തിരുവനന്തപുരം: ദിലീപിനേയും നാദിർഷായേയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും ദിവസങ്ങൾക്ക് മുമ്പ് കസ്റ്റഡിയിലെടുത്ത് പന്ത്രണ്ടുമണിക്കൂറോളം ചോദ്യംചെയ്്ത് ശേഷം വിട്ടയച്ചപ്പോൾ നടന് ഗൂഢാലോചനയിൽ പങ്കില്ലെന്ന നിലയിലാണ് സിനിമാലോകത്തെ ഭൂരിഭാഗവും പ്രതികരിച്ചത്.

സർക്കാർ ഈ കേസിൽ ഗൂഢാലോചന തെളിയിക്കാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായിയുടെ മുൻ പരാമർശം ഉദ്ധരിച്ച് പ്രചരണങ്ങളും ഇതോടെ സജീവമായി. പ്രത്യേകിച്ചും താരസംഘടനയായ അമ്മയിലെ സി.പി.എം ജനപ്രതിനിധികൾ രണ്ടുപേരും അമ്മയുടെ മക്കളാണെന്ന നിലയിൽ പ്രസ്താവനയുമായി നിലകൊള്ളുകയും മുകേഷ് പത്രസമ്മേളനത്തിൽ കയർത്തു സംസാരിക്കുകയും കൂടി ചെയ്തതോടെ.

എന്നാൽ ദിലീപിനെതിരെ സർവ തെളിവുകളും ശേഖരിക്കാൻ കാത്തുനിന്ന പൊലീസ് കഴിഞ്ഞദിവസം പൾസർ സുനിയെ കസ്റ്റഡിയിൽ വീണ്ടും വാങ്ങി ദിലീപിന്റെയും നാദിർഷായുടേയും അപ്പുണ്ണിയുടേയും മൊഴികളുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഇതിനായി പൾസർ സുനിയെ ജയിലിലെ ഫോൺവിളി കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് വീണ്ടും കസ്റ്റഡിയിൽ എടുക്കുന്നതും. ഇതിനായി മൂന്നുപേരുടേയും മൊഴികൾ വിശദമായി പഠിക്കുകയും ചെയ്തു.

ആദ്യഘട്ടത്തിൽ നിർണായക വിവരങ്ങൾ പൾസറിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലിൽ ലഭിച്ചില്ല. ഇന്നായിരുന്നു കസ്റ്റഡി അവസാനിച്ച് പൾസർ സുനിയെ തിരികെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇതിന് ഒരു ദിവസം മുമ്പുതന്നെ പൾസറിനെ ആലുവ പൊലീസ് ക്‌ളബ്ബിൽ നിന്ന പൾസറിനെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി വിശദമായി ചോദ്യംചെയ്തു. ഇതിലാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ഇതോടെ ലഭിച്ചു. ദിലീപിനെ അറസ്റ്റുചെയ്യാൻ വേണ്ട വിശദമായ വിവരങ്ങൾ ഒടുവിൽ പൾസറിന് ഇന്നലത്തെ ചോദ്യംചെയ്യലിൽ തുറന്നു സമ്മതിക്കേണ്ടിവന്നതോടെയാണ് വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്.

ഇതോടെയാണ് ഇന്നുരാവിലെ പൊലീസ് ഉന്നതരെ മാത്രം അറിയിച്ച് ദിലീപിനെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. ഇന്നും പത്തു മണിക്കൂറോളം ദിലീപിനെ വിശദമായി ചോദ്യം ചെയ്ത് പൊലീസ് ഈ കേസിലെ ഗൂഢാലോചന മുഴുവൻ പുറത്തുകൊണ്ടുവരികയുമായിരുന്നു. ഇതോടെ വർഷങ്ങളായി നടന്ന ഗൂഢാലോചന സംബന്ധിച്ച് മുഴുവൻ വിവരങ്ങളും നടൻ തുറന്നു സമ്മതിച്ചതായാണ് വിവരം. നടനെ അറസ്റ്റുചെയ്യാൻ വേണ്ട തെളിവുകളെല്ലാം ലഭിച്ചുവെന്ന് ഉറപ്പുവന്നതോടെ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനേയും പൊലീസ് ഉന്നതരെയുമാണ് അന്വേഷണ സംഘം ആദ്യം അറിയിക്കുന്നത്. ഇന്ന് നടനെ വീണ്ടും കസ്റ്റഡിയിലെടുത്ത വിവരം ആദ്യം അറിഞ്ഞതും മുഖ്യമന്ത്രിയുടെ ഓഫീസാണ്.

ഇക്കാര്യം പുറത്തറിയാതിരിക്കാൻ അതീവ ജാഗ്രത പുലർത്തുകയും ചെയ്തു. വളരെ രഹസ്യമായി ആലുവ പൊലീസ് ക്‌ളബ്ബിൽ അല്ലാതെ മറ്റൊരു കേന്ദ്രത്തിൽ ദിലീപിനെ എത്തിക്കുകയും പഴുതുകൾ അടച്ച് ചോദ്യംചെയ്യുകയുമായിരുന്നു. ഉച്ചയോടെ തന്നെ നടനെ അറസ്റ്റുചെയ്യാനുള്ള വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ഇക്കാര്യത്തിൽ ഒരു മാധ്യമപ്രവർത്തകർക്കും വിവരം ചോർന്നുപോകാതിരിക്കാൻ പൊലീസ് അതീവ ജാഗ്രത പുലർത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം പുറത്തുവിടുന്നതുവരെ വിവരം ആരുമറിഞ്ഞില്ല. ഇത്തരത്തിലാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുടെ എല്ലാ രഹസ്യങ്ങളും പൊലീസ് ചികഞ്ഞെടുക്കുന്നതും അത് രഹസ്യസ്വഭാവത്തിൽ തന്നെ നിർത്തുന്നതും.

ഏറെക്കാലം മുമ്പുതന്നെ തന്റെ കുടുംബകാര്യങ്ങളിൽ ഇടപടുന്നതിൽ നടിയോട് ദിലീപിന് വലിയ എതിർപ്പുണ്ടായിരുന്നുവെന്നും ഇതാണ് നടിയെ ആക്രമിക്കാൻ ഇടയാക്കിയ സംഭവങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. നടിയുമായി ഉണ്ടായ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളിലെ സ്വരച്ചേർച്ച ഇല്ലായ്മയാണ് നടിയെ ആക്രമിക്കുന്ന സംഭവത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നായിരുന്നു നേരത്തെ ലഭിച്ച സൂചനകൾ. പക്ഷേ, അതിലപ്പുറം നടി തന്റെ ജീവിതത്തിൽ ഇടപെടുന്നതും മഞ്ജുവാര്യരുമായുള്ള ബന്ധങ്ങളുമെല്ലാമാണ് ദിലീപിന് വലിയ വൈരം ഉണ്ടാവാനും നടിക്കെതിരെ ശക്തമായി നീങ്ങാനും കാരണമായതെന്നാണ് സൂചന.