തിരുവനന്തപുരം: ഭർതൃമതിയായ യുവതിയുടെ ചിത്രം മൊബൈലിൽ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ വനിത ഉൾപ്പെടെ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. ബാലരാമപുരം സ്വദേശി കുമാർ എന്ന പെരുമാൾ ജവഹർ (28), വെമ്പായം സ്വദേശിനി അശ്വതി (35), പേരൂർക്കട സ്വദേശി ലൈജു (31) എന്നിവരാണ് പിടിയിലായത്. പെൺവാണിഭസംഘവുമായി ബന്ധമുള്ളവരാണ് പ്രതികൾ.

ഭർത്താവ് വിദേശത്തായ യുവതിയെ കുമാർ പ്രലോഭിപ്പിച്ച് വെമ്പായത്ത് അശ്വതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തി ലൈജുവിനെകൂടി ഉൾക്കൊള്ളിച്ചു. പീഡനദൃശ്യങ്ങൾ കാട്ടിയായിരുന്നു പിന്നീട് വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്നായിരുന്നു യുവതി ബാലരാമപുരം പൊലീസിൽ പരാതി നൽകിയത്. പൊലീസിന്റെ രഹസ്യമായ അന്വേഷണവും നിരീക്ഷണവുമാണ് പ്രതികളെ വലയിലാക്കിയത്. ബാലരാമപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

യുവതിയുടെ ചിത്രം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയാണ് കുമാർ ആദ്യം പീഡിപ്പിച്ചത്. പിന്നീട് യുവതിയുടെ നഗ്‌നചിത്രം പകർത്തി ആണ്ടൂർക്കോണത്തും പേരൂർക്കട ഏണിക്കരയിലും കൊണ്ടുപോയി പീഡിപ്പിച്ചു. പെൺവാണിഭ സംഘാംഗങ്ങളായ അശ്വതിയും ലൈജുവും കുമാറിനെ ഇക്കാര്യത്തിൽ സഹായിച്ചതായും പൊലീസ് പറയുന്നു. വാടകയ്ക്ക് വീടെടുത്താണ് അശ്വതി അനാശാസ്യകേന്ദ്രങ്ങൾ നടത്തിയിരുന്നത്.

ആണ്ടൂർക്കോണത്ത് നാട്ടുകാരുടെ എതിർപ്പിനെത്തുടർന്നാണ് ഏണിക്കരയിലെത്തിയത്. രാത്രിയിൽ സ്ഥിരമായി വാഹനങ്ങൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഏണിക്കരയിലും നാട്ടുകാർ പരാതിയുമായെത്തി. അപ്പോഴും പൊള്ളലേറ്റ് കഴിയുന്ന തന്നെ സന്ദർശിക്കുവാനാണ് പലരും വരുന്നതെന്ന ന്യായീകരണവുമായി അശ്വതി നാട്ടുകാരുടെ മുന്നിൽ പിടിച്ചുനിന്നു. ഇതിനിടയിലാണ് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ കുമാറിനെതിരെ അയൽവാസി പരാതി നൽകിയത്.

തുടർന്ന് തിരുവനന്തപുരം എസ്‌പിയുടെ നിർദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈഎസ്‌പി യുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പെൺവാണിഭ സംഘത്തിലെ അംഗങ്ങൾ കൂടിയായ അശ്വതിയെയും സഹായി ലൈജുവിനെയും കുമാറിനെയും പിടികൂടിയത്. പെൺവാണി ഭവുമായി ബന്ധപ്പെട്ട് അശ്വതിക്കെതിരെ മംഗലപുരം പൊലീസ് സ്റ്റേഷനിലും കേസുള്ളതായി പൊലീസ് അറിയിച്ചു.