതെന്ന പുതിയ നിയമമൊന്നുമുണ്ടായിട്ടല്ല. പൊലീസ് ജീപ്പുകളുടെ സാങ്കേതിക തകരാറാണ് വിഷയം. പല പൊ
ആലപ്പുഴ : പൊലീസ് ജീപ്പിൽനിന്നും ലാത്തിയുമായി ചാടിയിറങ്ങി ജനക്കൂട്ടത്തെ വിരട്ടിയോടിക്കുന്ന പൊലീസ് ഓഫീസർമാർ ശ്രദ്ധിക്കുക. ആവേശത്തോടെ പുറത്തേക്ക് ചാടുമ്പോൾ വാതിൽ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ വീറും പോകും മാനവും പോകും.
ജീപ്പിന്റെ വാതിൽ തുറക്കരുതെന്ന പുതിയ നിയമമൊന്നുമുണ്ടായിട്ടല്ല. പൊലീസ് ജീപ്പുകളുടെ സാങ്കേതിക തകരാറാണ് വിഷയം. പല പൊലീസ് ജീപ്പുകൾക്കും വാതിലുകൾ ഇല്ലെന്നത് ഒരു യാഥാർത്ഥ്യമാണെങ്കിലും ഉള്ളതു തുറക്കാൻ കഴിയില്ലെന്നുള്ളതാണ് ഗതികേട്.
സംസ്ഥാനത്തെ മിക്ക പൊലീസ് വാഹനങ്ങളും കാലപ്പഴക്കം ചെന്ന് കണ്ടം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത്യാവശ്യഘട്ടത്തിൽ ഇവ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നതും പൊലീസിന് തലവേദനയാണ്.
ഇത്തരത്തിൽ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ട്രാഫിക്ക് പൊലീസിന്റെ വാഹനങ്ങൾ ഒന്നു പരിശോധിച്ചു കളയാമെന്ന ചിന്തയോടെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കായംകുളം പൊലീസ് സ്‌റ്റേഷനിലെത്തിയത്. രാവിലെ തന്നെ സ്‌റ്റേഷനിലെത്തി ജീപ്പ് പരിശോധന തുടങ്ങിയ ചീഫ് പുറത്തേക്കിറങ്ങാൻ നോക്കിയപ്പോഴാണ് എട്ടിന്റെ പണികിട്ടിയത്. ജീപ്പിന്റെ ഇരുവാതിലുകളും തുറക്കാനാവാതെ പൊലീസ് മേധാവി അകത്തായി. ഒരു മണിക്കൂറോളം ജീപ്പിനുള്ളിലായ ചീഫിനെ രക്ഷിക്കാൻ സഹപ്രവർത്തകരായ പൊലീസുകാർ ശ്രമിക്കുന്നുണ്ടായിരുന്നു.
കേട്ടറിഞ്ഞെത്തിയ മറ്റ് പൊലീസുകാർ തങ്ങളുടെ മേലുദ്യോഗസ്ഥൻ വെട്ടിലായതു കണ്ട് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. തന്റെ വീടിനു സമീപമുള്ള സ്‌റ്റേഷനിലാണ് ചീഫ് പരിശോധനയ്‌ക്കെത്തിയത്. ഇതും ചീഫിനു നാണക്കേടായി. ട്രാഫിക് പൊലീസ് ജീപ്പിന്റെ കാര്യക്ഷമത പരിശോധിക്കാൻ കയറിയ എസ്‌പി പുറത്തിറങ്ങാനാകാതെ കുടുങ്ങിയെന്ന വാർത്തയറിഞ്ഞ മാദ്ധ്യമപ്രവർത്തകരും നാട്ടുകാരും കൂടിയത് കൂടുതൽ നാണക്കേടായി.
ഇതിനിടെ നാട്ടുകാരിൽ ചിലർ അടുത്തുള്ള മെക്കാനിക്കിനെ വിവരം അറിയിച്ചെങ്കിലും സ്വയം അപമാനിതരാകാതിരിക്കാൻ പൊലീസുകാർതന്നെ തങ്ങളുടെ ഉശിര് പുറത്തെടുത്ത് ഡോറിളക്കി പൊളിച്ച് പൊലീസ്‌മേധാവിയെ പുറത്തിറക്കി. തനിക്ക് പറ്റിയ അമളി ഇനി ആർക്കും ഉണ്ടാകരുതെന്ന പ്രാർത്ഥനയോടെ തകർന്നു വീഴാറായ ജീപ്പു നന്നാക്കാൻ ഉത്തരവ് നൽകി സ്ഥലം വിട്ടു. പൊലീസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കാത്തതാണ് കാര്യങ്ങൾ വഷളാക്കുന്നത്. കാലഹരണപ്പെട്ട ഇത്തരം വാഹനങ്ങളാണ് വിഐപികൾക്ക് എസ്‌കോർട്ടു പോകുന്നതും.