തൃശൂരിലെ ദളിത് യുവാവ് വിനായകന്റെ മരണത്തിൽ അച്ഛനെ കുറ്റപ്പെടുത്തി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. വിനായകൻ മരിച്ചത് അച്ഛൻ മർദിച്ചതുകൊണ്ടാകാമെന്നാണ് പൊലീസിന്റെ റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ വിനായകനെ മർദിച്ചിട്ടില്ലെന്നും പാവറട്ടി സ്റ്റേഷനിലുള്ള എസ്ഐ ഉൾപ്പെടെയുള്ളവർ മൊഴി നൽകിയെന്നും റിപ്പോർട്ടിലുണ്ട്.

എസ്ഐ ഉൾപ്പെടെയുള്ള അഞ്ചുപൊലീസുകാരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവസമയത്ത് താൻ സ്റ്റേഷനിൽ ഇല്ലായിരുന്നുവെന്നാണ് എസ്ഐ പറയുന്നത്. പൊലീസിന്റെ ക്രൂര മർദ്ദനത്തിൽ മനംനൊന്താണ് വിനായകൻ ആത്മഹത്യ ചെയ്തത്.

തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ വിനായകനെ ജൂലൈ 17നാണ് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 18നാണ് പത്തൊമ്പതുകാരനായ വിനായകൻ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തത്.

മനസാക്ഷിയെ മടുപ്പിക്കുന്ന മർദ്ദനമാണ് വിനായകന് നേരിടേണ്ടി വന്നതെന്ന് സുഹൃത്ത് ശരത്തും സി.പി.എം ഏരിയ സെക്രട്ടറി സുൽത്താനും പറഞ്ഞിരുന്നു. മാല പൊട്ടിക്കുന്ന സംഘത്തിൽപ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം.

വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകൻ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് ആരോപിച്ചിരുന്നു. മുടി നീട്ടി വളർത്തിയതാണ് വിനായകൻ കഞ്ചാവ് വലിക്കുന്നതായി സ്ഥാപിക്കാൻ പൊലീസ് ചൂണ്ടിക്കാട്ടിയത്. മുടിവട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാർ വിനായകനെ വിരട്ടുകയും ചെയ്തിരുന്നു.

ഭിത്തിയിൽ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിർത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മർദ്ദിച്ചെന്നാണ് ശരത് പറയുന്നത്. മുലഞെട്ടുകൾ ഞെരിച്ചു പൊട്ടിച്ചെന്നും ശരത്ത് പറഞ്ഞിരുന്നു. ഇത് ശരി വെയ്ക്കുന്നതായിരുന്നു വിനായകന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ദേഹത്താകമാനം മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. തലയിൽ ചതവുണ്ടെന്നും കഴുത്തിലും നെഞ്ചിലും മുലക്കണ്ണിലും മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബൂട്ടിട്ട് ചവിട്ടി എന്ന ശരത്ത് പറഞ്ഞത് സാധൂകരിക്കുന്ന തരത്തിൽ വിനായകന്റെ കാലിൽ പാടുകളും ഉണ്ടായിരുന്നു. ഇത്തരം വസ്തുതകൾ നിലനിൽക്കെയാണ് പൊലീസിന് ക്ലീൻചിറ്റ് നൽകി ക്രൈംബ്രാഞ്ച് രംഗത്തെത്തിയിരിക്കുന്നത്.