കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലെ മാനേജറെ വിളിച്ച് വരുത്തി മൊഴിയെടുത്തേക്കും. ഗൂഢാലോചന കൂടാതെ ദിലീപ് സാമ്പത്തികമായി ആരെയെങ്കിലും ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് സമീപിച്ചിരുന്നോ എന്നത് അടക്കം പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

താരത്തിന്റെ മാനേജറെ ദിലീപിനും അനുജൻ അനൂപിനും ഒപ്പമിരുത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നേരത്തെ ദിലീപിന്റെ നിർമ്മാണക്കമ്പനിയിൽ നടത്തിയ റെയ്ഡിൽ ചില തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ചില സംശയങ്ങൾ തീർക്കുക എന്നതും ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലുണ്ട്.

അതേ സമയം, നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാറിന്റെ അമ്മ അൽപ്പ സമയത്തിനുള്ളിൽ കോടതിയിൽ രഹസ്യമൊഴി നൽകും. ജയിലിൽ പോയി സുനിൽകുമാറിനെ കണ്ടശേഷമാണ് സുനിൽ കുമാറിന്റെ അമ്മ മൊഴി നൽകാൻ ആലുവ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത്. കോടതിയിൽ താൻ എല്ലാം പറയുമെന്നും തെറ്റ് ചെയ്ത് പോയതിൽ സുനിലിന് കുറ്റബോധമുണ്ടെന്നും അമ്മ ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചു. ദിലീപിന്റെ വാക്കിൽ താൻ പെട്ട് പോയെന്നാണ് സുനിൽ കുമാർ പറഞ്ഞതെന്നും ശോഭന വിശദീകരിച്ചു.

ഇതിനിടെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ ശരിവെക്കും വിധത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെയും മൊഴിയെടുക്കേണ്ടി വന്നേക്കും. ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കാവ്യാമാധവനെ ഏൽപ്പിച്ചുവെന്നും പക്ഷേ കാവ്യയ്ക്ക് ദൃശ്യങ്ങളെ കുറിച്ച് അറിയുമോയെന്ന് തനിക്കറിയില്ലെന്നുമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.

ദിലീപിന്റെ വീട്ടിൽ ചർച്ച നടന്നു കൊണ്ടിരിക്കുമ്പോൾ ഒരു നടി വിവാഹം ക്ഷണിക്കാൻ അവിടെ വന്നിരുന്നു. ഇതിനിടയിലാണ് ശരത് കാറിൽ ചെന്ന് ടാബ് എടുത്തുകൊണ്ടുവന്നത്. എന്നിട്ട് എല്ലാവരും കൂടിയിരുന്ന് ടാബിൽ ദൃശ്യങ്ങൾ കണ്ടു. 15 മിനിറ്റോളം അവർ ദൃശ്യങ്ങൾ കണ്ടു. എട്ടു ക്ലിപ്പുകളുണ്ടെന്നാണ് അവരുടെ സംസാരത്തിൽ നിന്ന് മനസിലായത്. ശേഷം ടാബ് കാവ്യയുടെ കൈയിൽ കൊടുത്ത് സൂക്ഷിച്ച് വയ്ക്കണമെന്ന അർത്ഥത്തിൽ വീടിനുള്ളിലേക്ക് കൊടുത്തു വിടുകയായിരുന്നു.സംസാരത്തിനിടയിൽ കാവ്യ വന്നു പോയി കൊണ്ടിരുന്നു.

ടാബിനുള്ളിൽ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോയെന്ന് എനിക്ക് അറിയില്ല. ശബ്ദം കൂട്ടിയാണ് അവർ ദൃശ്യങ്ങൾ പ്ലേ ചെയ്തിരുന്നത്. 10 ഇഞ്ച് ടാബായിരുന്നു കൈവശമുണ്ടായിരുന്നത്. കൈയിൽ പിടിച്ചാണ് അവർ ദൃശ്യങ്ങൾ കണ്ടത്. സൈഡിലൊക്കെ നിന്ന എല്ലാവർക്കും കാണുന്ന രീതിയിലാണ് ടാബ് പിടിച്ചിരുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ ഇപ്പോൾ നടത്താൻ സാധിക്കില്ലെന്നുമാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. ഇതേക്കുറിച്ച് വ്യക്തത വരുത്താൻ കാവ്യയുടെ മൊഴിയെടുക്കാനും സാധ്യത കൂടുതലാണ്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും പുരോഗമിക്കുകയാണ്. മൊഴികളിലെ വൈരുധ്യങ്ങളിൽ വ്യക്തതത വരുത്താനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. പ്രതികളുടെ ഫോൺ കോൾ റെക്കോർഡുകൾ പരിശോധിക്കാൻ അന്വേഷണ സംഘം നീക്കം ആരംഭിച്ചു. ദിലീപടക്കം അഞ്ച് പ്രതികളുടെ ഫോൺ വിളിയുടെ വിശദാംശങ്ങളാണ് ശേഖരിക്കുക. ഒരാഴ്ചത്തെ ഫോൺ കോളുകളാണ് പരിശോധിക്കുന്നത്.

സാക്ഷികൾ ഉൾപ്പെടെ ഇവർ ആരെയൊക്കെ ബന്ധപ്പെട്ടു എന്നന്വേഷിക്കും.അങ്ങനെ പരസ്പരം ഫോൺ വിളിച്ചു എന്ന് ബോധ്യപ്പെട്ടാൽ അന്വേഷണ സംഘത്തിന് അത് കൂടുതൽ തെളിവാകുമെന്നാണ് വിലയിരുത്തൽ. ഇന്നലെ ചോദ്യം ചെയ്ത സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഇതിലെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്.