- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ മാലിന്യം കഴിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയ ഓൺലൈൻ ചാനലിനും പിതാവിനുമെതിരെ കേസെടുക്കാൻ പൊലീസ് നിർദ്ദേശം; കുടുംബ സമേതം എൻജിഒ ക്വാർട്ടേഴ്സിൽ എത്തിയത് വാർത്ത നൽകാൻ മാത്രമെന്ന് നാട്ടുകാരും; മകളുടെ സിവിൽ സർവീസ് പരീശീലനവും പണം സ്വരൂപിക്കാനുള്ള തട്ടിപ്പ്
കൊല്ലം: കുട്ടികളെ മാലിന്യം കഴിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയ ഓൺലൈൻ ചാനലിനും പിതാവിനുമെതിരെ അന്വേഷണം നടത്തി കേസെടുക്കാൻ കളക്ടർ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ശിശു ക്ഷേമ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. സംഭവത്തെ പറ്റി വിശദമായ അന്വേഷണം നടത്താൻ കൊല്ലം എ.സി.പി എ പ്രദീപ് കുമാറിനെ ചുമതലപ്പെടുത്തിയതായി കമ്മീഷ്ണർ ടി.നാരായണൻ ഐ.എ.എസ് മറുനാടനോട് പറഞ്ഞു.
ബാലാവകാശ നിയമം ലംഘിച്ച് കുട്ടികളെ പൊതു ജനങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിച്ചതിന് ചാനലിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇതേ ചാനൽ മുൻപും ഇത്തരത്തിൽ കുട്ടികളെ പ്രദർശിപ്പിച്ചതിന് അറസ്റ്റ് നേരിടേണ്ടി വന്നവരാണ്. അതിനാലാണ് ശിക്ഷ കടുപ്പിക്കാൻ ചൈൽഡ് വെൽഫെയർ കമ്മറ്റി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ ബാലാവകാശ കമ്മീഷൻ ചാനൽ പ്രതിനിധികളെ വിളിച്ചു വരുത്തി വിചാരണ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ചാനലിൽ വാർത്ത നൽകാൻ വേണ്ടി മാത്രമാണ് കുടുംബസമേതം കൊല്ലത്തെ എൻ.ജി.ഒ ക്വാർട്ടേഴ്സിൽ എത്തിയതെന്നും ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നാട്ടുകാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഓൺലൈൻ വാർത്ത കണ്ട് കൊല്ലം എൻ.ജി.ഒ ക്വാർട്ടേഴ്സിൽ എത്തിക്കൊണ്ടിരിക്കുന്നവരെ നാട്ടുകാരും പൊലീസും കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി തിരിച്ചയക്കുകയാണ്.
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് സമൂഹ മാധ്യമങ്ങളിൽ ഐ.എ.എസ്സിന് പഠിക്കുന്നു എന്ന് അവകാശപ്പെടുന്ന പെൺകുട്ടിയും കുടുംബവും വിശപ്പടക്കാൻ വകയില്ലാതെ അറവു ശാലയിലെ മാലിന്യം കഴിച്ചാണ് ജീവിക്കുന്നത് എന്ന് കാട്ടി ഒരു ഓൺലൈൻ മാധ്യമം വാർത്ത പുറത്ത് വിട്ടത്. കോഴിയുടെ അവശിഷ്ടങ്ങൾ പാകം ചെയ്തുകൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ളവർ കഴിക്കുന്ന ദൃശ്യങ്ങളും മറ്റുമാണ് വാർത്തയിൽ കാണിച്ചത്.
അവതാരകൻ സർക്കാർ സംവിധാനത്തെയും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും ഈ കുടുംബത്തിന് സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായ ഈ വാർത്ത ജില്ലാ ഭരണകൂടത്തിന് നേരെ കടുത്ത വിമർശനം ഉന്നയിക്കാൻ കാരണമായി. ഇതോടെയാണ് ജില്ലാ കളക്ടർ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. ആദ്യ പടിയായി ജില്ലാ ശിശുക്ഷേമ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്.
ഷാജി താമസിക്കുന്ന ക്വാർട്ടേഴിസിൽ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥയോട് വളരെ അപമര്യാദയായി പെരുമാറുകയും ഉദ്യോഗസ്ഥ ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറായതുമില്ല. ഐ.എ.എസ്സിന് പഠിക്കുന്ന കുട്ടിക്ക് വീട്ടിലെ കഷ്ടപ്പാടുകൾ മൂലം പഠിക്കാൻ കഴിയില്ലെങ്കിൽ സർക്കാർ സംവിധാനത്തിലൂടെ പഠിപ്പിക്കാനായി കളക്ടർ പെൺകുട്ടിയുടെ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായില്ല. കളക്ടർ വീണ്ടും അന്വേഷണം നടത്തിയപ്പോൾ പെൺകുട്ടി ഡിഗ്രി പാസ്സായതായി കണ്ടെത്താൻ കഴിഞ്ഞില്ല. ഡിഗ്രി പാസ്സാകാതെ സിവിൽ സർവ്വീസ് കോച്ചിങ്ങിന് എങ്ങനെ പോകുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഇതോടെ മനഃപൂർവ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കാനാണ് ഇത്തരത്തിൽ വ്യാജ വാർത്ത സൃഷ്ടിച്ചതെന്ന് ബോധ്യമായി.
അറവു മാലിന്യം കഴിച്ചു ജീവിക്കുന്ന ഐ.എ.എസ്സു വിദ്യാർത്ഥിനിയുടെയും കുടുംബത്തിന്റെയും കഥ വ്യാജമാണെന്ന് മറുനാടൻ വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് കളക്ടർ നടപടിയുമായി രംഗത്തെത്തിയത്. എന്നാൽ ഓൺലൈൻ മാധ്യമം വീണ്ടും ഇക്കാര്യം സത്യമാണ് എന്ന് വരുത്തി തീർക്കാനായി ശ്രമിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം സോഷ്യൽമീഡിയയിൽ ഉയരുകരയാണ്. ഷാജിയെ അറിയാവുന്നവരെല്ലാം ചാനൽ പ്രതിനിധികളെ വിളിച്ച് പ്രതിഷേധം അറിയിക്കുന്നുണ്ട്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.